ഹജ് തീർഥാടനത്തിന് സൗദി അറേബ്യ സജ്ജമായി
Mail This Article
മക്ക ∙ ഹജ് തീർഥാടനത്തിന് സൗദി അറേബ്യ സജ്ജമായി. ജന്മാഭിലാഷ സാക്ഷാത്കാരത്തിനായി പ്രാർഥനകളോടെ തീർഥാടകരും. വിവിധ മേഖലകളിൽ സ്വീകരിച്ച അന്തിമ ഒരുക്കങ്ങൾ മക്ക ഡപ്യൂട്ടി ഗവർണറും സെൻട്രൽ ഹജ് കമ്മിറ്റി ചെയർമാനുമായ സൗദ് ബിൻ മിശ്അൽ നേരിട്ടെത്തി വിലയിരുത്തി. ഹജ് അനുഷ്ഠാന കേന്ദ്രങ്ങളിലേക്ക് തീർഥാടകരെ എത്തിക്കുന്ന മശാഇർ മെട്രോയിൽ സഞ്ചരിച്ച് സുരക്ഷ ഉറപ്പാക്കി.
13 മുതൽ 19 വരെ 7 ദിവസങ്ങളിൽ ദിവസേന 2000ലേറെ സർവീസുകളിലായി മൊത്തം 20 ലക്ഷത്തിലേറെ പേർക്ക് മശാഇർ ട്രെയിനിൽ യാത്രാ സൗകര്യം ഒരുക്കുമെന്ന് ഡപ്യൂട്ടി ഗവർണർ പറഞ്ഞു. മിന, അറഫ, മുസ്ദലിഫ എന്നീ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന മശാഇർ മെട്രൊ 2010ലാണ് ആരംഭിച്ചത്. 18 കിലോമീറ്റർ ദൈർഘ്യമുള്ള ട്രാക്കിൽ മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിലാണ് യാത്ര. ഒരേസമയം 3000 പേർക്ക് യാത്ര ചെയ്യാവുന്ന 17 ഇലക്ട്രിക് ട്രെയിനുകളാണ് സർവീസിന് ഉപയോഗിക്കുന്നത്. മണിക്കൂറിൽ 72,000 പേർക്ക് യാത്ര ചെയ്യാം.
405 കിടക്കകളുള്ള ഈസ്റ്റ് അറഫ ആശുപത്രി ഉൾപ്പെടെ പുണ്യസ്ഥലങ്ങളിലെ വിവിധ ആരോഗ്യകേന്ദ്രങ്ങൾ സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി. ഇതിനു പുറമേ ഫീൽഡ് ആശുപത്രി, അത്യാഹിത വിഭാഗം, സൂര്യാഘാതം ഏൽക്കുന്നവരെ ചികിത്സിക്കുന്ന പ്രത്യേക കേന്ദ്രങ്ങൾ എന്നിവയും സജ്ജമാണ്.
അറഫയിൽ ഇത്തവണ പുതുതായി സജ്ജമാക്കിയ ഇരുനില കൂടാരങ്ങളുടെ സുരക്ഷയും പരിശോധിച്ചു. 700 പേരെ ഉൾക്കൊള്ളാവുന്ന തീപിടിക്കാത്ത കൂടാരങ്ങളാണ് ഇവ. ചൂട് കുറയ്ക്കുന്നതിനായി അറഫ, മുസ്ദലിഫ, മിനാ എന്നിവിടങ്ങളിലെ നടപ്പാതകളിലും മറ്റും ഏർപ്പെടുത്തിയ സൗകര്യങ്ങളും പരിശോധിച്ചു. വയോധികരെയും ഭിന്നശേഷിക്കാരെയും കൊണ്ടുപോകാനായി 251 ഗോൾഫ് കാർട്ടുകളും ഒരുക്കിയിട്ടുണ്ട്. വിവിധ വകുപ്പ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഡപ്യൂട്ടി ഗവർണറെ അനുഗമിച്ചു.