സിമന്റിനെ പുറത്താക്കാൻ തവിടിൽ പരീക്ഷണം; നെല്ലു കുത്തിയ ശേഷം ലഭിക്കുന്ന തവിട് വെറുതെ കളയണ്ട
Mail This Article
റാസൽഖൈമ ∙ നെല്ലു കുത്തിയ ശേഷം ലഭിക്കുന്ന തവിട് ഇനി വെറുതെ കളയണ്ട. തവിട് കത്തിച്ച് കിട്ടുന്ന ചാരം സിമന്റിന് പകരം ഉപയോഗിക്കാമെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഇതോടെ പരിസ്ഥിതി മലിനീകരണവും കോൺക്രീറ്റിന്റെ ഭാരവും കുറയ്ക്കാം. ഇതിനുള്ള ഗവേഷണം യുഎഇയിൽ പുരോഗമിക്കുകയാണ്. വിജയിച്ചാൽ തവിടിനും നല്ല കാലം വരും.
അമേരിക്കൻ യൂണിവേഴ്‌സിറ്റി ഓഫ് റാസൽഖൈമ ഉൾപ്പെടെ 10 സർവകലാശാലകളിൽ നിന്നുള്ള ഗവേഷകരാണ് പരീക്ഷണത്തിനു ചുക്കാൻ പിടിക്കുന്നത്. കെട്ടിട നിർമാണത്തിൽ സിമന്റിനു പകരം ഈ ചാരം ഉപയോഗിച്ച് കോൺക്രീറ്റ് നടത്തുന്നതോടെ ചെലവും കുറയ്ക്കാമെന്നാണ് ഇതുസംബന്ധിച്ച് പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ സൂചിപ്പിക്കുന്നത്.
കോൺക്രീറ്റിന്റെ പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട പഠനമാണ് ഗവേഷകരെ തവിട് പരീക്ഷണത്തിൽ എത്തിച്ചത്. മെഷീൻ ലേണിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചായിരുന്നു പഠനം.
സിമന്റിനു പകരം 5, 10, 15 ശതമാനം വീതം തവിട് ചാരം ഉപയോഗിച്ച് വിവിധ ഘട്ടങ്ങളിൽ നടത്തിയ ഗവേഷണഫലം ലാബ് പരിശോധനയിലൂടെ ഉറപ്പാക്കുകയും ചെയ്തു. ഇത് ശക്തിയും പ്രതിരോധവും കൂട്ടുമെന്നും ചോർച്ച തടയുമെന്നുമാണ് കണ്ടെത്തൽ. പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കൾക്കു പകരം ഇത്തരം പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്നും സംഘം പറയുന്നു. ഇതുവരെയുള്ള റിപ്പോർട്ടുകൾ ആശാവഹമാണെന്നും പരീക്ഷണം തുടരുമെന്നും അമേരിക്കൻ യൂണിവേഴ്‌സിറ്റി ഓഫ് റാസൽഖൈമയുടെ അക്കാദമിക് അഫയേഴ്‌സ് ആൻഡ് സ്റ്റുഡന്റ് സക്സസ് സീനിയർ വൈസ് പ്രസിഡന്റുമായ പ്രഫ. സ്റ്റീഫൻ വിൽഹൈറ്റ് പറഞ്ഞു.