ADVERTISEMENT

മൈതാനങ്ങൾ സൊറ പറയും കാലം, അങ്ങനെയൊന്നുണ്ടായിരുന്നു നമ്മുടെ നാട്ടിൽ. സന്ധ്യമയങ്ങിയാൽ വീടിന്റെ പിന്നാമ്പുറത്ത് കൂട്ടം കൂടിയിരുന്നു നാട്ടുവിശേഷങ്ങൾ പറയുന്ന സ്ത്രീ ജനങ്ങൾ. പാടത്തും പറമ്പിലും കഥ പറഞ്ഞും വീമ്പിളക്കിയും സായാഹ്നങ്ങൾ സാന്ദ്രമാക്കുന്ന പുരുഷ പ്രജകൾ. മടൽ ബാറ്റുമായി ഒഴിഞ്ഞ പറമ്പുകളെ വാങ്കഡേ സ്റ്റേഡിയങ്ങളാക്കിയിരുന്ന കുട്ടികൾ. 

അങ്ങനെ വൈകുന്നേരങ്ങൾക്ക് എന്തെല്ലാം കാഴ്ചകളുണ്ടായിരുന്നു പങ്കുവയ്ക്കാൻ. ഇന്ന് ഒഴി‍ഞ്ഞ പറമ്പു കാണാൻ കിട്ടുമോ? കിട്ടിയാൽ തന്നെ അതിലേക്ക് ആരെയെങ്കിലും കയറ്റുമോ? കയറിയാൽ തന്നെ കാടു പിടിച്ച പറമ്പിൽ കുത്തിയിരുന്ന് എന്ത് പറയാനാണ്. വീടിന്റെ പിന്നാമ്പുറങ്ങൾക്ക് ഇടയിൽ ഉയർന്ന മതിലുകൾ ഇല്ലാതാക്കിയത് പതിവായി നടന്നിരുന്ന വട്ടമേശ സമ്മേളനങ്ങളെയാണ്. ഇന്ന് അതിനെല്ലാം മലയാളികൾ കണ്ടെത്തിയിരിക്കുന്ന പരിഹാരം വാട്സാപ് ഗ്രൂപ്പുകളാണ്. ഗ്രൂപ്പിലിട്ടു ചർച്ച ചെയ്തും ഗുഡ്മോണിങ്ങും ഗുഡ്നൈറ്റും അയച്ചും ശീലത്തിന് ഹൈടെക്ക് മാനം നൽകി നമ്മുടെ നാട്ടുകാർ. നമ്മുടെ നാട്ടിലിതാണെങ്കിൽ ദുബായ് നഗരത്തിലെ സ്ഥിതി എന്താകും? ഇവിടെ ആളുകൾക്ക് പരസ്പരം കാണാൻ കൂടി സമയം കിട്ടുമോ? ഇവിടത്തെ രീതികളെന്തൊക്കെയാകുമെന്നു തലപുകച്ചു വരുമ്പോൾ കാണുന്ന കാഴ്ച കണ്ടാൽ നമ്മൾ ഞെട്ടും. പണ്ട് നമ്മുടെ നാട്ടിലെ നാലുമണി സല്ലാപം അതിന്റെ എല്ലാ തനിമയോടും കൂടി ഇവിടെ ആഘോഷിക്കുന്നു. 

അതല്ലേലും അതങ്ങനാണല്ലോ. നാടു വിട്ടു കഴിയുമ്പോഴാണ് നാട്ടിലെ പലതിനോടും നമുക്ക് സ്നേഹം കൂടുന്നത്. ഇവിടെ ചെറിയൊരു വ്യത്യാസം മാത്രം, കൂട്ടം കൂടിയിരിക്കുന്നതിൽ മലയാളി മാത്രമല്ല എല്ലാ രാജ്യക്കാരുമുണ്ട്. നാട്ടിലെ മൈതാനങ്ങൾക്ക് പകരം ഇവിടെ പാർക്കിങ് ഗ്രൗണ്ടുകളാണ് സൊറ പറയൽ കേന്ദ്രങ്ങൾ. ഫ്ലാറ്റുകൾക്ക് മുന്നിലെ ഒഴിഞ്ഞ സ്ഥലവും വരാന്തയുമൊക്കെ ഒത്തുകൂടൽ വേദികളാണ്. രാവിലെ അതിവേഗം ഓഫിസിലേക്കു ചീറി പായുന്നവർ വൈകുന്നേരം മടങ്ങിയെത്തിയാൽ വീടിനു വെളിയിൽ ഇറങ്ങി അൽപനേരം സാമൂഹിക ഇടപെടലിനായി നീക്കിവയ്ക്കും. കൂടെ കുട്ടികളെയും കൂട്ടും. 

അങ്ങനെ വിവിധ ഫ്ലാറ്റുകളിൽ കഴിഞ്ഞിരുന്നവർ ഈ തുറസ്സായ സ്ഥലത്ത് പല സമയങ്ങളിലായി ഒത്തുകൂടും. അവർക്കു പങ്കുവയ്ക്കാൻ ഒരുപാടു വിശേഷങ്ങൾ കാണും. മലയാളികളായിരിക്കും ഇതിൽ ഭൂരിഭാഗവും. ഒപ്പം ഹിന്ദിക്കാരും തമിഴരുമൊക്കെയുണ്ട്. 

ഇതിനു പുറമെ ആഫ്രിക്കക്കാരും ഫിലിപ്പീനികളും പാക്കിസ്ഥാനികളും ചേരും. നാട്ടിലെ അയൽക്കൂട്ടത്തിന്റെ ഒരു രാജ്യാന്തര വേർഷൻ. വാടക പുതുക്കൽ കരാർ മുതൽ വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ കന്നി മത്സരം വരെ അങ്ങനെ വിവിധ വിഷയങ്ങൾ അവിടെ ചർച്ച ചെയ്തു പാസാക്കും. കുട്ടികൾ പതുക്കെ അവരുടെ ഒരു സംഘത്തിനു രൂപം നൽകും. സ്ത്രീകൾ അവരുടേതായ ഗ്യാങ്ങിനെ സെറ്റാക്കും. രാത്രി 8 വരെയൊക്കെ സംസാരം നീളും. പിന്നീട് പലരും പല വഴിക്ക്. ചിലർ അടുക്കളയിലേക്ക്, മറ്റു ചിലർ റസ്റ്ററന്റുകളിലേക്ക്. ഇന്ന് ഈ കൂട്ടായ്മയ്ക്ക് എതിരെ പ്രവർത്തിക്കുന്ന ഒരേയൊരാൾ സൂര്യനാണ്. ചൂട് അതിന്റെ മെർക്കുറി ലെവൽ ഉയർത്തിക്കൊണ്ട് ഇരിക്കുന്നതിനാൽ, വൈകുന്നേര ചർച്ചകൾ തുടങ്ങാൻ പലപ്പോഴും വൈകുന്നു. 

വൈകിട്ട് 6ന് പോലും പൊള്ളുന്ന ചൂടും തീ പോലുള്ള വെയിലുമാണ്. രാത്രി ഏഴു കഴിയണം ചൂടൊന്ന് ആറാൻ. ഉഷ്ണം കൂടി ഉള്ളതു കൊണ്ട് ഈ വേനൽക്കാല ചർച്ചകൾക്ക് പലപ്പോഴും ആളുകൾ കുറയും. എങ്കിലും അന്യം നിന്നു പോയൊരു കൂടിച്ചേരൽ, ഈ പ്രവാസ മണ്ണ് വീണ്ടെടുക്കുന്നതിൽ സന്തോഷിക്കാം. ആളുകൾ ഒരുമിച്ചിരിക്കുന്നതും സന്തോഷിക്കുന്നതും എത്ര സുഖമുള്ള കാഴ്ചയാണ്. തുടരട്ടെ ചർച്ചകൾ.

English Summary:

Evening in UAE - Karama Kathakal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com