പുതിയ നോൽ കാർഡ് പുറത്തിറക്കി ദുബായ്; വിവിധ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും 17,000 ദിർഹം വരെ കിഴിവ്
Mail This Article
ദുബായ് ∙ വിനോദസഞ്ചാരികൾ, സ്വദേശികൾ, പ്രവാസികൾ എന്നിവർക്കായി വിവിധ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും 17,000 ദിർഹം വരെ കിഴിവുള്ള പുതിയ നോൽ കാർഡ് പുറത്തിറക്കി ദുബായ്. യാത്രയ്ക്കും ഷോപ്പിങ്ങിനും ഒരുപോലെ ഉപയോഗിക്കാവുന്ന നോൽ കാർഡിന്റെ പുതിയ പതിപ്പാണിത്.
ദുബായിൽ ബസും മെട്രോയും ഉൾപ്പെടെ പൊതുഗതാഗത സംവിധാനങ്ങളിലെ യാത്ര സുഗമാക്കാൻ പുറത്തിറക്കിയ നോൽ കാർഡ് വഴി ഇനി ഉൽപന്നങ്ങളും വാങ്ങാം. നോൽ ട്രാവൽ കാർഡെന്ന പേരിൽ നോൽ കാർഡിന്റെ പുതിയ പതിപ്പ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് വകുപ്പ് പുറത്തിറക്കി. എടിഎം കാർഡുപോലെ മോളുകളിലും പെട്രോൾ പമ്പുകളിലുമെല്ലാം ഇത് ഉപയോഗിക്കാം. സൂം സ്റ്റോറുകൾ, റസ്റ്ററന്റുകൾ, ഹോട്ടലുകൾ, തുടങ്ങി 65 ഔട് ലറ്റുകളിൽ 50 ബ്രാൻഡുകൾക്കാണ് കിഴിവ് ലഭിക്കുക. അഞ്ചു വർഷം വരെ കാലാവധിയുള്ള ട്രാവൽ കാർഡിന്റെ വില 200 ദിർഹം. കാർഡ് ഉപയോഗിച്ചുള്ള ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും 10 മുതൽ 50% വരെ കിഴിവ് ലഭിക്കും. ഇങ്ങനെ പരമാവധി 70,000 ദിർഹം വരെ അഞ്ചു വർഷത്തിനുള്ളിൽ ഡിസ്കൗണ്ട് ലഭിക്കും. വർഷാവസാനം കാർഡ് പുതുക്കാൻ 150 ദിർഹം നൽകണം.
∙ വിമാനത്താവളത്തിലും നോൽ
വിമാനത്താവളത്തിൽ നിന്നുൾപ്പെടെ നോൾ കാർഡ് ലഭിക്കുമെന്ന് ആർടിഎ നോൽകാർഡ് ഡയറക്ടർ സലാഹുദ്ദീൻ അൽ മർസൂഖി പറഞ്ഞു. യുഎഇയിലെ താമസകാർക്ക് മാത്രമല്ല സന്ദർശക വീസയിൽ എത്തുന്നവർക്കും ഈ കാർഡുകൾ വാങ്ങി ഉപയോഗിക്കാം. എംഡിഎക്സ് മിഡിൽ ഈസ്റ്റുമായി ചേർന്നാണ് ദുബായ് ആർടിഎ പദ്ധതി നടപ്പാക്കുന്നത്.
∙ 5 ദശലക്ഷം ഉപയോക്താക്കൾ
ഉപഭോക്തൃ ആവശ്യങ്ങൾക്കനുസരിച്ച് കസ്റ്റമൈസ് ചെയ്ത ഉൽപന്നങ്ങൾ നൽകാനാണ് ആർടിഎ ലക്ഷ്യമിടുന്നത്. നോൾ ട്രാവൽ കാർഡ് ഉപയോക്താക്കൾക്ക് സംയോജിത പൊതുഗതാഗത സേവനങ്ങളും ഒരൊറ്റ കാർഡ് വഴി ടൂറിസ്റ്റ് കേന്ദ്രങ്ങളിലേയ്ക്കുള്ള പ്രവേശനവും വാഗ്ദാനം ചെയ്യുന്നു. 5 ദശലക്ഷത്തിലേറെ ഉപയോക്താക്കളും 3 ദശലക്ഷത്തിലധികം പ്രതിദിന ഇടപാടുകളുമുള്ള നോൽ ബ്രാൻഡ് ദുബായിലെ ശക്തമായ പേയ്‌മെൻ്റ് രീതിയാണ്.
പുതിയ നോൽ ട്രാവൽ കാർഡ് നിലവിലുള്ള നോൽ കാർഡിന്റെ ആനുകൂല്യങ്ങൾ പൂർത്തീകരിക്കുന്നുവെന്ന് അൽ മുദർറെബ് പറഞ്ഞു. പൊതുഗതാഗത, ടാക്സി നിരക്കുകൾ, പാർക്കിങ് ഫീസ്, റീട്ടെയിൽ ഔട്ട്ലെറ്റുകളിലെ വാങ്ങലുകൾ എന്നിവയ്ക്കുള്ള പേയ്മെന്റ് ഈ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. നോല്‍ ട്രാവൽ കാർഡ് വാങ്ങുന്നവർക്ക് ഒരു സാധാരണ നോൽ കാർഡ് ലഭിക്കും. ദുബായ് മെട്രോ, ട്രാം, പൊതു ബസുകൾ, മറൈൻ ഗതാഗതം എന്നിവയിൽ യാത്ര ചെയ്യാൻ ഈ കാർഡ് ഉപയോഗിക്കാം. റെയ്‌ന ടൂർസ്, എമാർ അറ്റ് ദ് ടോപ്, നഖീൽ ദ് വ്യൂ അറ്റ് പാം ജുമൈറ, ബാബ് അൽ ഖസർ ഹോട്ടൽ റസ്റ്ററന്റുകൾ, സ്വിസ് ഹോട്ടൽ റസ്റ്ററന്റുകൾ, ദുബായ് ലേഡീസ് ക്ലബ്, ഹെൽത്ത് ഫസ്റ്റ് ഫാർമസികൾ, ജി-ഷോക്ക് വാച്ചുകൾ, ഷറഫ് റീട്ടെയിൽ തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്ന് ഡിസ്കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്നു. 200 ദിർഹത്തിന് 10 ശതമാനം മുതൽ 50 ശതമാനം വരെയാണ് ഈ കിഴിവുകൾ.