ഹജ് അനുഷ്ഠാന ദിവസങ്ങളിൽ താപനില 48 ഡിഗ്രിയാകും; പ്രതിരോധിക്കാൻ നൂതന സംവിധാനങ്ങൾ
Mail This Article
മക്ക/മദീന ∙ ഈ വർഷം ഹജ്ജിന് പ്രധാന വെല്ലുവിളിയായി കടുത്ത ചൂട്. ഹജ് അനുഷ്ഠാന ദിവസങ്ങളിൽ 48 ഡിഗ്രിയാകും താപനില. ചൂട് കുറയ്ക്കാൻ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചുവരികയാണ്. വെള്ളം സ്പ്രേ ചെയ്യുന്ന ഫാനുകൾ വ്യാപകമാക്കിയും തീർഥാടകർ സഞ്ചരിക്കുന്ന നടപ്പാതകളിൽ നൂതന സംവിധാനങ്ങൾ സജ്ജമാക്കിയുമാണ് ചൂട് കുറയ്ക്കാൻ ശ്രമിക്കുന്നത്. കൃത്രിമ മഴ (ക്ലൗഡ് സീഡിങ്) നടത്തി താപനില കുറയ്ക്കാനാകുമോ എന്നും പരിശോധിക്കുന്നുണ്ട്. തീർഥാടകരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ വിപുലമായ സംവിധാനങ്ങളും ഒരുക്കി.
പുറത്തുപോകുമ്പോൾ കുട ചൂടുക, ധാരാളം വെള്ളം കുടിക്കുക തുടങ്ങി ചൂടിൽനിന്ന് രക്ഷ നേടാൻ തീർഥാടകർ മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും നിർദേശിച്ചു. ഇതിന്റെ ഭാഗമായി സൗജന്യ കുടകൾ വിതരണം ചെയ്തുവരുന്നു. മദീനയിൽ ഹറം പള്ളിക്കു ചുറ്റും നിവർത്തിയ വലിയ കുടകളാണ് വിശ്വാസികൾക്ക് തണലേകുന്നത്. ചൂടുള്ള സമയങ്ങളിൽ സ്വമേധയാ നിവരുന്ന ഈ തണൽ കുടകൾ ചൂട് കുറഞ്ഞാൽ ചുരുങ്ങും. തണൽ കുടകൾ പു പോലെ വിടരുന്നത് കാണാൻ രസമാണ്. ആദ്യമായി മദീനയിൽ എത്തുന്നവർ കൗതുകത്തോടെയാണ് ഈ കാഴ്ച കാണുന്നത്.