ADVERTISEMENT

11-ാം വയസ്സിൽ ചോക്ലേറ്റ് സാമ്രാജ്യം സ്വപ്നം കണ്ട കുട്ടിയായിരുന്നു നിസാർ ചൗകെയർ. ആ സ്വപ്നങ്ങൾക്കെല്ലാം നിറമധുരം നൽകി, ലോകത്തിലെ ഏറ്റവും വലിയ ചോക്ലേറ്റ് രാജ്യത്തിലെ ചക്രവർത്തിയായി അദ്ദേഹം മാറി. 83-ാം വയസ്സിൽ, ഇന്നലെ രാത്രി നിസാർ ചൗകെയർ വിടവാങ്ങി. ഗൾഫിലുടനീളമുള്ള മലയാളികളടക്കമുള്ളവരുടെ ഇഷ്ട ചോക്ലേറ്റ് ബ്രാൻഡായ പാച്ചിയുടെ ഉടമയായിരുന്ന അദ്ദേഹം ഇനി ഓർമ്മകളിലെ മധുരമായി ജീവിക്കും.

ഞങ്ങളുടെ പ്രിയപ്പെട്ട സ്ഥാപകൻ നിസാർ ചൗകെയറിന്‍റെ വേർപാട് അഗാധമായ ദുഃഖത്തോടെ അറിയിക്കുന്നു. - ഇന്നലെ രാത്രി കമ്പനി സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട അനുശോചന കുറിപ്പിന്‍റെ തുടക്കം ഇങ്ങനെയാണ്. ഊഷ്‌മളതയും ഔദാര്യവും നിറഞ്ഞ വ്യക്തിയായിരുന്നു നിസാർ ചൗകെയർ. അദ്ദേഹത്തിന്‍റെ ദീർഘവീക്ഷണമുള്ള സമീപനം ചോക്ലേറ്റിനെ വികാരങ്ങൾ ഉണർത്തുകയും പ്രിയപ്പെട്ട ഓർമ്മകൾ സൃഷ്ടിക്കുകയും ചെയ്യുന്ന കലയാക്കി മാറ്റി.

സംസ്കാരങ്ങളിലും ആഘോഷങ്ങളിലുമെല്ലാം അനേകം ഹൃദയങ്ങളിൽ ഇടംപിടിച്ച ബ്രാൻഡായ പാച്ചിയിലൂടെ അദ്ദേഹത്തിന്‍റെ പാരമ്പര്യം എന്നും നിലനിൽക്കും. അദ്ദേഹത്തിന്‍റെ സ്മരണയെയും അദ്ദേഹം കെട്ടിപ്പടുത്ത അസാധാരണ പൈതൃകത്തെയും ഞങ്ങൾ ബഹുമാനിക്കുന്നു - അനുശോചന കുറിപ്പിൽ കമ്പനി വ്യക്തമാക്കി.

∙ ചോക്ലേറ്റിനെ പ്രണയിച്ച ജീവിതം
ചോക്ലേറ്റോടുള്ള പ്രണയം പതിനൊന്നാമത്തെ വയസ്സുമുതൽ നിസാർ ചൗകെയറിന്‍റെ ഹൃദയത്തിൽ നിറയെ നിറഞ്ഞിരുന്നു. ലബനിലെ ബെയ്റൂട്ട് നഗരത്തിലെ സ്കൂൾ വിട്ടെത്തിയാൽ, ബാഗ് വീട്ടിനകത്തേക്ക് വലിച്ചെറിഞ്ഞ് നിസാർ അമ്മാവൻമാരുടെ ചോക്ലേറ്റ് കടയിലേക്ക് കുതിക്കും. സ്കൂൾ അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും കടയിലെ എല്ലാമെല്ലാമാകും. 1950-കളിലായിരുന്നു ഇത്. ബെയ്റൂട്ടിലെ ചോക്ലേറ്റ് രാജാക്കൻമാരായിരുന്നു നിസാറിന്‍റെ അമ്മാവൻമാർ. ചോക്ലേറ്റ് കടകളിൽ ജോലിക്ക് പ്രതിഫലമായി നിസാറിന് ധാരാളം ചോക്ലേറ്റ് ലഭിച്ചു.

കച്ചവടത്തിലുള്ള നിസാറിന്‍റെ മിടുക്ക് അമ്മാവൻമാരുടെ ശ്രദ്ധയിൽപ്പെട്ടു. വൈകാതെ തന്നെ, കടയുടെ പൂർണ്ണ ചുമതല അദ്ദേഹത്തെ ഏൽപ്പിച്ചു. കട തുറക്കുന്നതും അടയ്ക്കുന്നതും എല്ലാം നിസാർ കൈകാര്യം ചെയ്യാൻ തുടങ്ങി. പതിനാലാമത്തെ വയസ്സിൽ, ചോക്ലേറ്റ് മാത്രം പോരാ, ശമ്പളവും വേണമെന്ന് നിസാർ ആവശ്യപ്പെട്ടു. വേതനം ലഭിച്ചു തുടങ്ങിയ കാലത്ത് പഠനം മുടങ്ങി. രണ്ടു. രണ്ടു വർഷത്തിന് ശേഷം, അക്കൗണ്ടിങ്ങിൽ ഡിപ്ലോമ പൂർത്തിയാക്കി, പഠനം നിലച്ചുപോയതിന്‍റെ സങ്കടം അദ്ദേഹം തീർത്തു

ലോകത്താകമാനം ശാഖകളുള്ള പാച്ചി ചോക്ലേറ്റിലേക്കുള്ള നിസാർ ചൗകെയറിന്‍റെ പ്രയാണം രുചിയുള്ള ചോക്ലേറ്റ് പോലെ മധുരമേറിയതാണ്.  പതിനെട്ടാമത്തെ വയസ്സായപ്പോഴേക്കും അമ്മാവൻമാരുമായി നിസാറിന് പലപ്പോഴും കലഹിക്കേണ്ടി വന്നു. മനം മടുത്ത് എല്ലാം ഉപേക്ഷിച്ച് പോകാനായിരുന്നു തീരുമാനം. ലബനിൽ നിന്ന് കുവൈത്തിലേക്ക് പോകാമെന്നായി.  ബന്ധുവിന്‍റെ കൂടെയായിരുന്നു  യാത്ര. അപ്പോഴും നിസാറിന് ചോക്ലേറ്റിനോട് പ്രണയമായിരുന്നു. കുടിക്കാനെടുക്കുന്ന  ഓരോ ഗ്ലാസ് വെള്ളത്തിലും ഞാൻ ചോക്ലേറ്റിന്‍റെ സാന്നിധ്യം കണ്ടുവെന്ന് പിന്നീടൊരിക്കൽ നിസാർ പറഞ്ഞു.

കുവൈത്തിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും നിസാറിന് അവിടെ കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ലബനീസ് കുടുംബത്തിലെ ഡ്രൈവറുമായി സൗഹൃദം സ്ഥാപിച്ച നിസാർ അവിടുത്തെ പെൺകുട്ടി സിഹാനുമായി പ്രണയത്തിലായി. ചോക്ലേറ്റ് ബിസിനസാണ് തന്‍റെ ലക്ഷ്യമെന്ന് പ്രണയകാലത്തും സിഹാനോട് പതിവായി പറഞ്ഞു.  ഇരുപതാമത്തെ വയസ്സിൽ ഇരുവരും വിവാഹിതരായി. താമസിയാതെ അവർക്ക് ആദ്യത്തെ കുട്ടി ജനിച്ചു. 

ലബനിൽ തിരിച്ചെത്തി ചോക്ലേറ്റ് കട തുടങ്ങണം എന്ന ആഗ്രഹത്തെ കുടഞ്ഞെറിയാനുള്ള ഒന്നും കുവൈത്തിലുണ്ടായിരുന്നില്ല. അധികം വൈകാതെ ദമ്പതികൾ ബെയ്റൂട്ടിലേക്ക് തിരിച്ചു. എന്നാൽ  ചോക്ലേറ്റിലെ കരിയർ പുനരാരംഭിക്കുന്നതിനുള്ള പദ്ധതി ഉടൻ പ്രാവർത്തികമാക്കാനായില്ല. തന്‍റെ ഭക്ഷ്യ ഉൽപന്നങ്ങളുടെ ബിസിനസ് ഏറ്റെടുക്കാൻ പിതാവ് ആവശ്യപ്പെട്ടു. പിതാവ് മരിക്കുന്നതുവരെ അഞ്ച് വർഷം ആ ജോലി ഏറ്റെടുത്ത് മക്കളെയും പോറ്റി ജീവിതം മുന്നോട്ടുപോയി.

പിന്നീട് അമ്മാവൻമാരിൽ ഒരാളുമായി ചേർന്നാണ് ചോക്ലേറ്റ് കട തുടങ്ങിയത്. നിസാറിന്‍റെ സ്വപ്നത്തിലേക്കുള്ള ആദ്യത്തെ കാൽവെപ്പായിരുന്നു അത്. ബെയ്റൂട്ട് നഗരത്തിലെ മുനിസിപ്പാലിറ്റിക്ക് തൊട്ടടുത്തുള്ള അമ്മാവന്‍റെ കടകളിലൊന്ന് ലബനയോയർ എന്ന പേരിൽ പുനർനാമകരണം ചെയ്‌തു. ഇത് വൻ വിജയമായി. ഏതെങ്കിലും ഒരു ലാൻഡ് മാർക്കിനടുത്ത് ബിസിനസ് തുടങ്ങുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ തന്ത്രം. ആളുകൾക്ക് ഈ സ്ഥലം എളുപ്പം കണ്ടെത്താനാകുമെന്നായിരുന്നു ഇതിന്‍റെ തത്വം.

1974-ൽ ആദ്യത്തെ പാച്ചി ഷോപ്പ് തുറന്നത് ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെ അന്നത്തെ വലിയ മാർക്കറ്റായ ഹംറ ഏരിയയിലും മറ്റൊന്ന് മുനിസിപ്പാലിറ്റി പ്രവേശന കവാടത്തിന്‍റെ മറുവശത്തുമായിരുന്നു. പാച്ചി എന്ന പേര് ലഭിച്ചത് ഇറ്റാലിയൻ ഭാഷയിൽനിന്നാണെന്ന് നിസാർ പറയുന്നു. ചുംബനം(കിസ്) എന്നർത്ഥം വരുന്ന ബാസി(baci) എന്ന വാക്കാണ് പാച്ചിയായത്.

ബെയ്റൂട്ടിൽ ബിസിനസ് അഭിവൃദ്ധി പ്രാപിച്ചെങ്കിലും ഒരു ഷോപ്പ് ജോർദ്ദാനിലെ അമ്മാനിൽ തുടങ്ങി. ലബനിലെ രാഷ്ട്രീയ അസ്ഥിരാവസ്ഥയായിരുന്നു അമ്മാനിലേക്ക് കൂടി വ്യാപാരം വ്യാപിപ്പിക്കാൻ  കാരണം. 1975 നും 1990 നും ഇടയിൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ട വർഷങ്ങളിൽ പല ലബനീസ് കുടുംബങ്ങളും അവിടെനിന്ന് കുടിയിറങ്ങുകയായിരുന്നു. നിസാറും തന്‍റെ കുടുംബത്തെ ആദ്യം അമ്മാനിലേക്ക് മാറ്റി. അവിടെന്ന് സൈപ്രസിലേക്കും പാരീസിലേക്കും അവരെ കൊണ്ടുപോയി.

1974-ൽ ലെബനനിലെ ബെയ്‌റൂട്ടിലെ ഹംറ സ്ട്രീറ്റിലാണ് നിസാർ ചൗകെയർ ചോക്ലേറ്റ് സ്റ്റോർ തുറന്നത്. ലോകത്തിലെ ഏറ്റവും മികച്ച ആഡംബര ചോക്ലേറ്റ് ബ്രാൻഡിലേക്കുള്ള തുടക്കമായിരുന്നു അത്. 1999-ൽ ലണ്ടനിലും പാരിസിലും പാച്ചി വിൽപന ആരംഭിച്ചു. ഇതോടെ  കമ്പനി രാജ്യാന്തര വിപണികളിലേക്ക് വ്യാപിച്ചു. 2008 ജൂലൈയിൽ, പാച്ചി ഹാരോഡ്‌സുമായി സഹകരിച്ച് ഏറ്റവും വിലകൂടിയ ചോക്ലേറ്റുകൾ നിർമിക്കാൻ തുടങ്ങി. പ്രാദേശിക അഭിരുചികൾ, ഇവന്‍റുകൾ, ഉത്സവങ്ങൾ എന്നിവയ്‌ക്കനുസൃതമായി പാച്ചി ചോക്ലേറ്റുകളും നിർമിക്കാൻ തുടങ്ങി.  2011-ലെ കണക്കനുസരിച്ച്, മിഡിൽ ഈസ്റ്റിലെ ഏറ്റവും നൂതനമായ ബിസിനസുകളിൽ ഒന്നായാണ് പാച്ചിയെ കണക്കാക്കുന്നത്.

ചോക്ലേറ്റ് സമ്മാനങ്ങൾക്കുള്ള ആഡംബര ബ്രാൻഡാണ് പാച്ചി. എല്ലാ ചോക്ലേറ്റുകളും എല്ലാ പ്രകൃതിദത്തവും പ്രീമിയം ചേരുവകളും ഉപയോഗിച്ച് കയ്യ് കൊണ്ട് നിർമിച്ചതാണ്. അൻപതോളം ഇനം ചോക്ലേറ്റുകളാണ് പാച്ചി വിപണിയിൽ എത്തിക്കുന്നത്.  നിലവിൽ 32 രാജ്യങ്ങളിൽ പാച്ചിക്ക് വില്പന ശാഖകളുണ്ട്. മിഡിൽ ഈസ്റ്റ് അതിന്‍റെ ഏറ്റവും വലിയ വിപണിയാണ്.

അർമേനിയ, അസർബൈജാൻ, കസാക്കിസ്ഥാൻ, ബഹ്‌റൈൻ, ബ്രൂണൈ, കാനഡ , ഈജിപ്ത്, ഫ്രാൻസ്, ഇന്തൊനേഷ്യ, ഐവറി കോസ്റ്റ്, ജോർദാൻ, സൗദി അറേബ്യ, ഇന്ത്യ, കുവൈത്ത്, ലബനൻ, മലേഷ്യ, മൊറോക്കോ, ഒമാൻ, ഫിലിപ്പീൻസ്, ഖത്തർ, സിറിയ, തുനീസിയ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യുക്രെയ്ൻ, യുകെ, അമേരിക്ക എന്നിവടങ്ങളിൽ പാച്ചിക്ക് ശാഖകളുണ്ട്. ലബനൻ, സൗദി അറേബ്യ,യു.എ.ഇ ഈജിപ്ത് എന്നിവിടങ്ങളിൽ പാച്ചിക്ക് അഞ്ച് ഫാക്ടറികളുണ്ട്.

ലബനന് പുറത്ത് ആദ്യത്തെ ചോക്ലേറ്റ് ഫാക്ടറി സ്ഥാപിച്ചത് സൗദി അറേബ്യയിലെ ജിദ്ദയിലായിരുന്നു. ലബനനിൽ നിന്നുള്ള കയറ്റുമതി യുദ്ധസമയത്ത് പ്രശ്നമായതിനെ തുടർന്നായിരുന്നു ഇത്. ഓരോ പാച്ചി കടയുടെ ഉദ്ഘാടനത്തിലും പങ്കെടുക്കാൻ അദ്ദേഹം ശ്രമിച്ചു. ഞാൻ എന്‍റെ സമയത്തിന്‍റെ 55 ശതമാനവും വിമാനങ്ങളിൽ ചെലവഴിച്ചു,. ഭാഗ്യവശാൽ, യാത്ര ഞാൻ ആസ്വദിക്കുന്നുണ്ടായിരുന്നു- അദ്ദേഹം പറയുന്നു.

39 രാജ്യങ്ങളിലായി  150 ശാഖകളും നാല് ഫാക്ടറികളുമാണ് പാച്ചിക്കുള്ളത്. ചോക്ലേറ്റ് കൂടാതെ, പാക്കേജിങ്സ്, വെള്ളി പാത്രങ്ങൾ, മറ്റ് ആഡംബര വസ്തുക്കൾ എന്നിവയും പാച്ചി നിർമിക്കുന്നു. “ഞങ്ങൾ വിൽക്കുന്നതിന്‍റെ അറുപത്തിയഞ്ച് ശതമാനവും ഞങ്ങൾ സ്വയം നിർമിക്കുന്നുവെന്നാണ് ഇതുസംബന്ധിച്ച് നിസാർ ഒരിക്കൽ പറഞ്ഞത്. കൂടുതൽ വിലയേറിയതും വിശാലവുമായ ബോക്സുകൾ ആവശ്യമുള്ള ആളുകൾക്ക് ഞങ്ങൾ അതു വിൽക്കുന്നു, പക്ഷേ അത് എടുക്കാൻ വരുന്ന ഡ്രൈവർക്ക് വാങ്ങാൻ പാകത്തിലുള്ള വിലയുള്ള ചോക്ലേറ്റും   ഞങ്ങൾ വിൽക്കുന്നു.- പാച്ചിയുടെത് വിലയേറിയ ചോക്ലേറ്റുകളാണെന്ന നിരീക്ഷണത്തോടുള്ള അദ്ദേഹത്തിന്‍റെ മറുപടിയായിരുന്നു ഇത്.

നിസാറിന്‍റെ അഞ്ച് മക്കളിൽ മൂന്നു പേരും പാച്ചിയിലുണ്ട്. കൊച്ചുമക്കളും ഇതേ കമ്പനിയിലുണ്ട്.  നിസാർ ചൗകെയർ, എ സക്സസ് സ്റ്റോറി എന്ന പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചോക്ലേറ്റിനെ വികാരങ്ങളുണർത്തുകയും പ്രിയപ്പെട്ട ഓർമ്മകൾ സമ്മാനിക്കുകയും ചെയ്യുന്ന പ്രണയോപഹാരം കൂടിയാക്കിയാണ് നിസാർ ചൗകെയർ മടങ്ങുന്നത്. പതിനൊന്നാമത്തെ വയസ്സ മുതൽ സ്വപ്നം കണ്ട ചോക്ലേറ്റ് സാമ്രാജ്യത്തിലെ കിരീടം വെച്ച ചക്രവർത്തി ഇനി മധുരം കിനിയുന്ന ഓർമ.

English Summary:

Patchi Founder Nizar Choucair Passed Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com