ഹജ്ജിന് തുടക്കം; പാൽനിറം തൂകി മിന താഴ്‌വര
Mail This Article
മിന ∙ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ വിശ്വാസികളാൽ മക്കയിലെ മിനാ താഴ്‌വര പാൽക്കടലായി. ലബൈക്കല്ലാഹുമ ലബൈക്ക് എന്ന തല്‍ബിയത് മന്ത്രങ്ങളാൽ മിന താഴ്‌വര നിറഞ്ഞു. വെളുത്തവസ്ത്രം ധരിച്ചെത്തിയ തീര്‍ഥാടക ലക്ഷങ്ങള്‍ ഒഴുകിയെത്തിയതോടെ തമ്പുകളുടെ നഗരമായ മിനാ താഴ്‌വര പാൽനിറം പൂകി. ഇന്ന് രാവിലെ മുതൽ മിനായിലേക്കുള്ള ഹാജിമാരുടെ ഒഴുക്കു തുടങ്ങിയിരുന്നു. പ്രഭാത പ്രാർഥന നിർവഹിച്ച ശേഷം ആളുകൾ മിനയിലേക്ക് നീങ്ങിത്തുടങ്ങി. ജുമുഅ നമസ്കാരത്തിന് ശേഷം മുഴുവനാളുകളും മിന ലക്ഷ്യമാക്കി നീങ്ങി. കാൽ ലക്ഷത്തിലേറെ ബസുകളാണ് ഹാജിമാരുടെ മിനയിലേക്കുള്ള യാത്രയ്ക്കായി സജ്ജമാക്കിയിരുന്നത്. കാൽനടയായും നിരവധി പേർ മിന ലക്ഷ്യം വച്ച് നടന്നു. ചുണ്ടുകളിൽ വിശുദ്ധ മന്ത്രണങ്ങളുടെ അകമ്പടിയോടെ. കടുത്ത ചൂടിൽ ഉരുകിയൊലിച്ചാണ് ഹാജിമാർ മിനയിലേക്ക് നടന്നത്. മക്കയില്‍ 43 ഡിഗ്രിയാണ് ഇന്ന് രേഖപ്പെടുത്തിയ ചൂട്.
-
Also Read
അറഫ സംഗമം നാളെ; മിന ഭക്തിസാന്ദ്രം
ഇന്ന് മിനായില്‍ രാപാക്കുന്ന ഹാജിമാര്‍ നാളെ രാവിലെ സൂര്യോദയത്തിനു ശേഷം അറഫയിലേക്ക് യാത്ര തിരിക്കും. സൂര്യാസ്തമനം വരെ തീര്‍ഥാടകര്‍ അറഫയില്‍ ചെലവഴിക്കും. സൂര്യാസ്തമനത്തിനു ശേഷം അറഫയില്‍ നിന്ന് ഹാജിമാര്‍ മുസ്ദലിഫയിലെത്തി രാപാര്‍ക്കും. നാളെ അര്‍ധരാത്രിക്കു ശേഷം ഹാജിമാര്‍ മിനായിലെത്തി ജംറത്തുല്‍അഖബയില്‍ കല്ലേറ് കര്‍മം നടത്തി തലമുണ്ഡനം ചെയ്ത് വിശുദ്ധ ഹറമിലെത്തി ത്വവാഫും സഅ്‌യും നിര്‍വഹിക്കുകയും ബലിയറുക്കുകയും ചെയ്യും.