റോയൽ സൗദി നേവൽ ഫോഴ്‌സിന്റെ കിങ് ഫഹദ് നേവൽ അക്കാദമിയിൽ നിന്ന് 76 ട്രെയിനികൾ പരിശീലനത്തിനായി കൊച്ചിയിൽ
Mail This Article
ദമാം ∙ റോയൽ സൗദി നേവൽ ഫോഴ്‌സിന്റെ (RSNF) കിങ് ഫഹദ് നേവൽ അക്കാദമിയിൽ നിന്നുള്ള 76 ട്രെയിനികൾ പരിശീലനത്തിനായി കൊച്ചിയിലെത്തി. ജൂൺ 24ന് കൊച്ചിയിലെ സതേൺ നേവൽ കമാൻഡിൽ ഇന്ത്യൻ നേവിയുടെ 1ടി എസ് എന്ന ആദ്യ പരിശീലന സ്ക്വാഡ്രണിലാണ് ചേർന്നത്. ഇന്ത്യയിലേക്ക് പരിശീലനത്തിന് എത്തിയ നാവികസേനാ ട്രെയിനികളുടെ രണ്ടാമത്തെ ബാച്ചാണിത്. 1ടിഎസ് മുഖാന്തിരം 2023 മെയ്-ജൂൺ മാസങ്ങളിൽ സൗദിയിൽ നിന്നുള്ള ആദ്യ ബാച്ച് സമാനമായ പരിശീലനം നേടിയിട്ടുണ്ട്. കൊച്ചിയിലെത്തിയ പരിശീലനാർത്ഥികൾക്ക് 1ട്രെയിനിങ് സ്ക്വാഡ്രൺ സീനിയർ ഓഫീസർ ഊഷ്മളമായ സ്വീകരണം നൽകി. ക്യാപ്റ്റൻ അൻഷുൽ കിഷോർ ഉദ്ഘാടന പ്രസംഗത്തിൽ നാലാഴ്ചത്തെ പരിശീലന പരിപാടിയുടെ രൂപരേഖ അവതരിപ്പിച്ചു.
പരിശീലന പാഠ്യപദ്ധതി അടിസ്ഥാന സീമാൻഷിപ്പ് പ്രവർത്തനങ്ങൾ മുതൽ തുറമുഖ ഘട്ടത്തിലെ സിമുലേറ്റർ അധിഷ്ഠിത പരിശീലനം വരെ നീളുന്നു, അതുപോലെ സമുദ്ര പഠന ഘട്ടത്തിൽ കടലിലെ ജീവിതത്തിന്റെ സൂക്ഷ്മതകളിലേക്കും ജാഗ്രതാ പൂർണ്ണമായ പ്രായോഗിക സമ്പർക്കത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതാണ്. ഇതോടൊപ്പം ടെയിനികൾക്ക് 1ടി എസ് ന്റെ പരിശീലനകപ്പലിൽ കപ്പലോട്ടത്തിലുള്ള പരിശീലനവും നൽകും.
107ഇന്റഗ്രേറ്റഡ് ഓഫീസേഴ്സ് പരിശീലന പദ്ധതിയുടെ(ഐഒടിസി) ഇന്ത്യൻ നേവൽ ട്രെയിനികൾക്കൊപ്പം സൌദി നാവിക ട്രെയിനികൾക്കുമുള്ള പരിശീലനം ഇരു കൂട്ടർക്കുമിടയിൽ സൗഹൃദവും പരസ്പര ധാരണയും വളർത്തിയെടുക്കും. കഴിഞ്ഞ ജനുവരിയിൽ റോയൽ സൗദി നേവൽ ഫോഴ്സ് ചീഫ് ഓഫ് സ്റ്റാഫ് അഡ്മിൻ ഫഹദ് അബ്ദുല്ല എസ് അൽഗൊഫൈലി ഔദ്യോഗിക സന്ദർശനത്തിനിടെ കൊച്ചിയിലെ ദക്ഷിണ നേവൽ കമാൻഡ് സന്ദർശിച്ചിരുന്നു.
സൗദിയും ഇന്ത്യയും ദീർഘകാലമായി സൗഹൃദപരമായ ഉഭയകക്ഷി ബന്ധമാണുള്ളത്. ഇപ്പോൾ ന്യൂഡൽഹിയും റിയാദും തമ്മിലുള്ള പ്രതിരോധ സഹകരണത്തിൽ എറെ വളർന്നിട്ടുമുണ്ട്. ഇരു നാവികസേനകളും തമ്മിലുള്ള പരിശീലന സഹകരണം ഇന്ത്യയും സൗദി അറേബ്യയും പരസ്പരമുള്ള ദീർഘകാല സൗഹൃദത്തിന്റെ പങ്കുവെക്കപ്പെട്ട പ്രതിബദ്ധതയുടെയും സാക്ഷ്യമാണ്.