ഹജ് ക്യാംപുകൾ നാളെക്കൂടി: ഇനി പുറപ്പെടാനുള്ളത് 10 വിമാന സർവീസുകൾ; കേരളത്തിൽനിന്നുള്ള അവസാന വിമാനം 10ന്
Mail This Article
കരിപ്പൂർ ∙ സംസ്ഥാന ഹജ് കമ്മിറ്റിക്കു കീഴിൽ കേരളത്തിലെ 3 ഹജ് പുറപ്പെടൽ കേന്ദ്രങ്ങളായ കോഴിക്കോട്, കണ്ണൂർ, കൊച്ചി വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്ന ഹജ് ക്യാംപുകൾക്കു നാളെ സമാപനമാകും.കേരളത്തിൽനിന്നുള്ള അവസാന ഹജ് വിമാനം കണ്ണൂരിൽ നിന്നാണ്. 10നു പുലർച്ചെ 1.55ന്. ഈ വിമാനത്തിലേക്കുള്ള തീർഥാടകർ നാളെ രാത്രി 11 മണിയോടെ ഹജ് ക്യാംപിൽനിന്നു പുറപ്പെടും. ഇതോടെ സംസ്ഥാനത്തെ ഹജ് ക്യാംപ് പ്രവർത്തനങ്ങൾക്കു സമാപനമാകും
കോഴിക്കോട് വിമാനത്താവളത്തിൽനിന്നു നാളെ രാവിലെ 8.05നും കൊച്ചി വിമാനത്താവളത്തിൽനിന്നു നാളെ ഉച്ചയ്ക്ക് 12.10നുമാണ് ഈ വർഷത്തെ അവസാന ഹജ് വിമാനങ്ങൾ. വിമാനം പുറപ്പെടുന്നതിനു 4 മണിക്കൂർ മുൻപേ തീർഥാടകർ ഹജ് ക്യാംപിൽനിന്നു വിമാനത്താവളത്തിലേക്കു തിരിക്കുന്നതോടെ കരിപ്പൂരിലും കൊച്ചിയിലും ഹജ് ക്യാംപിനു സമാപനമാകും. ഹജ് ക്യാംപിലെ ദൈനംദിന പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന സമിതിയുടെ അവസാന അവലോകന യോഗം ഇന്നു നടക്കും.
മൂന്നിടത്തു നിന്നുമായി ഇനി പുറപ്പെടാനുള്ളത് 10 വിമാന സർവീസുകൾ. കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഇന്നു നാലും നാളെ ഒന്നും വിമാന സർവീസുകളാണു ശേഷിക്കുന്നത്. കണ്ണൂരിൽനിന്ന് ഇന്നും നാളെയും മറ്റന്നാളും ഓരോ വിമാനവും കൊച്ചിയിൽനിന്ന് ഇന്നും നാളെയും ഓരോ വിമാനവും സർവീസ് നടത്തും.