ഡൽഹിയിൽ അപകടത്തെത്തുടർന്ന് ടെർമിനൽ 1 അടച്ചത് യുഎഇ വിമാനക്കമ്പനികളുടെ സർവീസിനെ ബാധിച്ചിട്ടില്ലെന്ന് എയർലൈൻ വക്താക്കൾ
Mail This Article
അബുദാബി ∙ അപകടത്തെത്തുടർന്ന് ഡൽഹി വിമാനത്താവളത്തിന്റെ ടെർമിനൽ 1 അടച്ചത് യുഎഇയിലെ വിമാനക്കമ്പനികളുടെ സർവീസിനെ ബാധിച്ചിട്ടില്ലെന്ന് എയർലൈൻ വക്താക്കൾ സ്ഥിരീകരിച്ചു. അതേസമയം, ബജറ്റ് കാരിയറുകളായ ഇൻഡിഗോയും സ്പൈസ് ജെറ്റും യുഎഇയിലേക്കുള്ള രണ്ട് സാധാരണ വിമാനങ്ങൾ റദ്ദാക്കി. ദുബായ് ആസ്ഥാനമായുള്ള എയർലൈനും അവരുടെ ഒരു വിമാനത്തേയും ബാധിച്ചിട്ടില്ലെന്ന് അറിയിച്ചു. ഡൽഹിയിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ ഷെഡ്യൂൾ അനുസരിച്ചാണ് സർവീസ് നടത്തുന്നതെന്നും എമിറേറ്റ്സ് ഡൽഹി ടെർമിനൽ 1ൽ നിന്ന് സർവീസ് നടത്തുന്നില്ലെന്നും ഫ്ലൈ ദുബായ് വക്താവ് പറഞ്ഞു.
ഡൽഹി എയർപോർട്ടിലെ ടെർമിനൽ 3ൽ നിന്ന് അബുദാബിയുടെ എത്തിഹാദ് എയർവേസും പറന്നുയരുന്നുണ്ട്. അടച്ചുപൂട്ടൽ വിമാനങ്ങളെ ബാധിച്ചിട്ടില്ലെങ്കിലും ഡൽഹിയിലെ പ്രതികൂല കാലാവസ്ഥയും ബാധിത ടെർമിനലിൽ നിന്ന് വിമാനങ്ങൾ ടെർമിനൽ 3 ലേയ്ക്ക് മാറ്റുന്നതും കാരണം വിമാനത്താവളത്തിൽ തിരക്ക് പ്രതീക്ഷിക്കുന്നുവെന്നും ഇത്തിഹാദ് വക്താവ് പറഞ്ഞു. യാത്രക്കാർ നേരത്തെ വിമാനത്താവളത്തിൽ എത്താനും സാധ്യമാകുമ്പോഴെല്ലാം ഓൺലൈനിൽ ചെക്ക് ഇൻ ചെയ്യാനും വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ സുരക്ഷിതരായിരിക്കാനും അഭ്യർഥിച്ചു. കനത്ത മഴയെത്തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളം ടെർമിനൽ 1 ന്റെ ഡിപ്പാർച്ചർ ഏരിയയിലെ മേൽക്കൂരയുടെ ഒരു ഭാഗം ഇന്ന് പുലർച്ചെ അഞ്ചോടെ ഇടിയുകയായിരുന്നു. ഡിപ്പാർച്ചർ ഗേറ്റുകൾ 1, 2 എന്നിവയെ ബാധിച്ച അപകടത്തിൽ ഒരാൾ മരിക്കുകയും ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. നാല് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ടെർമിനൽ 1-ൽ നിന്നുള്ള വിമാനങ്ങൾ അധികൃതർ റദ്ദാക്കി.