മിനായിലെ ടെന്റുകളിൽ ഹജ്ജിനായി മുന്നൊരുക്കം; സൗകര്യങ്ങളിൽ സംതൃപ്തരായി മലയാളികൾ
Mail This Article
മിന (സൗദി) ∙ ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂർത്തങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് മിനായിലെ ടെന്റുകളിൽ ഹജ്ജിനായി മുന്നൊരുക്കം നടത്തുന്ന മലയാളി തീർഥാടകർ. കൊടും ചൂടിലും സൗദി സർക്കാർ ഒരുക്കിയ വിപുലമായ സൗകര്യങ്ങളിൽ സംതൃപ്തിയുണ്ടെന്ന് മാവേലിക്കര സ്വദേശി നിസാർ റഷീദ് പറഞ്ഞു. ശീതീകരിച്ച ടെന്റുകളിൽ എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുണ്ട്.
പാകം ചെയ്ത ഭക്ഷണവും ശുദ്ധജലവുമെല്ലാം ടെന്റുകളിൽ യഥാസമയം ലഭിക്കുന്നതിനാൽ ഒന്നിനും പുറത്തുപോകേണ്ടി വരുന്നില്ലെന്നും പറഞ്ഞു. സമയബന്ധിതമായി പ്രാർഥന ടെന്റിനകത്തുതന്നെ നിർവഹിക്കുന്നു. ശേഷം ഖുർആൻ പാരായണത്തിലും അനുബന്ധ ഐച്ഛിക പ്രാർഥനകളിലും കഴിയുകയാണ്. കൊടും ചൂടിലും പ്രതിബന്ധങ്ങൾ ഒന്നുമില്ലാതെ അറഫ സംഗമം പൂർത്തിയാക്കാൻ സാധിക്കണേ എന്ന പ്രാർഥനയിലാണെന്ന് റസിയ നിസാർ പറഞ്ഞു.
മലയാളി തീർഥാടകരെല്ലാം അടുത്തടുത്ത ടെന്റുകളിലാണ്. വ്യത്യസ്ത ചുറ്റുപാടിൽനിന്ന് എത്തിയവരാണെങ്കിലും ഒരേ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ എല്ലാവരും പരസ്പരം സഹായിക്കുന്നു. സഹായത്തിന് മലയാളികൾ ഉൾപ്പെടെ ഒട്ടേറെ വൊളന്റിയർമാരും ഇന്ത്യൻ ഹജ് മിഷൻ പ്രവർത്തകരുമുണ്ട്. വനിതാ തീർഥാടകരുടെ ആരോഗ്യസുരക്ഷാ കാര്യങ്ങൾക്കായി വനിതകളുടെ നേതൃത്വത്തിലുള്ള ആശുപത്രി മിനായിൽ പ്രവർത്തിക്കുന്നുണ്ടെന്നും പറഞ്ഞു.