ട്രാഫിക് പിഴ ഡ്രൈവർമാരുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് നേരിട്ട് ഈടാക്കും, മറ്റു ഇടപാടുകളെ ബാധിക്കില്ലെന്ന് സൗദി നിയമവിദഗ്ധൻ
Mail This Article
ജിദ്ദ ∙ സൗദിയിൽ ട്രാഫിക് പിഴ അതാത് ഡ്രൈവർമാരുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് ഈടാക്കാനുള്ള നീക്കം. പ്രസ്തുത അക്കൗണ്ടിന്റെ മറ്റു ഇടപാടുകളെ ബാധിക്കില്ലെന്ന് നിയമോപദേഷ്ടാവും അഭിഭാഷകനുമായ ഖാലിദ് ബഖീത്ത് പറഞ്ഞു. നിയമലംഘനങ്ങൾക്ക് ഈടാക്കുന്ന പിഴ നൽകാനുള്ള സമയ പരിധി അവസാനിച്ചിട്ടും അടച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് നേരിട്ട് ഈടാക്കുമെന്ന് ചൂണ്ടിക്കാട്ടി ട്രാഫിക് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം ഡ്രൈവര്‍മാര്‍ക്ക് എസ്എംഎസ് അയച്ചിരുന്നു. ഇത് ബാങ്ക് അക്കൗണ്ടുകളെയും ഇതര ബാലന്‍സ് തുകയെയും ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമ ലംഘനത്തിന് ചുമത്തിയ പിഴ തുക മാത്രമാണ് അക്കൗണ്ടില്‍ നിന്ന് നേരിട്ട് പിടിക്കുക. ശേഷിക്കുന്ന തുക പിന്‍വലിക്കാനും മറ്റു സേവനങ്ങള്‍ പ്രയോജനപ്പെടുത്താനും വിലക്കില്ലെന്ന് ഖാലിദ് ബഖീത്ത് പറഞ്ഞു.
ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴ അടക്കാനുള്ള അവസാന തിയതിയും അപ്പീൽ നൽകാനുള്ള സമയപരിധിയും അവസാനിച്ച ശേഷമാണ് ബാങ്ക് അക്കൗണ്ടിൽനിന്ന് തുക നേരിട്ട് പിടിക്കുക. പതിനഞ്ച് ദിവസത്തിനകം പിഴ അടച്ചാൽ 25 ശതമാനം ഇളവ് നേടാനാകും. സാധാരണ ഗതിയിൽ 90 ദിവസത്തിനകം പിഴ അടക്കണം. ഇതിന് ശേഷമായിരിക്കും ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നേരിട്ട് ഈടാക്കുക. ഇക്കഴിഞ്ഞ ഏപ്രില്‍ 18നു മുമ്പ് ചുമത്തിയ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് നല്‍കുന്ന പദ്ധതി ട്രാഫിക് ഡയറക്ടറേറ്റ് നടപ്പാക്കി തുടങ്ങി.