ADVERTISEMENT

ദോഹ ∙  ഖത്തറിലെ പ്രവാസി സമൂഹത്തിന്റെ നൊമ്പരമായി മാറിയ കുഞ്ഞു മാലാഖ മൽഖ റൗഹിയുടെ ജീവിതം തിരിച്ചുപിടിക്കാൻ ഇനിയും വേണം 6 ദശലക്ഷം ഖത്തർ റിയാൽ. കാരുണ്യത്തിന്റെയും കരുതലിന്റെയും ഗന്ധമുള്ള പ്രവാസത്തിലെ വിയർപ്പ് തുള്ളികളിൽ നിന്നും ഒഴുകിയെത്തിയ നാണയ തുണ്ടുകൾ ഉൾപ്പെടെ ചേർത്ത് ഇതുവരെ 50 ലക്ഷം ഖത്തർ റിയാലിനു മുകളിൽ ശേഖരിക്കാൻ സാധിച്ചു. ഖത്തറിലെ വിവിധ പ്രവാസി കൂട്ടായ്മകളും സ്വദേശികളും വിദേശികളുമായ ജീവകാരുണ്യ പ്രവർത്തകരും ഒത്തുരുമിച്ചു നിന്നപ്പോഴാണ് 50 ലക്ഷം എന്ന വലിയ തുകയിലേക്കു ഇത് എത്തിയത് .  ബിരിയാണി ചലഞ്ച് മുതൽ ഷൂട്ടൗട്ട് മത്സരം വരെ സംഘടിപ്പിച്ചാണ് ഖത്തറിലെ പ്രവാസി സംഘടനകൾ മൽഖ റൗഹിയുടെ പുഞ്ചിരി നിലനിർത്താനുള്ള ശ്രമത്തിൽ പങ്കാളികളായത്.

പാലക്കാട് മേപ്പറമ്പ് സ്വദേശിയായ റിസാലിനും ഖത്തർ പോഡാർ സ്കൂളിലെ കിൻഡർ ഗാർഡൻ അധ്യാപികയായിരുന്ന നിഹാലയുടെയും കണ്ണിന് കുളിർമയേകി ജനിച്ച മൽഖ ജീവിതത്തിൽ ഒരു നൊമ്പരമായി മാറുമെന്നവർ പ്രതീക്ഷിച്ചിരുന്നില്ല. 2023 നവംബർ 27ന് ഖത്തർ ഹമദ് ആശുപത്രിയിലാണ് മൽഖ റൗഹിയുടെ ജനനം. പിറന്നുവീണു രണ്ടാം മാസം വൈദ്യശാസ്ത്രത്തിൽ തന്നെ ഏറ്റവും ചിലവേറിയ രോഗം കുഞ്ഞു മൽഖയിൽ തിരിച്ചറിഞ്ഞു. സ്പൈനൽ മസ്കുലാർ അട്രോഫി (എസ്എംഎ) രോഗം സ്ഥിരീകരിച്ചതോടെ മാസങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ ലഭിച്ച കുഞ്ഞു മാലാഖ ആ കുടുംബത്തിന്റെ മാത്രമല്ല പ്രവാസ ലോകത്തിന്റെ തന്നെ കണ്ണീരായി മാറുകയായിരുന്നു. വാക്സിനേഷന് ആശുപത്രിയിൽ വന്നപ്പോൾ കുട്ടിയുടെ ശരീര അനക്കത്തിൽ അസ്വഭാവികത കണ്ടതോടുകൂടിയാണ് ഡോക്ടർ കുട്ടിക്ക് എസ്എംഎ ടൈപ്പ് വൺ എന്ന മാരകമായ രോഗമാണ് എന്ന സംശയം പ്രകടിപ്പിച്ചത്. തുടർ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതോടെ ഖത്തറിലെ കുട്ടികളുടെ ആശുപത്രിയായ സിദ്ദ്രയിലേക്ക് കുട്ടിയുടെ ചികിത്സ മാറ്റുകയായിരുന്നു. ചികിത്സാ ചിലവുകൾ സൗജന്യമായി വഹിക്കാൻ സിദ്ര മുന്നോട്ടുവന്നെങ്കിലും ഈ വിലയേറിയ മരുന്ന് എത്തിച്ചു നൽകുക എന്ന ഭാരിച്ച ഉത്തരവാദിത്വം ആ കുടുംബത്തിന്റെ മേൽ വന്നു പതിക്കുകയായിരുന്നു. 1.16 കോടി ഖത്തർ റിയാൽ (ഏകദേശം 26 കോടി രൂപ) ചിലവ് വരുന്ന സോൾജൻസ്മ എന്ന ജീൻ തെറാപ്പി മരുന്ന് എത്തിച്ച്‌ ഉടൻ ചികിത്സ നൽകിയാൽ മാത്രമേ മൽഖ റൗഹിയുടെ ജീവിതം നിലനിർത്താൻ സാധിക്കുകയുളൂ എന്ന് ഡോക്ടർമാർ വിധിയെഴുതി. പിന്നീടങ്ങോട്ട് കുടുംബവും ഖത്തറിലെ പ്രവാസി സമൂഹവും മൽഖ റൗഹിയുടെ  ജീവൻ നിലനിർത്താനുള്ള ശ്രമത്തിലായിരുന്നു. ലോകത്തിലെ തന്നെ ജീവകാരുണ്യ രംഗത്ത് ഏറെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ഖത്തർ ചാരിറ്റി  കുഞ്ഞു മൽഖയുടെ ചികിത്സ നടത്താനുള്ള ഫണ്ട് ശേഖരണത്തിന് അനുമതി നൽകിയത് ഈ വലിയ തുകകണ്ടെത്തുക എന്നത് എളുപ്പമാക്കി. കേസ് നമ്പർ 206863 ഖത്തർ ചാരിറ്റി ഇത് രജിസ്റ്റർ ചെയ്തതോടെ അവരുടെ വെബ്സൈറ്റ് വഴി ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ ആർക്കും എളുപ്പം പങ്കാളികളാവാം.

ഹജ്ജിന് പോകാൻ സ്വരൂപിച്ച തുക മൽഖ റൗഹിയുടെ ചികിത്സാ ഫണ്ടിലേക്കു കൈമാറിയ ഖത്തറിലെ ഹൗസ് ഡ്രൈവർ സിദ്ധീഖിനെ ഖത്തർ ചാരിറ്റി അധികൃതർ ആദരിക്കുന്നു
ഹജ്ജിന് പോകാൻ സ്വരൂപിച്ച തുക മൽഖ റൗഹിയുടെ ചികിത്സാ ഫണ്ടിലേക്കു കൈമാറിയ ഖത്തറിലെ ഹൗസ് ഡ്രൈവർ സിദ്ധീഖിനെ ഖത്തർ ചാരിറ്റി അധികൃതർ ആദരിക്കുന്നു.

വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നിയമപരമായി സംഭാവന നൽകാൻ സൗകര്യം ലഭിച്ചതോടെയാണ് സ്വദേശികളും വിദേശികളും ഈ സംരംഭം വിജയിപ്പിക്കാൻ മുന്നോട്ടുവന്നു. ഖത്തർ ചാരിറ്റി മൽഖ റൗഹിയുടെ ചികിത്സയ്ക്കുവേണ്ടി പ്രത്യേക ക്യു ആർ കോഡ് ആരംഭിക്കുകയും ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും ഇതിലേക്ക് സംഭാവന നല്കാൻ സാധിക്കുകയും ചെയ്യും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി പ്രവാസികളും പ്രവാസി കൂട്ടായ്മകളും കാരുണ്യത്തിന്റെ ഹസ്തം ഈ കുഞ്ഞു മാലാഖക്ക് നേരെ നീട്ടുകയാണെങ്കിൽ ജീവിതം എന്ന സ്വപ്നം ഈ മാലാഖക്ക് അരികിലെത്തും. ഏറ്റവും നേരത്തെ മരുന്ന് ലഭ്യമാക്കുന്നത് കുട്ടിയുടെ രോഗം ഭേദമാകുന്നതിനും സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിനും ഏറെ സഹായകമാകുമെന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്. 

കെഎംസിസി, സംസ്കൃതി, ഇൻകാസ്, പ്രവാസി വെൽഫെയർ തുടങ്ങിയ മുഖ്യധാര സംഘടനകളും, ലുലു ഗ്രൂപ്പ്, സഫാരി മാൾ, നസീം അൽ റബീഹ്, വെൽ കെയർ ഗ്രൂപ്പ്‌ തുടങ്ങിയ വ്യാപാര വാണിജ്യ സ്ഥാപനങ്ങളും, ബിർള പബ്ലിക് സ്കൂൾ, എംഇഎസ് ഇന്ത്യൻ സ്കൂൾ, ഐഡിയൽ ഇന്ത്യൻ സ്കൂൾ, ഒലിവ് ഇന്റർനാഷണൽ സ്കൂൾ, ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ, നോബിൾ ഇന്റർനാഷണൽ സ്കൂൾ  തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും മൽഖ റൗഹിയുടെ ചികിത്സ ഫണ്ട് ശേഖരണത്തിൽ പങ്കാളികളായി.  ബിരിയാണി ചാലഞ്ച് ഉൾപ്പെടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു കൊണ്ട് ഖത്തർ മലയാളിസ്, നടുമുറ്റം ഖത്തർ, ഐവൈ സി ഖത്തർ, എഞ്ചിനീയർസ് ഫോറം, ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ, കേരള കൾച്ചറൽ സെന്റർ തുടങ്ങി ചെറുതും വലുതുമായ നിരവധി കൂട്ടായ്മകളും ഈ കുഞ്ഞുമോളുടെ ജീവനിർത്താനുള്ള ശ്രമത്തിൽ പങ്കാളികളായി.

ഖത്തറിലെ തന്നെ വിവിധ സ്ഥാപനങ്ങളും സംഘടനകളും ഖത്തറിന് പുറത്തുള്ള പ്രവാസി സംഘടനകളും ജീവകാരുണ്യ പ്രവർത്തകരും മനസ്സറിഞ്ഞ് പ്രവർത്തിച്ചാൽ എത്തിപ്പെടാവുന്ന ഉയരം മാത്രമേ ഒരു കുഞ്ഞു ജീവൻ നിലനിർത്താനുള്ള ഈ ശ്രമത്തിനുള്ളൂ. 1.16 കോടി ഖത്തർ റിയാൽ അഥവാ 26 കോടി ഇന്ത്യൻ രൂപ എന്ന ഈ വലിയ തുക കണ്ടെത്താൻ ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള സകലരുടെയും പിന്തുണ തേടുകയാണ് ഈ കുടുംബം. പ്രതീക്ഷയോടെ ദിനരാത്രങ്ങൾ എണ്ണി കഴിയുന്ന ഈ സാധാരണ പ്രവാസി കുടുംബത്തിന്റെ  കുഞ്ഞു ജീവൻ നിലനിർത്തുക എന്ന സ്വപ്നങ്ങൾ പൂവണിയാൻ ഓരോ നാണയത്തുണ്ടുകളും പ്രധാനമാണ്, അതെത്ര ചെറുതായാലും  വലുതായാലും.

English Summary:

Life Saving Campaign for Malkha Rouhi Qatar Malayalees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com