ആഘോഷപൂര്‍വം പെരുന്നാളിനെ വരവേറ്റ് ഒമാന്‍
Mail This Article
മസ്‌കത്ത് ∙ ത്യാഗസ്മരണകളുമായി ഒമാനില്‍ ബലി പെരുന്നാള്‍ ആഘോഷം. രാജ്യത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും രാവിലെ പെരുന്നാള്‍ നിസ്‌കാരങ്ങളോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. മസ്ജിദുകളിലും ഈദ് മുസല്ലകളിലും തക്ബീര്‍ മുഴക്കിയും പ്രാര്‍ഥനാ മന്ത്രങ്ങള്‍ ഉരുവിട്ടും വിശ്വാസികള്‍ ഏറെ നേരം ചെലവിട്ടു. നിസ്‌കാരത്തിനുശേഷം വിശ്വാസികള്‍ പരസ്പരം കെട്ടിപ്പിടിച്ച് ഈദ് ആശംസകള്‍ കൈമാറി. നാട്ടിലെ പെരുന്നാള്‍ സ്മൃതികളുടെ ഓര്‍മച്ചെപ്പ് തുറന്ന് നിര്‍വൃതി കൊള്ളുകയാണ് പ്രവാസിയുടെ പെരുന്നാളിന്റെ പ്രധാന പ്രത്യേകത.
ഇബ്‌റാഹിം നബി (അ) ന്റെയും ഇസ്മാഈല്‍ നബി (അ) ന്റെയും ത്യാഗോജ്വല ജീവിതത്തിന്റെ ഏടുകള്‍ വിവരിക്കുന്നതായിരുന്നു ഖുത്ബ പ്രഭാഷണം. മനുഷ്യ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒളിമങ്ങാത്ത അധ്യായങ്ങള്‍ വിശുദ്ധ ഭൂമിയിലെ മിനായിലെ അറഫയിലും മുസ്തലിഫയിലും പുനര്‍ജനിക്കുമ്പോള്‍ സ്‌നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ഭാവി കരുപ്പിടിപ്പിക്കാന്‍ അതിന്റെ പ്രസരണം പര്യാപ്തമാക്കണമെന്ന് ഖത്തീബുമാര്‍ ഉണര്‍ത്തി.
പ്രവാസികളും സാഘോഷമാണ് ഈദ് ദിവസം ചിലവഴിച്ചത്. മസ്ജിദുകളിലെ കൂടിച്ചേരലുകളും പെരുന്നാള്‍ ഓര്‍മകള്‍ പങ്കുവെക്കുന്ന കൂട്ടായ്മകളും കൊച്ചു വിനോദയാത്രകളും നടത്തിയാണ് പ്രവാസികള്‍ പെരുന്നാള്‍ ആഘോഷിക്കുത്. കൂട്ടുകാര്‍ക്കൊപ്പം ചെറിയ യാത്രകളും ഒന്നിച്ചുള്ള ഭക്ഷണം പാകം ചെയ്യലും നാട്ടിലേക്കുള്ള ഫോണ്‍ വിളികളും അവധി ദിവസത്തെ സുഖമായ ഉറക്കവുമാകുന്നതോടെ മിക്ക പ്രവാസികളുടെയും പെരുന്നാള്‍ ദിനം കഴിച്ചുകൂട്ടുകയാണ്.
വര്‍ണാഭമായ പെരുന്നാള്‍ ആഘോഷ പരിപാടികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുകയാണ്. പെരുന്നാളിന്റെ ഭാഗമായി വ്യത്യസ്ത സാംസ്‌കാരിക, വിനോദ പരിപാടികളും സംഗമങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. സലാലയുള്‍പെടെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് യാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. സ്വദേശികളുടെ പരമ്പരാഗത ആഘോഷ പരിപാടികള്‍ പ്രമുഖരുടെ സാന്നിധ്യത്തില്‍ വിവിധ സ്ഥലങ്ങളില്‍ തുടരുകയാണ്.
ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് മസ്‌കത്ത് ഗവര്‍ണറേറ്റിലെ മുഅസ്‌കര്‍ അല്‍ മുര്‍തഫാ പള്ളിയില്‍ പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിച്ചു. രാജ കുടുംബാംഗങ്ങള്‍, ഉപദേശകര്‍, സൈനിക മേധാവികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.