‘അപകടങ്ങളില്ലാത്ത വേനൽ’; ട്രാഫിക് സുരക്ഷാ നടപടികൾ ശക്തമാക്കാൻ ദുബായ് പൊലീസ്
Mail This Article
ദുബായ് ∙ ആഭ്യന്തര മന്ത്രാലയം സെപ്തംബർ 1 വരെ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ‘അപകടങ്ങളില്ലാത്ത വേനൽ’ ക്യാംപെയിനിന്റെ ഭാഗമായി ട്രാഫിക് സുരക്ഷാ നടപടികൾ ശക്തമാക്കാൻ ദുബായ് പൊലീസ് ഒരുങ്ങി. ദുബായ് പൊലീസ് ഓപറേഷൻസ് അഫയേഴ്‌സ് അസിസ്റ്റൻ്റ് കമാൻഡൻ്റ് മേജർ ജനറൽ അബ്ദുല്ല അലി അൽ ഗൈത്തിയുടെ സാന്നിധ്യത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്തിന്റെ വിവിധ എമിറേറ്റുകളിൽ നടക്കുന്ന ട്രാഫിക് അപകടങ്ങളുടെയും അതുമായി ബന്ധപ്പെട്ട പരുക്കുകളുടെയും മരണങ്ങളുടെയും എണ്ണം കുറയ്ക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങളുടെ ഭാഗമായാണ് ക്യാംപെയിൻ. സ്വകാര്യ മേഖലകൾ കൂടി ഇൗ വാർഷിക പരിപാടിയിൽ പങ്കെടുക്കുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ദുബായിൽ വേനൽ മാസങ്ങളിൽ (ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെ) ട്രാഫിക് സംബന്ധമായ മരണങ്ങളുടെ എണ്ണം അദ്ദേഹം വിശദീകരിച്ചു.
∙ റോഡപകട മരണങ്ങൾ: 2021–2023
2023: 30 മരണം, 45 ഗുരുതരമായ പരുക്കുകൾ, 308 മിതമായ പരുക്കുകൾ, 283 നിസാര പരിക്കുകൾ
2022: 36 മരണം, 35 ഗുരുതരമായ പരുക്കുകൾ, 314 മിതമായ പരുക്കുകൾ, 315 നിസാര പരുക്കുകൾ
2021: 26 മരണം, 41 ഗുരുതരമായ പരുക്കുകൾ, 178 മിതമായ പരുക്കുകൾ, 217 നിസാര പരുക്കുകൾ.
യോഗത്തിൽ ദുബായ് പൊലീസ് ട്രാഫിക് ജനറൽ ഡിപാർട്ട്‌മെൻ്റ് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയി, റാസൽഖൈമ പൊലീസ് ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പ് ഡയറക്ടർ ബ്രി. അഹ്മദ് അൽസാം അൽ നഖ്ബി, സായിദ് അബ്ദുറഹ്മാൻ അൽ ഖുബൈദി, വിവിധ പൊലീസ് സ്‌റ്റേഷനുകളുടെ ഡയറക്ടർമാർ, ജനറൽ ഡിപാർട്ട്‌മെൻ്റ് ഓഫ് ട്രാഫിക്കിലെ സബ് ഡിപാർട്ട്‌മെൻ്റുകളുടെ ഡയറക്ടർമാർ, ഒട്ടേറെ മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ സംബന്ധിച്ചു.