ഒമാന്റെ ഇടപെടല്‍: തടവില്‍ കഴിഞ്ഞിരുന്ന പൗരന്മാരെ പരസ്പരം മോചിപ്പിച്ച് ഇറാനും സ്വീഡനും
Mail This Article
മസ്‌കത്ത് ∙ ഒമാന്റെ ഇടപെടലില്‍, തടവില്‍ കഴിഞ്ഞിരുന്ന പൗരന്മാരെ പരസ്പരം മോചിപ്പിച്ച് ഇറാനും സ്വീഡനും. സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഒമാന്‍ നടത്തിയ മധ്യസ്ഥതയെ തുടര്‍ന്നാണ് ഇറാനും സ്വീഡനും പൗരന്‍മാരെ മോചിപ്പിച്ചിരിക്കുന്നത്. പ്രശ്‌നം പരിഹരിക്കാന്‍ സഹായിക്കണമെന്ന് ഇരുരാജ്യങ്ങളും ഒമാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇടപെടല്‍.
ടെഹ്‌റാന്‍, സ്‌റ്റോക്ക്‌ഹോം എന്നിവിടങ്ങളില്‍നിന്ന് മോചിപ്പിച്ച വ്യക്തികളെ അവരുടെ രാജ്യങ്ങളിലേക്ക് അയക്കുന്നതിന്റെ ഭാഗമായി മസ്‌കത്തില്‍ എത്തിക്കുകയും ചെയ്തു. ഇറാനും സ്വീഡിഷ് പക്ഷവും മസ്‌കത്തില്‍ നടന്ന ചര്‍ച്ചകളുടെയും മറ്റും അടിസ്ഥാനത്തില്‍ നയതന്ത്ര വിജയത്തിലെത്താന്‍ സാധിച്ചതില്‍ ഇരുവിഭാഗത്തേയും സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ അഭിനന്ദിച്ചു.
രണ്ട് വര്‍ഷത്തോളം തടവില്‍ കഴിഞ്ഞിരുന്ന ഫ്രഞ്ച് പൗരനെ ഒമാന്റെ ഇടപ്പെടലിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഇറാന്‍ മോചിപ്പിച്ചിരുന്നു. 30 വയസ്സുകാരനായ ലൂയിസ് അര്‍നൗഡ് എന്നയാളെയായിരുന്നു ഇറാന്‍ വിട്ടയച്ചത്. ഇമ്മാനുവൽ മക്രോ സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിനെ ഫോണില്‍ ബന്ധപ്പെടുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.