അവഗണനകൾക്കെതിരെ പ്രവാസികൾ ഒന്നിക്കണം: ഐസിഎഫ് സലാല ജനകീയ സദസ്
Mail This Article
സലാല ∙ ചില വിമാന കമ്പനികൾ കാലങ്ങളായി വിവിധ തരത്തിൽ തങ്ങളോട് നടത്തിക്കൊണ്ടിരിക്കുന്ന അവഗണനകൾക്കെതിരെ പ്രവാസികൾ ഒന്നിച്ചു നിന്ന് പോരാടണമെന്ന് ഐ സി എഫ് സലാല സംഘടിപ്പിച്ച ജനകീയ സദസ്സ് അഭിപ്രായപ്പെട്ടു. "അവസാനിക്കാത്ത ആകാശച്ചതികൾ' എന്ന പ്രമേയത്തിൽ സലാല സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി വിമാന കമ്പനികളുടെ ക്രൂരതകൾക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
മുഖ്യമന്ത്രിക്കുള്ള നിവേദനം ഐ സി എഫ് സെൻട്രൽ കമ്മിറ്റി കൈമാറി. ലോക കേരള സഭാംഗം പവിത്രൻ കാരായി ഏറ്റുവാങ്ങി. സെൻട്രൽ പ്രസിഡന്റ് സുലൈമാൻ സഅദിയുടെ അധ്യക്ഷതയിൽ ഇന്ത്യൻ എംബസി കൗൺസിലർ ഡോ. സനാതനൻ ഉദ്ഘാടനം ചെയ്തു. നാസിറുദ്ദീൻ സഖാഫി കോട്ടയം വിഷയാവതരണം നടത്തി. ഷബീർ കാലടി (കെ എം സി സി), ലിജോ ലാസർ (കൈരളി), ബാബു കുറ്റിയാടി (ഒ ഐ സി സി), ശ്യാം മോഹനൻ (ഐ ഒ സി), അബ്ദുൽ ഗഫൂർ ഹാജി (അബൂ തഹ്‌നൂൻ), പവിത്രൻ കാരായി (ലോക കേരളസഭ അംഗം), ഡോ. ഷാജി (ഇന്ത്യൻ സോഷ്യൽ ക്ലബ്), അൻസാർ അഹ്‌സനി (ആർ എസ് സി) പ്രസംഗിച്ചു. നാസർ ലത്തീഫി സ്വാഗതവും മുസ്തഫ കൈപമംഗലം നന്ദിയും പറഞ്ഞു.