യുവതിയുടെ സങ്കടം കേട്ട് ഖത്തർ എയർവേയ്‌സ് സിഇഒ; അതിവേഗം പരിഹാരം ,ഹൃദ്യം
Mail This Article
ദോഹ ∙ ദോഹ വിമാനത്താവളത്തിൽ നിന്ന് സ്റ്റാൻഡ്ബൈ (ഫ്ലൈറ്റിൽ സീറ്റ് ഉറപ്പുനൽകാത്ത ടിക്കറ്റ്) ടിക്കറ്റുമെടുത്താണ് അമേരിക്കൻ സംരംഭകനായ പോൾ ബെർണാർഡ് ജറോസ്ലാവ്സ്കിയുടെ സഹോദരി അമേരിക്കയിലേക്ക് പറക്കാൻ തയാറെടുത്തത്. യാത്രക്കാർ വിമാനത്തിൽ കയറിയതിന് ശേഷം സീറ്റ് ലഭ്യമാണെങ്കിൽ സ്റ്റാൻഡ്ബൈ ടിക്കറ്റെടുത്ത ആളെ വിമാനത്തിൽ കയറാൻ അനുവദിക്കും.
ദോഹയിൽ നിന്ന് ഷിക്കാഗോയിലേക്കുള്ള വിമാനത്തിൽ കയറാമെന്നായിരുന്നു ജറോസ്ലാവ്സ്കിയുടെ സഹോദരി ആദ്യം കരുതിയത്. എന്നാൽ ഭാരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എയർലൈൻ കൂടൂതൽ യാത്രക്കാരെ കയറ്റാൻ വിസമ്മതിച്ചു. വാഷിങ്ടൻ ഡിസിയിലേക്ക് വിമാനം കയറാൻ ശ്രമിച്ചപ്പോഴും സമാനമായ സാഹചര്യം ഉണ്ടായി. ഖത്തർ എയർവേയ്‌സ് ജീവനക്കാര്‍ വിമാനത്തിലെ ഭാരം നിയന്ത്രിക്കുന്നത് സംബന്ധിച്ച് കാര്യം പറഞ്ഞു.
ദോഹയിൽ നിന്ന് പറക്കാനുള്ള തന്റെ ശ്രമങ്ങൾ എല്ലാം പരാജയപ്പെട്ടുവെന്ന് ചിന്തിച്ചിരുന്ന സമയത്താണ് ഒരാൾ അവളുടെ അടുത്തേക്ക് വന്നത്. അവളുടെ സങ്കടത്തിനു പിന്നിലെ കാര്യം തിരക്കി. തന്റെ സാഹചര്യം അവൾ ആ മനുഷ്യനോട് പങ്കുവച്ചു. ബിസിനസ് ക്ലാസ് ലോഞ്ചിൽ കാത്തിരിക്കാനും കാര്യങ്ങൾ ശരിയാകുമെന്നും ഉറപ്പുനൽകി അദ്ദേഹം പോയി.
കുറച്ചുകഴിഞ്ഞ് ഖത്തർ എയർവേയ്‌സിൽ ന്യൂയോർക്കിലേക്ക് അവൾക്ക് ടിക്കറ്റും ലഭിച്ചു. അതും ബിസിനസ് ക്ലാസ് ടിക്കറ്റ്. ഇതെങ്ങനെ എന്ന് ആശ്ചര്യപ്പെടുമ്പോഴാണ് അവൾ സത്യം മനസ്സിലാക്കുന്നത്. താൻ വിഷമം പങ്കുവച്ചത് മറ്റാരോടുമായിരുന്നില്ല, ഖത്തർ എയർവേയ്‌സിന്റെ സിഇഒ ബദർ മുഹമ്മദ് അൽ മീറിനോടായിരുന്നു എന്ന്.