ഈദ് ആഘോഷത്തിരക്കില്‍ ഖത്തര്‍; സമ്മാനങ്ങളുമായി കത്താറ സജീവം
Mail This Article
ദോഹ ∙ മികച്ച ജനപങ്കാളിത്തത്തില്‍ സാംസ്‌കാരിക, വിനോദ, കലാപരിപാടികളും വെടിക്കെട്ട് പ്രദര്‍ശനവുമായി ഖത്തറിലെ ഈദ് ആഘോഷങ്ങള്‍ സജീവം. കത്താറയിലെ 4 ദിവസത്തെ ആഘോഷങ്ങള്‍ നാളെ സമാപിക്കും.
രാജ്യത്തിന്റെ സാംസ്‌കാരിക ഗ്രാമമായ കത്താറ കള്‍ചറല്‍ വില്ലേജില്‍ ഈദിന്റെ ആദ്യ ദിനം മുതല്‍ തന്നെ വലിയ സന്ദര്‍ശക പങ്കാളിത്തമാണുള്ളത്. എല്ലാ പ്രായക്കാര്‍ക്കും ആസ്വാദനം ഉറപ്പാക്കി കൊണ്ടുള്ള സാംസ്‌കാരിക, വിനോദ പരിപാടികളാണ് ഇവിടെ നടക്കുന്നത്. പൊലീസ് ബാന്‍ഡിന്റേത് ഉള്‍പ്പെടെ നടക്കുന്ന അതിമനോഹരമായ സംഗീത പ്രകടനങ്ങളിലും കാഴ്ചക്കാര്‍ ഏറെയാണ്. എല്ലാ ദിവസവും കത്താറ സ്ട്രീറ്റിലൂടെ വാഹനങ്ങളില്‍ കടന്നു പോകുന്ന കുട്ടികള്‍ക്കായി ഈദ് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നുണ്ട്.
കത്താറ കോര്‍ഷിണിലാണ് മനോഹരമായ വെടിക്കെട്ട് പ്രദര്‍ശനം ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടക്കുന്നത്. ആഘോഷപരിപാടികളുടെ അവസാന ഇനമായ വര്‍ണാഭമായ വെടിക്കെട്ട് പ്രദര്‍ശനം കാണാന്‍ വലിയ ജനതിരക്കാണ്. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം പ്രതിഫലിപ്പിച്ചുകൊണ്ടുള്ള പരമ്പരാഗത കലാപരിപാടികളും അല്‍ തുറായ പ്ലാനിറ്റേറിയത്തില്‍ നടക്കുന്ന പ്രത്യേക ഷോകളും കാണാന്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ തിരക്കാണ്. ഖത്തറിന്റെ കാഴ്ചകളിലേക്ക് എത്തുന്ന സന്ദര്‍ശകര്‍ക്കും കത്താറയിലെ സാംസ്‌കാരിക പരിപാടികളില്‍ കൗതുകമാണ്. വൈകിട്ട് 3.00 മുതല്‍ കത്താറ ബീച്ചില്‍ നീന്താനും വിവിധ ജല കായിക ഇനങ്ങളില്‍ പങ്കെടുക്കാനുമെത്തുന്നവരുടെ തിരക്കും കുറവല്ല. കത്താറയിലെ 4 ദിവസത്തെ ആഘോഷപരിപാടികള്‍ 19ന് സമാപിക്കും.
ദോഹ തുറമുഖത്തും വ്യത്യസ്തമായ ഈദ് പരിപാടികള്‍ പുരോഗമിക്കുകയാണ്. പരമ്പരാഗത മാരിടൈം ബാന്‍ഡുകളുടെ പ്രകടനവും കയാക്കിങ്ങും ഗെയിമുകളുമെല്ലാമായി നടക്കുന്ന തുറമുഖത്തെ ആഘോഷങ്ങളിലേക്ക് കുട്ടികളും കുടുംബവുമായി എത്തുന്നവര്‍ നിരവധിയാണ്. സന്ദര്‍ശകര്‍ക്ക് തുറമുഖ നഗരത്തിലെ കാഴ്ചകളിലേക്ക് യാത്ര ചെയ്യാന്‍ ഗോള്‍ഫ് കാര്‍ട്ടുകളുടെ സൗജന്യ സേവനവുമുണ്ട്. ദോഹ തുറമുഖത്തെ ആഘോഷങ്ങള്‍ 22 വരെയാണ്.
മിഷെറീബ് ഡൗണ്‍ ടൗണ്‍ ദോഹയിലെ ഈദ് ആഘോഷങ്ങളിലേക്ക് കൂടുതലും കുട്ടികളും കുടുംബങ്ങളുമാണെത്തിയത്. തല്‍സമയ വിനോദ പരിപാടികള്‍, ട്രഷര്‍ ഹണ്ട്, ഫെയ്‌സ് പെയിന്റിങ് എന്നിവയാണ് മിഷെറീബ് ഗല്ലേറിയയിലെ ആഘോഷപരിപാടികളില്‍ ചിലത്. ഈദ് ആഘോഷങ്ങളില്‍ സൂഖ് വാഖിഫും സന്ദര്‍ശകരുടെ ആകര്‍ഷണങ്ങളിലൊന്നായിരുന്നു. അതേസമയം അല്‍ ഷഖബിലെ ഈദ് ആഘോഷങ്ങള്‍ ഇന്നു മുതല്‍ 20 വരെയാണ്.
മാള്‍ ഓഫ് ഖത്തര്‍, പ്ലേസ് വിന്‍ഡോം, ദോഹ ഫെസ്റ്റിവല്‍ സിറ്റി തുടങ്ങി ഷോപ്പിങ് മാളുകളിലെ ആഘോഷങ്ങള്‍ 22ന് സമാപിക്കും. രാജ്യത്തെ വിവിധ പ്രവാസി മലയാളി സംഘടനകളും ഈദ് ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള സിനിമാ താരങ്ങളെയും ഗായകരെയും ഉള്‍പ്പെടെത്തിയുള്ള സ്റ്റേജ് ഷോകളും ഈദ് ആഘോഷത്തിന്റെ ഭാഗമായിരുന്നു.