രാജ്യത്തെ ടൂറിസം മേഖലയ്ക്ക് ദോഷം വരുത്തുന്ന നിലപാട് സ്വീകരിച്ചാൽ കർശന നടപടിയെന്ന് ബഹ്‌റൈൻ
Mail This Article
മനാമ ∙ രാജ്യത്തെ ടൂറിസം മേഖലയ്ക്ക് ദോഷം വരുത്തുന്നവർക്ക് 500 മുതൽ 8,000 ബഹ്‌റൈൻ ദിനാർ വരെ പിഴ ഈടാക്കുമെന്ന് ബഹ്‌റൈൻ ടൂറിസം മന്ത്രി ഫാത്തിമ അൽ സൈറാഫി മുന്നറിയിപ്പ് നൽകി. ബഹ്‌റൈനിന്‍റെ യശസ്സിന് കോട്ടം തട്ടുന്നതോ ടൂറിസം മേഖലയ്ക്ക് പേരുദോഷം വരുത്തുകയോ ആയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കോടതി ഇടപെടൽ ഇല്ലാതെ തന്നെ വേഗത്തിലും ഫലപ്രദമായും നടപടി സ്വീകരിക്കും. ടൂറിസം വ്യവസായത്തിൽ വലിയ മുന്നേറ്റം നടത്താനുള്ള നീക്കങ്ങളാണ് ബഹ്‌റൈൻ നടത്തുന്നത്. അതുകൊണ്ടു തന്നെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമെന്ന രാജ്യത്തിന്റെ പ്രശസ്തിക്ക് കളങ്കം വരുത്താനുള്ള ഏതൊരു ശ്രമവും ശക്തമായി നേരിടും.
എണ്ണയെ ആശ്രയിക്കുന്നതിന് പകരം ടൂറിസം വ്യവസായത്തെ കേന്ദ്രീകരിച്ച് സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കാൻ ബഹ്‌റൈൻ പദ്ധതിയിടുന്നു. ഹോട്ടലുകൾ, ഫർണിഷ്ഡ് അപ്പാർട്ട്‌മെന്‍റുകൾ, റസ്റ്ററന്‍റുകൾ, ടൂർ ഗൈഡിങ്, ട്രാവൽ ഏജൻസികൾ എന്നിവിടങ്ങളിലെ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള സംവിധാനം നടപ്പാക്കും.
ഈ നയത്തിന് പ്രതികൂലമായ നിലപാട് സ്വീകരിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കനത്ത പിഴയും ഉടൻ തന്നെയുള്ള അടച്ചുപൂട്ടലും നേരിടേണ്ടി വരും. ആവർത്തിച്ചുള്ള ലംഘനങ്ങൾക്ക് കൂടുതൽ കഠിനമായ ശിക്ഷകൾ ഏർപ്പെടുത്തും. ഒരു വർഷത്തിനുള്ളിൽ തുടർച്ചയായി ലംഘനം നടത്തുന്നവർക്ക് പിഴ ഇരട്ടിയാകും. മൂന്ന് വർഷത്തിനുള്ളിൽ ആവർത്തിച്ചുള്ള ലംഘനം നടത്തുന്നവർക്ക് ദിവസേന കണക്കാക്കുന്ന പിഴയും ഇരട്ടിയാകുമെന്ന് ടൂറിസം മന്ത്രി വ്യക്തമാക്കി.