ഒമാനില്‍ പുതിയ ഇന്ത്യന്‍ സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു
Mail This Article
മസ്‌കത്ത് ∙ ഒമാനിലെ അല്‍ വുസ്ത ഗവര്‍ണറേറ്റിലെ ദുകം വിലായത്തില്‍ പുതിയ ഇന്ത്യന്‍ സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗ് ഉദ്ഘാടനം നിര്‍വഹിച്ചു. ദുകം വാലി ഷെയ്ഖ് ബദര്‍ ബിന്‍ നാസര്‍ അല്‍ ഫര്‍സി, വിദ്യാഭ്യാസ മന്ത്രാലയം പ്രൈവറ്റ് സ്‌കൂള്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ഖദീജ അലി മുഹമ്മദ് അല്‍ സലാമി, അല്‍ വുസ്ത ഗവര്‍ണറേറ്റ് വിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ ജനറല്‍ മാജിദ് ബിന്‍ നാസര്‍ അല്‍ സിനാവി, ഇന്ത്യന്‍ സ്‌കൂള്‍സ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ശിവകുമാര്‍ മാണിക്കം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ഇന്ത്യന്‍ സ്‌കുള്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിന് കീഴിലെ ഒമാനിലെ 22ാമത് സ്‌കൂളാണ് ദുകമിലേത്. ദുകമിലെയും സമീപ പ്രദേശങ്ങളിലെയും പ്രവാസി ഇന്ത്യക്കാരുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ് ഇതോടെ പൂര്‍ത്തിയാകുന്നത്. നൂറ് കണക്കിന് വിദ്യാര്‍ഥികള്‍ ഇതിനോടകം പ്രവേശനം നേടിയിട്ടുണ്ട്. കെ ജി മുതല്‍ നാല് വരെ ക്ലാസുകളിലേക്കാണ് ആദ്യഘട്ടത്തില്‍ പ്രവേശനം നല്‍കുന്നത്.