ADVERTISEMENT

പ്രതീക്ഷകളുടെ കടൽദൂരം താണ്ടിയാണ് ഓരോ പ്രവാസിയും അക്കരയെത്തുന്നത്. അവന്റെ ജീവിതം പകുതിയിൽ പൊലിയുമ്പോൾ ഇക്കരെ ഓരോ വീടുകളും മരുഭൂമികളാകും. സ്വപ്നങ്ങളുടെയും ആഗ്രഹങ്ങളുടെയും ഭാരം പേറിയുള്ള യാത്രയാണ് പ്രവാസം. പ്രവാസ ജീവിതം പൊലിയുമ്പോൾ മാഞ്ഞു പോകുന്നത് പ്രവാസിയുടെ മാത്രം കിനാക്കളല്ല, കുടുംബത്തിന്റെയും നാടിന്റെയും ഒക്കെ പ്രതീക്ഷകളും കൂടിയാണ്.

പ്രവാസലോകത്ത്, പ്രത്യേകിച്ച് ഗൾഫ് നാടുകളിൽ മണലും മനസ്സും ഉരുകിത്തിളയ്ക്കുമ്പോൾ കണ്ണിൽ ദൂരെ  വെള്ളത്തിന്റെ മായക്കാഴ്ച തെളിയും, മരീചിക. ആർത്തിയോടെ അവിടേക്ക് ചെല്ലുമ്പോൾ മാത്രമേ നിന്ന ഇടം പോലെ തന്നെ അവിടേം എന്ന് മനസ്സിലാകൂ. എങ്കിലും പ്രവാസി യാത്ര തുടരും. സ്വർഗവും നരകവും കയ്യകലത്ത് കാണാനാകും പ്രവാസ ലോകത്ത്. ആഡംബരങ്ങളുടെ പറുദീസയും ആകുലതകളുടെ ഇടനാഴികളും തൊട്ടരികെ കാണാം. ഒരു നിശ്വാസത്തിന് അപ്പുറവും ഇപ്പുറവും മരണവും ജീവിതവും എന്ന പോലെ.

ആയിരങ്ങൾ തിങ്ങിപ്പാർക്കുന്ന തൊഴിലാളി ക്യാംപുകൾ നിരനിരയായി ഒരു വശത്ത്. കോടികൾക്കു മുകളിൽ വാടകയുള്ള അംബര ചുംബികൾ മറുവശത്ത്. കഷ്ടി നൂറു രൂപ കൊണ്ട് ഒരു ദിനം തള്ളി നീക്കുന്നവരും ലക്ഷങ്ങൾ ഒരു ദിവസം പൊട്ടിച്ചു തീർക്കുന്നവരും പ്രവാസലോകത്തുണ്ട്.

തുച്ഛമായി കിട്ടുന്ന ശമ്പളത്തിൽ തലചായ്ക്കാനൊരിടവും യാത്രയ്ക്കൊരു വാഹനവും ഒത്താൽ അത് വലിയ ആഡംബരമാണ്. ഓരോ നാണയത്തുട്ടിനെയും പത്തുകൊണ്ടും ഇരുപതുകൊണ്ടും ഒക്കെ ഗുണിച്ചു നോക്കിയാവും പ്രവാസി ചെലവാക്കുക, പ്രത്യേകിച്ച് ആദ്യനാളുകളിൽ. ചെറിയ തുകയ്ക്കു കിട്ടുന്ന അറബി റൊട്ടിയിൽ അവൻ പ്രാതലും അത്താഴവും സമ്പന്നമാക്കും.

ഉറുമ്പ് അരിമണി ശേഖരിച്ചു വയ്ക്കും പോലെ മിച്ചം വയ്ക്കുന്ന തുകയും അൽപം കടം വാങ്ങിയതും ചേർത്ത് നാട്ടിലേക്ക് അയയ്ക്കുന്നവരാണ് പ്രവാസ ലോകത്തെ ഭൂരിഭാഗവും. മക്കളുടെ വിദ്യാഭ്യാസം, തലചായ്ക്കാനൊരു കൂര, സഹോദരിമാരുടെ വിവാഹം ഇങ്ങനെ എണ്ണിയാൽ തീരാത്ത ആവശ്യങ്ങളുടെ കടലിലാണ് അവൻ ചെറുചിറ കെട്ടിത്തുടങ്ങുന്നത്.

നല്ല ജീവിതം സ്വപ്നം കണ്ട് വിസിറ്റിങ് വീസയിലെത്തി ജോലി അന്വേഷിക്കുന്നവരും പ്രവാസലോകത്ത് ധാരാളം. ആ ഭാഗ്യപരീക്ഷണ നാളുകളിൽ അസുഖബാധിതരായി ജീവിതം നരകമാകുന്നവരും ഏറെ. അനാഥരെപ്പോലെ ആശുപത്രികളിൽ അധികൃതരുടെ കനിവു കാത്തു കഴിയുന്ന എത്രയോ പേർ.

ഒടുവിൽ പ്രവാസ സംഘനകളുടെയും ചില വ്യക്തികളുടെയും അവിടുത്തെ സർക്കാരിന്റെയും ഒക്കെ കനിവിൽ മടക്കം. വീസാ കാലാവധി കഴിഞ്ഞിട്ടും പുതുക്കാനാവാതെ ഒളിജീവിതത്തിൽ കഴിയുന്നവരും  ധാരാളം. ഒടുവിൽ സർക്കാരിന്റെ പൊതുമാപ്പ് ലഭിച്ച് നാട്ടിലേക്ക് ഒന്നുമില്ലാതെ മടങ്ങേണ്ടി വരുന്നവർ ആയിരക്കണക്കാണ്. ക്രെഡിറ്റ് കാർഡിന്റെ അനിയന്ത്രിത ഉപയോഗത്തിൽ പെട്ട് ജീവിതം കടക്കെണിയിലായി പിടയുന്നവരും ഏറെ.

മനസ്സ് ഇക്കരെ വച്ചിട്ടാണ് ഒരോ പ്രവാസിയും അക്കരയ്ക്കു പോകുന്നത്. അതുകൊണ്ടു തന്നെ നാടിനെ ആഘോഷിക്കുന്നത് കൂടുതലും പ്രവാസ ലോകത്താണ്. പെട്ടി കെട്ടുക എന്നൊരു പ്രയോഗമുണ്ട്. പ്രവാസിയുടെ ജീവിതത്തിന്റെ ഭാഗമാണത്. പ്രത്യേകിച്ച് കന്നി യാത്രക്കാർക്ക് നാട് കൊടുത്തുവിടുന്ന സ്നേഹമാണത്. പെട്ടി പൊട്ടിക്കുക എന്നതാണ് മറ്റൊരു വാക്ക്. അത് മടങ്ങിവരവിന്റെ ആഘോഷമാണ്. ചങ്കുകൾക്കുള്ള സാധനങ്ങളാണ്. പ്രവാസലോകത്തിന്റെ സുഗന്ധവും മണൽമധുരം നിറഞ്ഞ ഈന്തപ്പഴങ്ങളും ഒക്കെ നിറയുന്ന പെട്ടി.

പെട്ടി കെട്ടുന്നതിന്റെയും പെട്ടി പൊട്ടിക്കുന്നതിന്റെയും ഇടയിലെ ജീവിതമാണ് പ്രവാസം. പലപ്പോഴും നാട്ടിൽ കടങ്ങൾ വീണ്ടും കൂടി  ഭാഗ്യാന്വേഷികളായി പ്രവാസികളാകുന്നവർ പതിനായിരങ്ങളാണ്. എന്നാൽ പ്രവാസി തന്നെ വെള്ളപുതച്ച ഒരു പെട്ടിയായി നാട്ടിലേക്ക് എത്തുമ്പോൾ മരവിക്കുന്നത് ഉറ്റവരാണ്, മിക്കപ്പോഴും മരിച്ചുജീവിക്കുന്നത് വീട്ടുകാരാണ്.

English Summary:

Expats Life Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com