ജിദ്ദയിൽ കെട്ടിടം തകർന്ന് ഏഴ് പേർ മരിച്ച സംഭവം; സാംസ്‌കാരിക മന്ത്രാലയ അണ്ടര്‍ സെക്രട്ടറി അറസ്റ്റിൽ
Mail This Article
ജിദ്ദ ∙ ജിദ്ദയിൽ കെട്ടിടം തകർന്ന് ഏഴ് പേർ മരിക്കുകയും എട്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ അഴിമതി വിരുദ്ധ അതോറിറ്റി നിരവധി പേരെ പിടികൂടിയതായി റിപ്പോർട്ട്. സാംസ്‌കാരിക മന്ത്രാലയ അണ്ടര്‍ സെക്രട്ടറിയും അറസ്റ്റിലയവരിലുണ്ട്. കെട്ടിട നിർമാണ പെർമിറ്റ് നൽകിയതിൽ അഴിമതി നടന്നതായി സൂചന ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം നടന്നത്.
കെട്ടിടത്തില്‍ സാങ്കേതിക തകരാറുകളുണ്ടായിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു . ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നിര്‍മാണ ജോലികള്‍ നിര്‍ത്തിവെച്ച് നഗരസഭയെ സമീപിക്കാന്‍ കെട്ടിട ഉടമയും സാംസ്‌കാരിക മന്ത്രാലയ അണ്ടര്‍ സെക്രട്ടറിയുമായ സൗദി പൗരന്‍ ഫറാസ് ഹാനി ജമാല്‍ അല്‍തുര്‍ക്കിക്ക് നഗരസഭ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കെട്ടിട ഉടമ നിര്‍മാണ ജോലികള്‍ നിര്‍ത്തിവെക്കുകയോ നഗരസഭയെ സമീപിക്കുകയോ ചെയ്തില്ല.
നിയമ വിരുദ്ധമായി കെട്ടിട നിര്‍മാണ ലൈസന്‍സ് ലഭിക്കാന്‍ 50,000 റിയാല്‍ കൈക്കൂലി നല്‍കിയതായി ഇദ്ദേഹം കുറ്റസമ്മതം നടത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കെട്ടിട ഉടമക്കു പുറമെ ഇദ്ദേഹത്തിന്റെ നിയമാനുസൃത പ്രതിനിധിയെയും എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്‍സി ഓഫിസ് ഉടമയെയും കരാറുകാരനായ യെമനിയെയും അറസ്റ്റ് ചെയ്തതായി ഓവര്‍സൈറ്റ് ആൻഡ് ആന്‍റി-കറപ്ഷന്‍ അതോറിറ്റി അറിയിച്ചു.