ക്രിക്കറ്റ് കളിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്രവാസി വീട്ടിലേക്ക് മടങ്ങുന്നതിടെ അന്തരിച്ചു
Mail This Article
ദുബായ്∙ ക്രിക്കറ്റ് കളിക്കിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായ പ്രവാസി ഇന്ത്യക്കാരൻ താമസസ്ഥലത്തേക്ക് മടങ്ങുന്നതിടെ മരിച്ചു. മുംബൈ സ്വദേശി മന്ദീപ് സിങ്ങാ(40)ണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി 8.30നാണ് സംഭവം.
ഷാർജയിലെ വിഷൻ ക്രിക്കറ്റ് ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം തോന്നി കുഴഞ്ഞുവീണ മന്ദീപ് സിങ്ങിനെ എനർജി ഡ്രിങ്കും ജ്യൂസും മറ്റും നൽകുകയും വിശ്രമത്തിന് അനുവദിക്കുകയും ചെയ്തിരുന്നു. പിന്നീട് ആശ്വാസം തോന്നിയെങ്കിലും കളി തുടർന്നില്ല. മത്സരശേഷം ടീം അംഗങ്ങളോടൊപ്പം കാറിൽ ദുബായ് അൽ നഹ്ദ 2ലെ താമസ സ്ഥലത്തേക്ക് പുറപ്പെട്ടു. എന്നാൽ ഷാർജ–അൽ നസ്വ റോഡിലെത്തിയപ്പോൾ ശ്വാസതടസ്സമുണ്ടാവുകയും കാറിൽ തന്നെ കുഴഞ്ഞുവീഴുകയുമായിരുന്നു.
കൂടെയുണ്ടായിരുന്നവർ പ്രാഥമിക ചികിത്സ നല്‍കി, ഉടൻ ആംബുലൻസ് വിളിച്ച് അൽ ദൈദ് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരിച്ചിരുന്നു.
മരണ കാരണം ഇതുവരെ പൊലീസ് പുറത്തുവിട്ടിട്ടില്ല. മോർച്ചറിയിലുള്ള മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കഴിഞ്ഞ 15 വർഷമായി യുഎഇയിലുള്ള മന്ദീപ് സിങ് ദുബായ് ആസ്ഥാനമായുള്ള വിമാനകമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. കഠിനമായ ചൂടിൽ തുറസ്സായ സ്ഥലത്ത് കായികപരിപാടികളിൽ പങ്കെടുക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.