അവധിക്കാല യാത്ര സുരക്ഷിതമാക്കാം
Mail This Article
ദോഹ ∙ ഈദ്, മധ്യവേനല്‍ അവധിക്കാല യാത്രയ്ക്കുള്ള അവസാന വട്ട ഒരുക്കത്തിലാണ് ഖത്തറിലെ പ്രവാസി മലയാളികള്‍. യാത്രയ്ക്ക് മുന്‍പും യാത്രക്കിടയിലും അല്‍പം ശ്രദ്ധ ചെലുത്തിയാല്‍ യാത്ര സുരക്ഷിതവും ആസ്വാദ്യകരവുമാക്കാം.
ജൂണ്‍ 16 മുതല്‍ ബലിപെരുന്നാള്‍ അവധി തുടങ്ങും. വാരാന്ത്യം ഉള്‍പ്പെടെ 22 വരെ സര്‍ക്കാര്‍ മേഖലയ്ക്ക് അവധിയാണ്. ഇന്ത്യന്‍ സ്‌കൂളുകളില്‍ ചിലത് ഈ ആഴ്ചയിലും മറ്റുള്ളവയ്ക്ക് ജൂണ്‍ 27 മുതല്‍ക്കുമാണ് മധ്യവേനല്‍ അവധി തുടങ്ങുകയെന്നാണ് വിവരം. സെപ്റ്റംബറിലാണ് സ്‌കൂളുകള്‍ പുനരാരംഭിക്കുക. ഈദ് അവധിയും മധ്യവേനല്‍ അവധിയും ഒരുമിച്ചെടുത്ത് നീണ്ട അവധിക്കാലത്തിനുള്ള തയാറെടുപ്പിലാണ് പ്രവാസി കൂടുംബങ്ങള്‍. പ്രവാസികളില്‍ പലരും പ്രത്യേകിച്ചും ഒട്ടുമിക്ക കുടുംബങ്ങളും മധ്യവേനല്‍ അവധിക്കാലം യൂറോപ്യന്‍ രാജ്യങ്ങളിലും നാട്ടിലുമായാണ് ചെലവിടുന്നത്. ഏത് രാജ്യത്തേക്കായാലും യാത്രക്ക് മുന്‍പ് ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാന്‍ മറക്കേണ്ട. പാസ്‌പോര്‍ട്, വീസ, വീടിന്റെ സുരക്ഷ, ബാഗേജ് പാക്കിങ് തുടങ്ങിയ കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ വേണം.
∙ വീടിന്റെ സുരക്ഷ ഉറപ്പാക്കണം
അവധിക്കാല യാത്രക്ക് പുറപ്പെടുന്നവര്‍ വീടിന്റെ സുരക്ഷയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. പ്രത്യേകിച്ചും വീട്ടിനുള്ളില്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ ഉണ്ടെങ്കില്‍ നീണ്ട അവധിക്ക് പോകുന്ന വിവരം സമീപത്തെ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചിട്ടാണ് പോകുന്നതെങ്കില്‍ അധികൃതരുടെ ഒരു കണ്ണ് വീടിനു മേല്‍ ഉണ്ടാകുമെന്ന് ഉറപ്പിച്ച് ആശ്വാസത്തോടെ യാത്ര ചെയ്യാം. അതല്ലെങ്കില്‍ ഏറ്റവും വിശ്വാസമുള്ള സുഹൃത്തിനെയോ ബന്ധുവിനെയോ വീട് ശ്രദ്ധിക്കാന്‍ ചുമതലപ്പെടുത്തുകയും ചെയ്യാം. പണം, ആഭരണം തുടങ്ങി അമൂല്യമായ വസ്തുക്കള്‍ വീടിനുള്ളില്‍ സൂക്ഷിക്കാതെ ബാങ്ക് ലോക്കറുകളില്‍ സൂക്ഷിക്കാം. വീടിന്റെ എല്ലാ വാതിലുകളും ജനലുകളും കൃത്യമായി അടച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കുകയും വേണം. ഗുണമേന്മയുള്ള ഒന്നോ രണ്ടോ പൂട്ടുകള്‍ ഉപയോഗിച്ച് വേണം വീടിന്റെ വാതിലുകള്‍ പൂട്ടാന്‍. വീടു പൂട്ടി ഇറങ്ങുന്നതിന് മുന്‍പ് എയര്‍കണ്ടീഷണര്‍, ഫ്രിഡ്ജ് ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍, പാചക വാതക സിലിണ്ടര്‍, പ്രധാന വെള്ളത്തിന്റെ വാല്‍വ് എന്നിവയുടെ സ്വിച്ച് ഓഫാക്കിയെന്ന് ഉറപ്പാക്കണം.
∙ ഔദ്യോഗിക രേഖകളില്‍ ശ്രദ്ധ വേണം
യാത്രക്ക് മുന്‍പ് പാസ്‌പോര്‍ട്ട്, ഖത്തര്‍ ഐ.ഡി, ഡ്രൈവിങ് ലൈസന്‍സ്, കാര്‍ ഉടമസ്ഥാവകാശ കാര്‍ഡ്, ബാങ്ക് കാര്‍ഡ് തുടങ്ങിയ രേഖകളുടെ കാലാവധി പരിശോധിക്കണം. അറബ് രാജ്യങ്ങളിലേക്ക് പ്രവേശിക്കാന്‍ പാസ്‌പോര്‍ട്ടിന്റെ കാലാവധി 3 മാസവും യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ആണെങ്കില്‍ 6 മാസവും ആയിരിക്കണം. സന്ദര്‍ശിക്കാന്‍ പോകുന്ന രാജ്യത്തേക്കുള്ള വിസ നേരത്തെ തന്നെ വാങ്ങണം. അബു സമ്ര അതിര്‍ത്തി വഴി അയല്‍ രാജ്യങ്ങളിലേക്ക് കാറില്‍ യാത്ര പോകുന്നവര്‍ എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിക്കാനും ശ്രദ്ധിക്കണം.
വിദേശങ്ങളിലേക്ക് പോകുന്നവരുടെ കൈവശം രാജ്യാന്തര കസ്റ്റംസ് ട്രാന്‍സിറ്റ് ബുക്ക് (തൃപ്തിക്യു) ഉണ്ടാകണം. സഞ്ചരിക്കുന്ന രാജ്യങ്ങളിലെ കസ്റ്റംസ് അതോറിറ്റിക്ക് ആവശ്യം വന്നാല്‍ ഗാരണ്ടറായി ഉപയോഗിക്കാനാണ് ഈ ബുക്ക്. ചില അറബ് രാജ്യങ്ങളില്‍ പ്രവേശിക്കണമെങ്കില്‍ തൃപ്തിക്യൂ നിര്‍ബന്ധമാണ്. ഇന്റര്‍നാഷനല്‍ ഡ്രൈവിങ് ലൈസന്‍സ് കൈവശമുണ്ടെങ്കില്‍ മറ്റ് രാജ്യങ്ങളില്‍ ചെന്ന് വാഹനം ഓടിക്കുകയും ചെയ്യാം.
∙ രേഖകള്‍ സുരക്ഷിതമായി സൂക്ഷിക്കണം
യാത്ര പോയി തിരികെ എത്തുന്നതു വരെ പാസ്‌പോര്‍ട്, വീസ, ഖത്തര്‍ ഐഡി ഉള്‍പ്പെടെയുള്ള രേഖകള്‍ കൈവശം ഭദ്രമായി സൂക്ഷിക്കണം. വ്യക്തിഗത സാധനങ്ങളും യാത്രയില്‍ സുരക്ഷിതമായി സൂക്ഷിക്കണം. ഒരു കാരണവശാലും പാസ്‌പോര്‍ട്ടോ ഐഡിയോ ആര്‍ക്കും പണയമായി നല്‍കരുത്. സന്ദര്‍ശിക്കുന്ന രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നം ഉണ്ടായാല്‍ അവിടുത്തെ ഇന്ത്യന്‍ എംബസി അധികൃതരെ വിവരം അറിയിക്കണം. സന്ദര്‍ശിക്കുന്ന രാജ്യത്തെ ഇന്ത്യന്‍ എംബസി അധികൃതരുടെ വിലാസവും ഫോണ്‍ നമ്പറും കൈവശം വെയ്ക്കണം. അടിയന്തര ഘട്ടങ്ങളില്‍ എംബസികളുടെ സേവനം ഉപയോഗിക്കാം. യാത്ര ചെയ്യുന്ന രാജ്യത്തിന്റെ വീസ, പാസ്‌പോര്‍ട്ട് പകര്‍പ്പ് എന്നിവ കൈവശം വേണം. എല്ലാ ഔദ്യോഗിക രേഖകളുടെ കോപ്പികളും വ്യക്തിഗത ഇ-മെയിലിലും സൂക്ഷിക്കണം. ഏതെങ്കിലും കാരണവശാല്‍ പാസ്‌പോര്‍ട്ട് നഷ്ടമായാല്‍ ഇവ ഉപകരിക്കും.
∙ വിമാനത്താവളത്തില്‍ ശ്രദ്ധിക്കാന്‍
ഖത്തറിലേക്ക് വരുന്നവരും മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നവരും അതാത് രാജ്യങ്ങളിലെ നിരോധിത സാധനങ്ങള്‍ കൈവശമില്ലെന്ന് ഉറപ്പാക്കണം. ഇമിഗ്രേഷന്‍ എളുപ്പമാക്കാന്‍ വിമാനത്താവളത്തിലെ ഇ-ഗേറ്റുകള്‍ ഉപയോഗിക്കണം. യാത്രയില്‍ മൃഗങ്ങളേയും പക്ഷികളേയും ഉള്‍പ്പെടുത്തുന്നവര്‍ വിമാനകമ്പനികളുടെ വ്യവസ്ഥകളും നിര്‍ദേശങ്ങളും പാലിക്കണം. യാത്രക്കാര്‍ക്ക് അപകടം ഉണ്ടാക്കുന്ന മൃഗങ്ങളേയും സുരക്ഷാ നിബന്ധനകള്‍ പാലിക്കാതെ കൂട്ടിനുള്ളില്‍ സൂക്ഷിക്കുന്ന മൃഗങ്ങളേയും യാത്രയില്‍ അനുവദിക്കില്ലെന്നതും ഓര്‍മ്മ വേണം.
∙ യാത്രയില്‍ ജാഗ്രത വേണം
യാത്ര ചെയ്യുമ്പോഴും ജാഗ്രത പാലിക്കണം. പ്രത്യേകിച്ചും ഹോട്ടലുകള്‍, വിമാനത്താവളങ്ങള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍. അപരിചിതരായ വ്യക്തികളുമായി അടുത്തിടപെഴകരുത്. തിരക്കേറിയ ഇടങ്ങളില്‍ കുട്ടികളുടെ മേല്‍ കൂടുതല്‍ ശ്രദ്ധ വേണം. യാത്രക്കിടെ ആഭരണം തുടങ്ങിയ മൂല്യമുള്ള വസ്തുക്കള്‍ കൈവശം വെക്കുന്നതും ഒഴിവാക്കണം. പഴ്‌സില്‍ പണം സുരക്ഷിതമായി സൂക്ഷിക്കണം. കൈവശം പേഴ്‌സ് സുരക്ഷിതമായി ഉണ്ടെന്ന് എല്ലായ്‌പ്പോഴും ഉറപ്പാക്കണം. അനധികൃത ടാക്‌സികള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. സംശയാസ്പദമായ പ്രദേശങ്ങളിലേക്കുള്ള യാത്രകളും ഒഴിവാക്കണം. യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന രാജ്യങ്ങളിലെ നിയമങ്ങളും ചട്ടങ്ങളും വ്യോമ നിയമങ്ങളും കര്‍ശനമായി പാലിച്ചിരിക്കണം. ആതിഥേയ രാജ്യങ്ങളിലെ കറന്‍സി നിയമപ്രകാരമുള്ളതേ കൈവശം വെക്കാവൂ. കൂടുതല്‍ പണം കൈവശമുള്ളവര്‍ അക്കാര്യം കസ്റ്റംസ് ഓഫീസറെ അറിയിക്കുകയും വേണം.