ബലിപെരുന്നാൾ: ദുബായിലെ 8 പൊതു ബീച്ചുകളിൽ പ്രവേശനം കുടുംബങ്ങൾക്ക് മാത്രം
Mail This Article
ദുബായ് ∙ ബലിപെരുന്നാളാഘോഷത്തിന് ദുബായിലെ എട്ട് പൊതു ബീച്ചുകളിൽ പ്രവേശനം കുടുംബങ്ങൾക്ക് മാത്രം. സന്ദർശകരുടെ എണ്ണം നിയന്ത്രിക്കുന്നതിനും അവധി ദിവസങ്ങളിൽ എല്ലാവർക്കും എമിറേറ്റിലെ ബീച്ചുകൾ ആസ്വദിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുന്നതിനുമായാണ് ഇത്.
∙ ആ ബീച്ചുകൾ ഏതൊക്കെ?
ഖോർ അൽ മംസാർ ബീച്ച്, കോർണിഷ് അൽ മംസാർ, ജുമൈറ 1, ജുമൈറ 2, ജുമൈറ 3, ഉമ്മു സുഖീം 1, ഉമ്മു സുഖീം 2, ജബൽ അലി എന്നിവിടങ്ങളിലെ ബീച്ചുകൾ കുടുംബങ്ങൾക്ക് മാത്രമായിരിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
∙ സന്ദർശകർക്ക് സുരക്ഷ വർധിപ്പിക്കും
ഈ കാലയളവിൽ ബീച്ച് സുരക്ഷ വർധിപ്പിക്കുന്നതിന് മുനിസിപ്പാലിറ്റി 140 അംഗ സുരക്ഷാ ആൻഡ് റെസ്ക്യൂ ടീമിനെ ഏർപ്പെടുത്തും. 65 അംഗ ഫീൽഡ് കൺട്രോൾ ടീം ബീച്ച് പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നതാണ്. തന്ത്രപ്രധാന പങ്കാളികളുമായി സഹകരിച്ച് പെരുന്നാൾ അവധിക്കാലത്ത് ബീച്ചുകളിലെ എല്ലാ പ്രവർത്തനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് ദുബായ് മുനിസിപാലിറ്റി പബ്ലിക് ബീച്ച് ആൻഡ് വാട്ടർ കനാൽസ് വകുപ്പ് ഡയറക്ടർ ഇബ്രാഹിം മുഹമ്മദ് ജുമാ പറഞ്ഞു. കുടുംബങ്ങൾക്ക് സന്തോഷവും ക്ഷേമവും ഉറപ്പാക്കുകയും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്നും വ്യക്തമാക്കി.
∙ നീന്തൽ ആസ്വദിക്കാൻ മൂന്ന് രാത്രി ബീച്ചുകൾ
നൂതനമായ ലൈറ്റിങ് സംവിധാനങ്ങൾ, ഇലക്ട്രോണിക് സ്‌ക്രീനുകൾ, പ്രീമിയം സൗകര്യങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന മൂന്ന് രാത്രി ബീച്ചുകൾ കഴിഞ്ഞ വർഷം എമിറേറ്റിൽ ആരംഭിച്ചിരുന്നു. ദുബായിയെ ലോകത്തിലെ ഏറ്റവും ജീവിക്കാൻ യോഗ്യമായ നഗരമാക്കാനുള്ള ലക്ഷ്യത്തിൻ്റെ ഭാഗമാണിത്. നൂറുകണക്കിന് ആളുകൾ രാത്രി നീന്തൽ ആസ്വദിക്കാൻ പ്രദേശത്തേയ്ക്ക് ഒഴുകിയെത്തിയതോടെ ഈ സംരംഭത്തിന് മികച്ച സ്വീകാര്യത ലഭിച്ചു.
നിശ്ചയദാർഢ്യമുള്ള ആളുകൾക്കും മുതിർന്ന പൗരന്മാർക്കും കടൽത്തീരത്ത് കൂടുതൽ എളുപ്പത്തിൽ എത്തിപ്പെടാൻ കഴിയുന്ന തരത്തിൽ പ്രത്യേക ജീവനക്കാരും സേവനങ്ങളും ഉണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും നൂതന സേവനങ്ങളും സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നു. 2040-ൽ ദുബായുടെ തീരപ്രദേശം 400 ശതമാനം വികസിപ്പിക്കാനുള്ള ഒരു മാസ്റ്റർ പ്ലാൻ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. അതനുസരിച്ച്, താമസക്കാർക്കും വിനോദസഞ്ചാരികൾക്കും നിലവിലെ 21 കിലോ മീറ്ററിൽ നിന്ന് 105 കിലോമീറ്റര്‍ പൊതു ബീച്ചുകൾ ആസ്വദിക്കാൻ കഴിയും. കൂടാതെ, കടകൾ, റസ്റ്ററൻ്റുകൾ, വാട്ടർ സ്‌പോർട്‌സ്, കുടുംബസംഗമ സ്ഥലങ്ങൾ, മറൈൻ സാങ്ച്വറി എന്നിവ ഉൾപ്പെടുന്ന സേവനങ്ങൾ 300 ശതമാനം വർധിപ്പിക്കും.