ADVERTISEMENT

ദോഹ ∙ ബലിപെരുന്നാള്‍ ആഘോഷിച്ച് ഖത്തർ. ത്യാഗസ്മരണയില്‍ പതിനായിരകണക്കിന് വിശ്വാസികള്‍ പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തു. ലുസെയ്ല്‍ പാലസിലെ പ്രാർഥനാ ഗ്രൗണ്ടില്‍ പൗരന്മാര്‍ക്കൊപ്പമാണ് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി പ്രാര്‍ത്ഥനയില്‍ പങ്കെടുത്തത്. രാജ്യത്തിന്‍റെ ഈദ് ആഘോഷങ്ങള്‍ക്കും ഇന്നു തുടക്കമാകും.

ഇന്നു പുലര്‍ച്ചെ 4.58ന് രാജ്യത്തുടനീളമായുള്ള 675 പള്ളികളിലും ഈദ് ഗാഹുകളിലുമായി നടന്ന പെരുന്നാള്‍ നമസ്‌കാരത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പതിനായിരങ്ങളാണ് പങ്കെടുത്തത്. ഇത്തവണയും ലോകകപ്പ് വേദികളിലൊന്നായ എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലും അല്‍ സദ്ദ് സ്റ്റേഡിയത്തിലും ഈദ് നമസ്‌കാരം നടന്നു.

ചിത്രത്തിന് കടപ്പാട്: ഖത്തര്‍ ന്യൂസ് ഏജന്‍സി-ക്യുഎന്‍എ
ചിത്രത്തിന് കടപ്പാട്: ഖത്തര്‍ ന്യൂസ് ഏജന്‍സി

ഈദ് ഗാഹുകളില്‍ ഖുതുബയുടെ മലയാളം പരിഭാഷയും ഉണ്ടായിരുന്നു. പുതു വസ്ത്രങ്ങളണിഞ്ഞ് നമസ്‌കാരത്തിനെത്തിയ വിശ്വാസികള്‍ പരസ്പരം പെരുന്നാള്‍ ആശംസ കൈമാറിയാണ് തിരികെ മടങ്ങിയത്. എജ്യൂക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തിലും പതിനായിരത്തിലധികം വിശ്വാസികളാണ് നമസ്‌കാരത്തില്‍ പങ്കെടുത്തത്. പ്രാര്‍ത്ഥനക്ക് ശേഷം കുട്ടികള്‍ക്കായി രസകരമായ വിവിധ വിനോദ പരിപാടികളും സംഘടിപ്പിച്ചിരുന്നു.

ലുസെയ്ല്‍ പാലസിലെ പ്രാര്‍ത്ഥനാ ഗ്രൗണ്ടില്‍ സുപ്രീം കോടതി ജഡ്ജി ഷെയ്ഖ് ഡോ.തഖീല്‍ ബിന്‍ സയര്‍ അല്‍ ഷമ്മാരിയാണ് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയത്. ഈദ് ആശംസ അറിയിക്കാനെത്തിയ അതിഥികളെ രാവിലെ തന്നെ ലുസെയ്ല്‍ പാലസിലാണ് അമീര്‍ സ്വീകരിച്ചത്. അമീര്‍ തന്‍റെ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ രാജ്യത്തെ ജനങ്ങളെയും അറബ്, മുസ്‌ലീം രാജ്യങ്ങളിലെ ഭരണാധികാരികളെയും പെരുന്നാള്‍ ആശംസയും അറിയിച്ചു.

ചിത്രത്തിന് കടപ്പാട്: ഖത്തര്‍ ന്യൂസ് ഏജന്‍സി-ക്യുഎന്‍എ
ചിത്രത്തിന് കടപ്പാട്: ഖത്തര്‍ ന്യൂസ് ഏജന്‍സി

കത്താറ കള്‍ചറല്‍ വില്ലേജിലും മിഷെറീബിലുമെല്ലാം ഈദ് ആഘോഷങ്ങള്‍ക്ക് ഇന്നു വൈകിട്ടോടെ തുടക്കമാകും. വര്‍ണാഭമായ വെടിക്കെട്ട് പ്രദര്‍ശനം ഉള്‍പ്പെടെയുള്ള വ്യത്യസ്ത ആഘോഷ പരിപാടികളാണ് കത്താറയുടെ സവിശേഷത. ഈദിന്‍റെ ആദ്യ 4 ദിനങ്ങളിലാണ് കത്താറയിലെ പരിപാടികള്‍.

വൈകുന്നേരങ്ങളില്‍ കത്താറ സ്ട്രീറ്റിലൂടെ വാഹനങ്ങള്‍ കടന്നു പോകുന്ന കുട്ടികള്‍ക്ക് ഈദ് സമ്മാനങ്ങളും വിതരണം ചെയ്യും. മാള്‍ ഓഫ് ഖത്തര്‍, ദോഹ ഫെസ്റ്റിവല്‍ സിറ്റി, പ്ലേസ് വിന്‍ഡോം തുടങ്ങി രാജ്യത്തിന്‍റെ പ്രധാന ആഡംബര മാളുകളിലെല്ലാം വൈകുന്നേരങ്ങളില്‍ വിപുലമായ ഈദ് പരിപാടികളാണ് നടക്കുക.

English Summary:

Today in Qatar is Celebrating Eid Ul Adha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com