40,000 രൂപ വരുമാനം, വയസ്സ് 10; യൂസഫലിയേയും ദുബായ് കിരീടാവകാശിയേയും കാണാൻ ആഗ്രഹിച്ച് ‘കുട്ടി സംരംഭകൻ’
Mail This Article
ദുബായ് ∙ സമ്മാനമായി കിട്ടിയ സോപ്പ് കിറ്റ് തന്നെ കച്ചവടക്കാരനായി മാറ്റിയ കഥയാണ് ഷാർജയിലെ പത്തു വയസുകാരനായ ഇസാന്‍ അഫാക്കിന് പറയാനുളളത്. ദുബായിലെ ഓയാസീസ് മാളില്‍ വാരാന്ത്യത്തില്‍ പോയാല്‍ ഇസാന്‍റെ അസല്‍ ഓർഗാനിക് ഹോം മെയ്ഡ് സോപ്പ് വാങ്ങാം. കഴിഞ്ഞ രണ്ട് വർഷമായി ദുബായ് ഓയാസീസ് മാളില്‍ വാരന്ത്യത്തിലെ സ്ഥിരം കച്ചവടക്കാരനാണ് ഇസാന്‍.
കുഞ്ഞു സംരംഭകരെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സൗജന്യമായാണ് കുട്ടികള്‍കള്‍ക്ക് കച്ചവടം ചെയ്യാനുളള സൗകര്യം മാള്‍ അധികൃതർ നല‍്കുന്നത്. ഇസാന് ആഴ്ചയില്‍ ശരാശരി 500 ദിർഹത്തിന്‍റെ കച്ചവടം നടക്കാറുണ്ട്. അങ്ങനെ വരുമ്പോള്‍ മാസത്തില്‍ 2000 ദിർഹം വരെ (ഏകദേശം 40,000 ഇന്ത്യന്‍ രൂപ) ലഭിക്കാറുണ്ട്, ഇസാന് വരുമാനമായി.
∙ സോപ്പ് ബൊക്കെ പുതിയ ആകർഷണം, വർക്ക് ഷോപ്പിലും സജീവം
80-90 ഗ്രാം സോപ്പിന് 20 ദിർഹമാണ് വില. സോപ്പിലുണ്ടാക്കിയ ബൊക്കെയാണ് ഇസാന്‍റെ വില്‍പനയിലെ പുതിയ ആകർഷണം. പ്ലാസ്റ്റിക് ബൊക്കെകള്‍ക്ക് പകരം ഉപയോഗിക്കാന്‍ കഴിയുന്ന സോപ്പ് ബൊക്കെകള്‍ക്ക് ആവശ്യക്കാരും നിരവധി. സമ്മാനമായി നല്‍കാമെന്നതിനേക്കാള്‍ പ്രകൃതി സൗഹൃദമാണെന്നുളളതും ഉപകാരപ്രദമാണെന്നുളളതും സോപ്പ് ബൊക്കെയുടെ പ്രത്യേകതയാണ്. സോപ്പിന്‍റെ തൂക്കത്തിന് അനുസരിച്ചാണ് ബൊക്കെയുടെ വില.
സോപ്പുണ്ടാക്കുന്ന വർക്ക് ഷോപ്പും നടത്തുന്നുണ്ട് ഇപ്പോള്‍. നാല് മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന ഇത്തരം വർക്ക് ഷോപ്പുകളില്‍ നിരവധി കുട്ടികളാണ് സോപ്പുണ്ടാക്കുന്നത് പഠിക്കാനെത്തുന്നത്. വേനലവധി ദിനങ്ങളില്‍ ദമാക് പ്രോപ്പർട്ടീസിലും വർക്ക് ഷോപ്പ് നടത്താനായി ഇസാന് ക്ഷണമുണ്ട്.
∙ ദുബായ് കിരീടാവകാശിയെ കാണാന്‍ ആഗ്രഹം, റോള്‍ മോഡല്‍ എം എ യൂസഫലി
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ കാണണമെന്നുളളതാണ് കുഞ്ഞ് ഇസാന്‍റെ വലിയ ആഗ്രഹം. അതിന് അവന് പ്രചോദനമായത് ഹംദാനെ കുറിച്ച് പിതാവ് പറഞ്ഞു കൊടുത്ത കാര്യങ്ങള്‍ തന്നെയാണ്. എല്ലാവരേയും പ്രചോദിപ്പിക്കുന്നതാണ് ഷെയ്ഖ് ഹംദാന്‍റെ പ്രവർത്തനങ്ങളെന്ന് ഇസാന്‍ പറയുന്നു. മലയാളികളുടെ അഭിമാനമായ എം എ യൂസഫലിയേയും കാണാന്‍ ഇസാന് ആഗ്രഹമുണ്ട്.
∙ തുടക്കം ഉമ്മ സമ്മാനമായി നല്‍കിയ സോപ്പ് കിറ്റില്‍ നിന്ന്
ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയിൽ എൻജിനീയറായ അബ്ദുൽ മനാഫിന്‍റെയും നഫ്സീനയുടെയും മൂത്ത മകനാണ് ഇസാൻ. ഏഴാം വയസ്സില്‍ ഉമ്മ സമ്മാനമായി നല്‍കിയ സോപ്പ് കിറ്റാണ് ഇസാനെ സംരംഭകനാക്കിയത്. ടിവിയില്‍ നിന്നും മൊബൈലില്‍ നിന്നുമെല്ലാം ശ്രദ്ധ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് അന്ന് ആ സമ്മാനം നല്‍കിയതെന്ന് ഉമ്മ നഫ്സീന പറഞ്ഞു.
2021 ല്‍ കുഞ്ഞു സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ദുബായ് മുനിസിപ്പാലിറ്റി നടത്തിയ പരിപാടിയില്‍ ഭാഗമായി. അതായിരുന്നു തുടക്കം. പത്ത് പേരായിരുന്നു മൂന്ന് ദിവസത്തെ പരിപാടിയിലുണ്ടായിരുന്നത്. ആദ്യ ദിവസം തന്നെ ഇസാനുണ്ടാക്കിയ സോപ്പുകള്‍ മുഴുവനും വിറ്റുപോയി. കച്ചവടത്തിന്‍റെ ആദ്യ ദിവസം തന്നെ 200 ദിർഹം വരുമാനമായി ലഭിച്ചതോടെ ഇതാണ് വഴിയെന്ന് ഇസാന്‍ ഉറപ്പിച്ചു. രണ്ടാം ദിവസം വില്‍ക്കാനുളള സോപ്പ് അന്ന് രാത്രി ഉറക്കമിളച്ചാണ് ഉണ്ടാക്കിയതെന്ന് നഫ്സീന ഓർക്കുന്നു. അതിന് ശേഷം ഷാർജ കോപറേറ്റീവ് റഹ്മാനിയ മാളിലും പരിപാടിയില്‍ പങ്കെടുത്തു. പിന്നീടാണ് ദുബായ് ഓയാസീസ് മാളില്‍ എത്തുന്നത്.
∙ എല്ലാം തനിച്ച്, കുക്കിങും ഇഷ്ടം
സോപ്പുണ്ടാക്കാനാവശ്യമായ സോപ്പ് ബേസ് ചെറുതായി മുറിച്ച് ഡബിള്‍ബോയില്‍ ചെയ്യുന്നത് ഉള്‍പ്പടെ എല്ലാം ചെയ്യുന്നത് ഇസാന്‍ തനിച്ചാണ്. ഡബിള്‍ ബോയില്‍ ചെയ്തതിന് ശേഷം എസന്‍ഷ്യല്‍ ഓയിലും ഫ്ലേവറുമെല്ലാം ചേർക്കും. പിന്നീട് ഏത് ആകൃതിയിലാണോ സോപ്പുവേണ്ടത് അതിലേക്ക് ഒഴിച്ചുവയ്ക്കും. ഗ്യാസ് കത്തിക്കലും ഡബിള്‍ബോയിലിംഗുമെല്ലാം ഒറ്റയ്ക്ക് തന്നെ ചെയ്യും.
സോപ്പിന്‍റെ വലിപ്പത്തിന് അനുസരിച്ച് 2 മുതല്‍ 4 മണിക്കൂർ വരെ ആവശ്യമായി വരും സോപ്പ് ഖര രൂപത്തിലായി വരാന്‍. തണുത്തിന് ശേഷമാണ് പായ്ക്കിങെല്ലാം. അതിന് ഉമ്മ സഹായിക്കും. സോപ്പുണ്ടാക്കുന്നത് മാത്രമല്ല, മുത്തുകൊണ്ട് മാലയും ബ്രേസ്ലറ്റുമുള്‍പ്പടെയുളള ജ്വല്ലറികളും ഉണ്ടാക്കുന്നു. ചേട്ടന്‍റെ പാത പിന്തുടർന്ന് അനിയനും ഒപ്പമുണ്ട്. 15 മുതല്‍20 ദിർഹം വരെയാണ് വില. ആളുകളില്‍നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. Izas_soaphouse എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയും സോപ്പ് തേടിയെത്താറുണ്ട് പലരും. അജ്മാൻ അൽജർഫിലെ ഹാബിറ്റാറ്റ് സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് ഇസാന്‍. പഠനത്തിലും പാചകത്തിലും മിടുക്കനാണ്.