വിശ്വാസികളാൽ നിറഞ്ഞ് ഈദ്ഗാഹുകളും പള്ളികളും; ഒരുമയുടെ പെരുമയോടെ പെരുന്നാളാഘോഷം
Mail This Article
അബുദാബി ∙ ത്യാഗത്തിന്റെയും സഹനത്തിന്റെയും സമർപ്പണത്തിന്റെയും സ്മരണകളുമായി യുഎഇയിലെ സ്വദേശികളും വിദേശികളും ബലിപെരുന്നാൾ ആഘോഷിച്ചു. സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലും ഇന്നലെയായിരുന്നു പെരുന്നാൾ. ഒരു ദിവസം വൈകി മാസപ്പിറവി കണ്ട ഒമാനിലെ വിശ്വാസികൾ ഇന്നു കേരളത്തോടൊപ്പം പെരുന്നാൾ ആഘോഷിക്കും.
ദൈവ പ്രകീർത്തനങ്ങളാൽ (തക്ബീർ) മുഖരിതമായ അന്തരീക്ഷത്തിലേക്ക് പുതുവസ്ത്രമണിഞ്ഞെത്തിയ വിശ്വാസികളാൽ ഈദുഗാഹുകളും പള്ളികളും നിറഞ്ഞുകവിഞ്ഞിരുന്നു. പെരുന്നാൾ നമസ്കാരത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പതിനായിരക്കണക്കിനു പേർ അണിനിരന്നു. തിരക്കുമൂലം മിക്കയിടങ്ങളിലും വരാന്തയിലും മുറ്റത്തും സമീപത്തെ റോഡിലും പാർക്കിങ്ങുകളിലും നടപ്പാതകളിലും നിന്നാണ് പലർക്കും പ്രാർഥന നിർവഹിക്കാനായത്. നമസ്കാര ശേഷം വിശ്വാസികൾ പരസ്പരം ആശ്ലേഷിച്ചും ഹസ്തദാനം ചെയ്തും ഈദ് ആശംസകൾ കൈമാറി. അപരിചിതരായ വിവിധ രാജ്യക്കാരും ഭാഷക്കാരും ഈദ് മുബാറക് ചൊല്ലി ആശംസകൾ കൈമാറിയാണ് പിരിഞ്ഞത്.
പെരുന്നാൾ നമസ്കാരവും പ്രഭാഷണവും തീർന്ന ഉടൻ ബന്ധുക്കളും സുഹൃത്തുക്കളും ഒന്നിച്ച് ചിത്രങ്ങൾ പകർത്തി നാട്ടിലുള്ള വീട്ടുകാർക്ക് അയച്ചുകൊടുക്കുന്ന തിരക്കിലായി. ചിലർ വിഡിയോ കോൾ വിളിച്ച് യുഎഇയിലെ പെരുന്നാൾ ആഘോഷങ്ങൾ തത്സമയം കാണിച്ചുകൊടുത്തു. തുടർന്ന് താമസസ്ഥലങ്ങളിലെത്തി പ്രാതൽ കഴിച്ച് അൽപം വിശ്രമം. പിന്നീട്, വിരുന്നെത്തിയ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് വിഭവ സമൃദ്ധമായ സദ്യയൊരുക്കി ഉച്ചഭക്ഷണം കഴിച്ചു. തുടർന്ന്, പലരും വിവിധ എമിറേറ്റുകളിലുള്ള ബന്ധുക്കളെ കാണാൻ യാത്ര പുറപ്പെട്ടു.
യുഎഇയിൽ 15 മുതൽ അവധിയായതിനാൽ ബന്ധുക്കൾ ഒരിടത്ത് ഒരുമിച്ചുകൂടിയും ആഘോഷങ്ങൾ ഉഷാറാക്കി. കാലാവസ്ഥ പ്രതികലൂമായതിനാൽ മിക്കവരും പെരുന്നാൾ ആഘോഷങ്ങൾ നടത്തിയത് വീടുകളിൽ വച്ചായിരുന്നു. വെയിലിന്റെ കാഠിന്യം കുറഞ്ഞശേഷമാണ് പലരും പുറത്തിറങ്ങിയത്. അതതു പ്രദേശങ്ങളിലുള്ള കുടുംബക്കാരെയും നാട്ടുകാരെയും സന്ദർശിക്കാനും പുതിയ കാഴ്ചകൾ കാണാനുമുള്ള യാത്ര ഇന്നും നാളെയും തുടരും.
കുടുംബമായി കഴിയുന്നവർ ഇൻഡോർ വിനോദകേന്ദ്രങ്ങളെയാണ് പ്രധാനമായും ആശ്രയിച്ചത്. അബുദാബിയിലെ ഏറ്റവും പുതിയ ആകർഷണങ്ങളായ യാസ് ഐലൻഡിലുള്ള സീ വേൾഡ്, ഫെറാറി വേൾഡ്, വാട്ടർ വേൾഡ്, വാർണർ ബ്രോസ്, ദ് ക്ലൈമ്പ്, റീം ഐലൻഡിലെ സ്നോ പാർക്ക്, അൽഖനയിലെ നാഷനൽ അക്വേറിയം, അഡ്രിനാൽ അഡ്വഞ്ചർ തുടങ്ങിയ ഇടങ്ങളിലെല്ലാം വൻ ജനത്തിരക്കായിരുന്നു. ഷോപ്പിങ് മാളുകൾ, വിവിധ സംഘടനാ ആസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ പ്രവേശന ഫീസില്ലാതെ നടത്തിയ പ്രത്യേക കലാവിരുന്നുകളായിരുന്നു സാധാരണക്കാരുടെ ആശ്രയം.
ജോലിത്തിരക്ക് കാരണം ഇതുവരെ കാണാൻ സാധിക്കാതിരുന്ന സിനിമകൾക്കായാണ് മറ്റു ചിലർ സമയം കണ്ടെത്തിയത്. മമ്മൂട്ടിയുടെ ടർബോ, ബിജു മേനോൻ–ആസിഫ് അലി കൂട്ടുകെട്ടിലെ പൊലീസ് കഥ പറയുന്ന തലവൻ, പൃഥ്വിരാജ്–ബേസിൽ ടീമിന്റെ ഗുരുവായൂർ അമ്പലനടയിൽ, കുഞ്ചാക്കോ ബോബൻ–സുരാജ് വെഞ്ഞാറമൂട് ടീമിന്റെ ഗ്‌ർർർ, രഞ്ജിത് സജീവൻ നായകനായ ഗോളം എന്നീ മലയാള ചിത്രങ്ങൾക്കു പുറമേ തമിഴ് ചിത്രം മഹാരാജ, തെലുങ്ക് ചിത്രം കൽക്കി, ഹിന്ദി ചിത്രം ചന്തു ചാംപ്യൻ, ബാഡ് ബോയ്സ്, കുങ് ഫു പാണ്ട തുടങ്ങിയവയും നിറഞ്ഞ സദസ്സിലാണ് യുഎഇയിലെ തിയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്നത്. രണ്ടാഴ്ച കൂടി കഴിഞ്ഞാൽ മധ്യവേനൽ അവധിയായതിനാൽ നാട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങുന്ന തിരക്കിലായിരുന്നു മറ്റു ചിലർ. അതുകൊണ്ടുതന്നെ പെരുന്നാളിന് ആഴ്ചകൾക്ക് മുൻപ് ഉണർന്ന വിപണി സജീവമായി തുടരുകയാണ്.
ആശംസകളറിയിച്ച് ഭരണാധികാരികൾ
അബുദാബി ∙ സ്വദേശികൾക്കും വിദേശികൾക്കും ബലിപെരുന്നാൾ ആശംസകൾ നേർന്ന യുഎഇ ഭരണാധികാരികൾ. ഇറ്റലിയിൽ ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എക്സിലാണ് ആശംസകൾ അറിയിച്ചത്.
ജി7 അംഗരാജ്യങ്ങളിലെയും മറ്റു രാജ്യങ്ങളിലെയും ലോക നേതാക്കൾക്കും ഫോണിലൂടെ ആശംസകൾ നേർന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനും ഇതര എമിറേറ്റ് ഭരണാധികാരികളും സ്വദേശികൾക്കും വിദേശികൾക്കും ഈദ് ആശംസകൾ നേർന്നു. എമിറേറ്റ് ഭരണാധികാരികൾ അതതു എമിറേറ്റിലെ ഈദ്ഗാഹുകളിലും പള്ളികളിലുമായി പ്രാർഥനകളിൽ പങ്കെടുത്തു.