‘ഹൃദയം തകർത്ത പ്രതികാരം’; 3 മിനിറ്റിൽ വെന്ത് മരിച്ചത് 57 പേർ , കുവൈത്ത് കണ്ട ഏറ്റവും വലിയ ദുരന്തം
Mail This Article
കുവൈത്ത് സിറ്റി ∙ രണ്ടാം വിവാഹത്തിനൊരുങ്ങിയ ഭർത്താവിനോടുള്ള പ്രതികാരമായി യുവതി ടെന്‍റിന് പെട്രോളൊഴിച്ച് തീ കൊളുത്തിയതിനെ തുടർന്ന് 57 പേർ മരിക്കുകയും 90 പേർക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവമാണ് കുവൈത്ത് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ജീവഹാനിയുണ്ടാക്കിയ ദുരന്തം. മംഗഫിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള ഒരു കമ്പനിയിലെ ജീവനക്കാരായ 24 മലയാളികളുൾപ്പെടെ 50 ഇന്ത്യക്കാർ മരിച്ച ദുരന്തം പലരുടെയും ഓർമയിൽ കൊണ്ടുവന്നത് 2009 ഓഗസ്റ്റ് 15 ന് നടന്ന ഈ പ്രതികാരമാണ്.
വിവാഹ ആഘോഷങ്ങളുടെ ആരവങ്ങൾ നിറഞ്ഞ് നിന്നിരുന്ന കുവൈത്തിലെ അൽ ജഹ്റയിലെ വിവാഹ ടെന്‍റിൽ നിന്ന് ഉയർന്ന കൂട്ടുനിലവിളി തകർത്തത് കുവൈത്തിന്‍റെ ഹൃദയമായിരുന്നു. നസ്ര യൂസഫ് മുഹമ്മദ് അൽ എനെസി എന്ന 23 വയസ്സുകാരി രണ്ടാം വിവാഹത്തിനൊരുങ്ങിയ ഭർത്താവിനോടുള്ള പ്രതികാരമായി പെട്രോളഴിച്ച് ടെന്‍റിന് തീ കൊളുത്തി. വയോധികരും കുട്ടികളുമെല്ലാം വെന്ത് മരിച്ച ഈ സംഭവം കുവൈത്തിൽ അതുവരെ നടന്ന ഏറ്റവും വലിയ ദുരന്തമായിരുന്നു.
മൂന്ന് മിനിറ്റിനകം ടെന്‍റ് ചാരമായി; മനുഷ്യരും
രാത്രി ഒൻപതരയോടെയായിരുന്നു വിവാഹടെന്‍റിലെ ദുരന്തം. മൂന്ന് മിനിറ്റുകൊണ്ട് ടെന്‍റ് ചാരമായിത്തീർന്നു; ഒപ്പം ഇതിനകത്ത് ആഘോഷത്തിമിർപ്പിലായിരുന്നു കുട്ടികളും സ്ത്രീകളുമടക്കമുള്ളവരും. സുരക്ഷാ ക്രമീകരണങ്ങളൊന്നും പാലിക്കാതെയുള്ള തമ്പായിരുന്നു അത്. ഒരേയൊരു വാതിൽ മാത്രമേ അതിനുണ്ടായിരുന്നുള്ളൂ. 500 ഡിഗ്രി സെൽഷ്യസമായിരുന്നു ടെന്‍റിനകത്തെ താപനില.
ഭൂരിഭാഗം മൃതദേഹങ്ങളും തിരിച്ചറിയാൻ പറ്റാത്തവിധം ചാരമായിത്തീർന്നു. ഡിഎൻഎ, ദന്ത ഭാഗങ്ങൾ എന്നിവ പരിശോധിച്ചാണ് പലതും തിരിച്ചറിഞ്ഞത്. സംഭവത്തിന്‍റെ പിറ്റേ ദിവസം തന്നെ നസ്‌റയെ അറസ്റ്റ് ചെയ്തു. പ്രതി കുറ്റസമ്മതം നടത്തുകയും ചെയ്തു. ആസൂത്രിത കൊലപാതകം, കൊലപാതകശ്രമം, തീകൊളുത്തൽ എന്നീ കുറ്റങ്ങളാണ് അവർക്കെതിരെ ചുമത്തിയത്.
ആദ്യം കുറ്റമേറ്റു; പിന്നീട് നിഷേധിച്ചു
എന്നാൽ, 2009 ഒക്ടോബറിൽ വിചാരണ ആരംഭിച്ചപ്പോൾ പ്രതി കുറ്റം നിഷേധിച്ചു. ഭീഷണിയെത്തുടർന്ന് നിർബന്ധിതമായിട്ടാണ് താൻ നേരത്തെ കുറ്റസമ്മതം നടത്തിയെന്നായിരുന്നു മൊഴി. ഭർത്താവുമായി ബന്ധമുള്ള ജയിൽ ജീവനക്കാരൻ ഗർഭച്ഛിദ്രത്തിനുള്ള ഗുളിക നൽകിയതിനെ തുടർന്ന് തനിക്ക് ഒരു കുഞ്ഞിനെ നഷ്ടപ്പെട്ടതെന്നും നസ്‌റ ആരോപിച്ചു. രണ്ടാം വിവാഹം ചെയ്ത ഭർത്താവുമായുള്ള ദാമ്പത്യത്തിൽ രണ്ട് മക്കൾ നസ്രയ്ക്കുണ്ട്.
ഒടുവിൽ പ്രതിക്ക് തൂക്കുകയർ
അതേസമയം, 2009 നവംബറിൽ നസ്റ കുട്ടിയായിരുന്നപ്പോൾ ചില മാനസിക വൈകല്യങ്ങൾ കാണിച്ചിരുന്നുവെന്ന് പ്രതിഭാഗം അഭിഭാഷകർ അവകാശപ്പെട്ടതിനെത്തുടർന്ന് പ്രതിയെ മാനസികരോഗ പരിശോധനയ്ക്ക് വിധേയയാക്കാൻ ജഡ്ജി ആദിൽ അൽ സാഗർ ഉത്തരവിട്ടു. അവരുടെ ഭർത്താവിനെയും ഏഷ്യൻ വീട്ടുജോലിക്കാരിയെയും വിളിപ്പിക്കാനും ഉത്തരവിട്ടു.
പ്രതി പെട്രോളൊഴിക്കുന്നത് താൻ കണ്ടെന്ന് വീട്ടുജോലിക്കാരി മൊഴിനൽകി. ഒരു ആഭിചാര (ബ്ലാക് മാജിക്)ത്തിൽപ്പെട്ടുപോയ താൻ "മന്ത്രിച്ച വെള്ളം" കൂടാരത്തിലേക്ക് ഒഴിച്ചുവെന്നും എന്നാൽ പെട്രോൾ ഒഴിച്ചില്ലെന്നുമായിരുന്നു നസ്ര പിന്നീട് പറഞ്ഞത്. 2010 മാർച്ചിൽ 57 പേരുടെ ആസൂത്രിത കൊലപാതകത്തിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കൊല്ലുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് തീ കൊളുത്തിയതെന്ന് വ്യക്തമാക്കുകയും പ്രതിക്ക് വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു.
2017 ജനുവരി 25ന് സെൻട്രൽ ജയിലിൽ പ്രതിയെ തൂക്കിലേറ്റി. അന്ന് കുവൈത്തിൽ വധിക്കപ്പെട്ട ഏഴുപേരിൽ ഒരാളായിരുന്നു നസ്ര. ലഹരിമരുന്ന് സംബന്ധമായ കേസുകളിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് വധശിക്ഷ നടപ്പിലാക്കിയിട്ടുള്ളത്.