യുഎഇയിൽ വർക്ക് പെർമിറ്റും റസിഡൻസി വീസയും ഇനി അഞ്ച് ദിവസത്തിനുള്ളിൽ ലഭിക്കും
Mail This Article
ദുബായ് ∙ യുഎഇയിൽ വർക്ക് പെർമിറ്റുകളും റസിഡൻസി വീസകളും ഇനി അഞ്ച് ദിവസത്തിനുള്ളിൽ ലഭിക്കും. 'വർക്ക് ബണ്ടിൽ പ്ലാറ്റ്‌ഫോമി'ന്റെ രണ്ടാം ഘട്ടം ഇന്നലെ ആരംഭിച്ചതിന് ശേഷമാണ് 30 ദിവസത്തിൽ നിന്ന് അഞ്ച് ദിവസമായികുറച്ചത്.
യുഎഇയിൽ ബിസിനസ് ഉടമകൾക്കും സ്വകാര്യ കമ്പനികൾക്കും പുതിയ ജീവനക്കാരെ നിയമിക്കുന്നതിനും നിലവിലുള്ള ജീവനക്കാരുടെ വർക്ക് പെർമിറ്റ് മുൻകൂട്ടി പുതുക്കുന്നതിനും സഹായിക്കുന്ന പ്ലാറ്റ്‌ഫോമിന്റെ ആദ്യ ഘട്ടം ഏപ്രിലിൽ ദുബായിൽ ആരംഭിച്ചിരുന്നു. ഇപ്പോൾ ഏഴ് എമിറേറ്റുകളിലും ഇത് നടപ്പിലാക്കുന്നു. വർക്ക് ബണ്ടിലിന്റെ രണ്ടാം ഘട്ടത്തിൽ ഏകദേശം ആറ് ലക്ഷം കമ്പനികളും 70 ലക്ഷത്തിലേറെ തൊഴിലാളികളും ഉൾപ്പെടുന്നു. മൂന്നാം ഘട്ടം ഗാർഹിക തൊഴിലാളികളെയും ഉൾപ്പെടുത്തുമെന്ന് അധികൃതർ പറഞ്ഞു. വർക്ക് ബണ്ടിൽ വെബ്‌സൈറ്റ്: workinuae.ae വൈകാതെ മൊബൈൽ ആപ്പും ലഭ്യമാകും.