ADVERTISEMENT

മക്ക ∙ ഈ വർഷത്തെ ഹജ് വിജയകരമായി സമാപിച്ചു. മികച്ച സംഘാടനം മൂലം അനിഷ്ട സംഭവങ്ങളോ പകർച്ചവ്യാധികളോ റിപ്പോർട്ട് ചെയ്തില്ലെന്നത് നേട്ടമായി. എല്ലാ മേഖലകളുടെയും കൂട്ടായ പ്രവർത്തനങ്ങളുടെ വിജയം കൂടിയാണിതെന്ന് മക്ക ഡപ്യൂട്ടി ഗവർണറും സെൻട്രൽ ഹജ് കമ്മിറ്റി വൈസ് ചെയർമാനുമായ സൗദ് ബിൻ മിശ്അൽ പറഞ്ഞു.

അടുത്ത ഹജ്ജിനുള്ള തയാറെടുപ്പ് വൈകാതെ തുടങ്ങുമെന്നും പറഞ്ഞു. ഇത്തവണത്തെ ഹജ് വൻ വിജയമാക്കാൻ സഹായിച്ച തീർഥാടകർക്കും നന്ദി രേഖപ്പെടുത്തി. ഹജ് തീർഥാടകർക്ക് മികച്ച സേവനം നൽകി ലോകോത്തര മാതൃകയായ സുരക്ഷാ ഉദ്യോഗസ്ഥരെയും വൊളന്റിയർമാരെയും അഭിനന്ദിച്ചു.

ദീർഘകാലത്തെ പരിചയ സമ്പത്തും സാങ്കേതിക വിദ്യയുടെ മികച്ച ഉപയോഗവും സുരക്ഷിത ഹജ് ഒരുക്കാൻ സഹായിച്ചതായി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് പറഞ്ഞു. ഹജ് സുരക്ഷാ പദ്ധതി ലക്ഷ്യം നേടിയതിൽ ഭരണാധികാരി സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും കൃതജ്ഞത അറിയിച്ചു. ഹജ് തീർഥാടനം അവസാനിച്ചതോടെ തീർഥാടകർ മടക്ക യാത്രയുടെ തിരക്കിലായി. ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവർ ചൊവ്വാഴ്ച തന്നെ ചടങ്ങ് പൂർത്തിയാക്കി മടങ്ങി. ശേഷിച്ചവർ ഇന്നലെ മിനായിലെ കല്ലേറ് പൂർത്തിയാക്കി മക്കയിൽ തിരിച്ചെത്തി. വിമാനത്തിന്റെ ലഭ്യതയനുസരിച്ച് ഇവർ വിടവാങ്ങൽ പ്രദക്ഷിണം നടത്തി പുണ്യനഗരിയോട് വിടപറയും. മദീന സന്ദർശനത്തിനു ശേഷം മലയാളികളുടെ മടക്കയാത്ര മദീനയിൽ നിന്നായിരിക്കും. 18,22,164 പേരാണ് ഈ വർഷത്തെ ഹജ് നിർവഹിച്ചത്. ഇതിൽ 16,11,310 പേർ വിദേശികളും 2,21,854 പേർ ആഭ്യന്തര തീർഥാടകരുമാണ്. 17,997 മലയാളികൾ ഉൾപ്പെടെ 1,75,025 ഇന്ത്യക്കാരാണ് ഇത്തവണ ഹജ് നിർവഹിച്ചത്.

English Summary:

Makkah Deputy Governor Announces Success of Hajj 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com