സുസ്ഥിര സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തൽ; പൊതു–സ്വകാര്യ പങ്കാളിത്തം ശക്തമാക്കാൻ യുഎഇ
Mail This Article
അബുദാബി ∙ സർക്കാർ– സ്വകാര്യ പങ്കാളിത്തം ശക്തമാക്കാൻ പുതിയ മാർഗരേഖയ്ക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ. സ്വകാര്യ മേഖലയുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തി സർക്കാർ പദ്ധതികൾ ഊർജിതമാക്കുന്നതിനുള്ള നടപടിക്രമങ്ങളാണ് മാർഗരേഖയിലുള്ളത്.
പദ്ധതികളുടെ രൂപരേഖ, ആസൂത്രണം, നടത്തിപ്പ് തുടങ്ങിയവയിൽ ഇരുകൂട്ടരുടെയും അവകാശങ്ങളും ഉത്തരവാദിത്തവും വിശദീകരിക്കുന്നു. ഊർജം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം, സാമൂഹിക സേവനം തുടങ്ങിയ മേഖലകൾക്കാണ് ആദ്യഘട്ടത്തിൽ മുൻഗണനയെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. സഹകരണത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ഇരുകൂട്ടർക്കും ഗുണം ചെയ്യുംവിധം പ്രത്യേക മാർഗരേഖ തയാറാക്കിയത്. പദ്ധതികൾ കൈകാര്യം ചെയ്യുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും സർക്കാർ ജീവനക്കാരെ പരിശീലിപ്പിക്കും. പദ്ധതിയുടെ ആസൂത്രണം, സാധ്യതാ പഠനം, നിർമാണം, നടത്തിപ്പ് തുടങ്ങിയവയിൽ സർക്കാരിന്റെയും സ്വകാര്യമേഖലയുടെയും പങ്കാളിത്തം സംബന്ധിച്ചും വിശദീകരിക്കുന്നുണ്ട്. ഇതുസംബന്ധിച്ച 2023ലെ നിയമമാണ് പരിഷ്കരിച്ചത്.
സുസ്ഥിര സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ധനകാര്യ സഹമന്ത്രി മുഹമ്മദ് ഹാദി അൽ ഹുസൈനി പറഞ്ഞു. പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണവും പങ്കാളിത്തവും ലക്ഷ്യം നേടാനും സ്ഥാനം മെച്ചപ്പെടുത്താനും സാധിക്കുമെന്നും പറഞ്ഞു. പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തം വർധിപ്പിക്കുന്നതുവഴി യുഎഇയുടെ സാമൂഹികവും സാമ്പത്തികവുമായ വികസനം ശക്തമാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ.