കുവൈത്ത് അഗ്നിബാധ: മരണം 49; മരിച്ചവരിൽ മലയാളികളും; മരണസംഖ്യ ഉയർന്നേക്കും
Mail This Article
കുവൈത്ത് സിറ്റി ∙ കുവൈത്ത് മംഗഫിലെ കമ്പനി ജീവനക്കാരുടെ താമസ കേന്ദ്രത്തിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികളിൽ ഒരാൾ കൊല്ലം ഓയൂർ സ്വദേശി ഉമറുദ്ദീൻ ഷമീർ (33) ആണെന്ന് വിവരം. അപകടത്തെ തുടർന്ന് ഫർവാനിയ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ഇദ്ദേഹം ഒരു സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
അപകടത്തിൽ ഇത് വരെയായി 49 പേർ മരിച്ചതായാണ് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ 40 പേർ മരണമടഞ്ഞതായാണ് കുവൈത്ത് ഔദ്യോഗിക ടെലവിഷൻ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്ന വിവരം. മരിച്ചവരിൽ നിരവധി മലയാളികളും ഉണ്ടെന്നാണ് വിവരം. എന്നാൽ ഇവരുടെ പേര് വിവരങ്ങൾ വരും മണിക്കൂറുകളിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. തീപിടിത്തത്തെ തുടർന്നുണ്ടായ കനത്ത പുകയിൽ ശ്വാസതടസ്സമുണ്ടായാണ് ഭൂരിഭാഗം പേരും മരിച്ചത്. അടിയന്തര ഘട്ടങ്ങളിൽ പുറത്തേയ്ക്ക് കടക്കുന്നതിനുള്ള കെട്ടിടത്തിലെ വഴികൾ അടഞ്ഞു കിടന്നതും ദുരന്തത്തിന്റെ വ്യാപ്തി വർധിക്കാൻ കാരണമായതായി അഗ്നി ശമന വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തയിട്ടുണ്ട്.
മംഗെഫ് ബ്ലോക്ക് നാലിൽ തൊഴിലാളികൾ താമസിക്കുന്ന എൻബിടിസി ക്യാംപിൽ ഇന്നു പുലർച്ചെ നാലരയോടെയായിരുന്നു തീപിടിത്തമുണ്ടായത്. കെട്ടിടത്തിലെ താമസക്കാരിൽ ഭൂരിഭാഗവും മലയാളികളാണെന്നാണു സൂചന. എൻബിടിസി കമ്പനിയിലെ തൊഴിലാളികളായ 195 പേർ ഇവിടെ താമസിച്ചിരുന്നു. താഴത്തെ നിലയിൽ സുരക്ഷാജീവനക്കാരന്റെ മുറിയിൽനിന്നാണ് തീ പടർന്നതെന്നാണു പ്രാഥമിക നിഗമനം. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് സൂചന. ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ച മുറിയിലേക്കു തീ പടർന്നതാണ് അപകടത്തിന്റെ ആക്കം കൂട്ടിയതെന്ന് അഗ്നിരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
താഴത്തെ നിലയിൽ തീ പടർന്നതോടെ മുകളിലുള്ള ഫ്ലാറ്റുകളിൽനിന്നു ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണു മിക്കവര്‍ക്കും പരുക്കേറ്റത്. കെട്ടിടത്തിൽനിന്നു ചാടിയവരിൽ ചിലരുടെ പരുക്ക് ഗുരുതരമാണ്. പരുക്കേറ്റ 21 പേരെ അദാൻ ആശുപത്രിയിലും 11 പേരെ മുബാറക് അൽ കബീർ ആശുപത്രിയിലും 4 പേരെ ജാബിർ ആശുപത്രിയിലും 6 പേരെ ഫർവാനിയ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കെട്ടിടത്തിൽ ലിഫ്റ്റുണ്ടായിരുന്നില്ലെന്നും പടികൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഫ്ലാറ്റിലെ മറ്റു താമസക്കാർ പറഞ്ഞു.