ADVERTISEMENT

കുവൈത്ത് സിറ്റി∙ മംഗഫിലെ ലേബർ ക്യാംപിലുണ്ടായ തീപ്പിടിത്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ മലയാളികളടക്കമുള്ളവരുടെ  മൃതദേഹങ്ങൾ  നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് വിമാനം ക്രമീകരിക്കാൻ കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് നിർദ്ദേശം നൽകി. ഇതിനിടെ അഗ്നിബാധയിൽ മരിച്ച ഒരാളുടെ കൂടി മൃതദേഹം തിരിച്ചറിഞ്ഞതോടെ മരിച്ച മലയാളികളുടെ എണ്ണം 25 ആയി. നിതിൻ കുത്തൂർ ലക്ഷ്മണൻ എന്ന യുവാവിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. എന്നാൽ ഇദ്ദേഹത്തിന്‍റെ ബന്ധുക്കളെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ലെന്ന് കുവൈത്തിലെ മലയാളി സാമൂഹിക പ്രവർത്തകർ പറഞ്ഞു. ബന്ധുക്കൾ എത്രയും പെട്ടെന്ന് അധികൃതരുമായി ബന്ധപ്പെടുക.

മൃതദേഹങ്ങൾ അയയ്‌ക്കുന്നതിന് ഒന്നോ അതിലധികമോ വിമാനങ്ങൾ ക്രമീകരിക്കാൻ ഭരണാധികാരി നിർദ്ദേശിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് പറഞ്ഞു. മംഗഫ് തീപിടുത്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകാനും അമീർ ഉത്തരവിട്ടു. 

നിതിൻ കുത്തൂർ ലക്ഷ്മണൻ. നിതിന്‍റെ കമ്പനി തിരിച്ചറിയൽ കാർഡ്. ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്
നിതിൻ കുത്തൂർ ലക്ഷ്മണൻ. നിതിന്‍റെ കമ്പനി തിരിച്ചറിയൽ കാർഡ്. ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

അതേസമയം, മൃതദേഹങ്ങൾ ഇന്ത്യയിലെത്തിക്കാൻ വ്യോമസേനാ വിമാനം കുവൈത്തിലേക്ക് അയക്കാൻ തയ്യാറാണെന്ന് ഇന്ത്യൻ വ്യോമസേനയും അറിയിച്ചു. നാളെ(15) ബലി പെരുന്നാൾ അവധി ആരംഭിക്കുന്നതിനാൽ ഇന്ന് വൈകിട്ടോടെ ചാർട്ടേർഡ് വിമാനത്തിൽ മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുപോകാനാണ് ശ്രമം നടത്തുന്നതെന്ന് അധികൃതർ പറഞ്ഞു. ഇന്ത്യൻ സിവിൽ വ്യോമസേനയുടെയോ അല്ലെങ്കിൽ കുവൈത്ത് വിമാനത്തിലോ ആയിരിക്കും മൃതദേഹങ്ങൾ കൊണ്ടുപോവുക. ഇതിനായി ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ തമ്പടിച്ച് നടപടികൾ പൂർത്തിയാക്കുന്നതിന് നേതൃത്വം നൽകുന്നു.

ഇന്നലെ( ബുധൻ) മംഗഫിലുണ്ടായ തീപിടുത്തത്തിൽ ആകെ 49 പേർക്കാണ് ജീവൻ നഷ്ടമായത്. 45 പേർ ഇന്ത്യക്കാരും 3 പേർ ഫിലിപ്പീൻസ് സ്വദേശികളുമാണ്. 

English Summary:

Kuwait Tragedy: Kuwait Emir instructs to arrange flight for repatriation of bodies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com