ഫോണിലെ ചാറ്റ് കാണിച്ചുകൊടുത്തില്ല, ദുബായിൽ കാമുകനെ കുത്തി യുവതി; 6 മാസം തടവ്
Mail This Article
ദുബായ് ∙ മൊബൈൽ ഫോണിലെ വോയിസ് ചാറ്റ് കാണിച്ചുകൊടുക്കാത്തതിന് കാമുകനെ കത്തികൊണ്ട് കുത്തി പരുക്കേൽപ്പിച്ച യുവതിക്ക് ആറ് മാസം തടവ്. ദുബായ് മുറഖബാത്തിലെ ഇരുവരും ഷെയർ ചെയ്തു താമസിക്കുന്ന ഫ്ലാറ്റില്‍ 2022 ഒാഗസ്റ്റ് 20നായിരുന്നു സംഭവം.
തായ്‌ലൻഡ് പൗരനെയാണ് അറബ് യുവതി കുത്തിപ്പരുക്കേൽപ്പിച്ചത്. ഇരുവരും തമ്മിൽ പ്രണയബന്ധത്തിലായിരുന്നുവെങ്കിലും പതിവായി വഴക്കും കൂടിയിരുന്നു. സംഭവദിവസം അടുക്കളയിൽ മറ്റൊരു സ്ത്രീയുമായി വോയ്‌സ് ചാറ്റിൽ ഏർപ്പെട്ടിരിക്കുന്ന കാമുകനെ യുവതി കാണുകയും ഇതേക്കുറിച്ച് ചോദ്യം ചെയ്തപ്പോൾ പ്രതികരിക്കാത്തതിനാൽ പരിശോധിക്കാൻ വേണ്ടി ഫോൺ ആവശ്യപ്പെടുകയുമായിരുന്നു. ഫോൺ കൊടുക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് യുവതി മൊബൈൽ ഫോൺ ബലമായി പിടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ആ സമയത്ത് കാമുകൻ യുവതിയുടെ മുഖത്ത് അടിച്ചു. തുടർന്ന് യുവതി അടുക്കളയിൽ നിന്ന് കത്തിയെടുത്ത്, വീണ്ടും അടിച്ചാൽ കുത്തുമെന്ന് കാമുകന് മുന്നറിയിപ്പ് നൽകി. തുടർന്ന് നടന്ന വഴക്കിൽ യുവതി യുവാവിനെ മൂന്ന് തവണ കുത്തുകയായിരുന്നു. യുവാവ് അടുക്കളയിൽ നിന്ന് ഇറങ്ങിയോടിയെങ്കിലും കുളിമുറിയിൽ വീണു. രക്തം ഒഴുകുന്നത് കണ്ട് ഭയന്നു വിറച്ച യുവതി പൊലീസിൽ വിളിച്ച് വിവരം അറിയിക്കുകയും അയാൾക്ക് വൈദ്യസഹായം തേടുകയും ചെയ്തു.
ഉടൻ സ്ഥലത്തെത്തിയ ആംബുലൻസും പൊലീസും അടിയന്തര ചികിത്സ നൽകി യുവാവിനെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചിൽ രണ്ടും ഇടതു കൈത്തണ്ടയിൽ ഒരു കുത്തുമായിരുന്നു ഏറ്റിരുന്നത്. ആഴത്തിലുള്ളതും ജീവന് ഭീഷണിയുയർത്തുന്നതുമായ നെഞ്ചിലെ മുറിവ് ഉൾപ്പെടെ മൂന്ന് കുത്തുകളേറ്റ യുവാവിന് ഗുരുതരമായ ആന്തരിക രക്തസ്രാവമുണ്ടായതായി ഫോറൻസിക് റിപോർട്ടിൽ പറഞ്ഞു.
ചോദ്യം ചെയ്യലിൽ യുവാവിനെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും എന്നാൽ തന്നെ ആക്രമിച്ചപ്പോൾ സ്വയം രക്ഷയ്ക്ക് വേണ്ടിയാണ് കുത്തിയതെന്നും യുവതി പറഞ്ഞു. ജഡ്ജിമാരോടും ഇതു തന്നെയായിരുന്നു ആവർത്തിച്ചത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ യുവതിയുടെ പ്രവൃത്തികൾ കൊലപാതക ശ്രമത്തിനുപകരം മനഃപൂർവം ശാരീരിക ഉപദ്രവമുണ്ടാക്കുന്നതാണെന്ന് കോടതി കണ്ടെത്തി. മൂന്ന് തവണ കുത്തിയ ശേഷം യുവതി ആക്രമണം നിർത്തിയെന്നും പൊലീസ് സഹായം തേടിയത് കൊല്ലാനുള്ള ഉദ്ദേശ്യമില്ലായ്മയെ സൂചിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി. ഇതിന്റെ ഫലമായി കൊലപാതകശ്രമമല്ലെന്ന് തെളിഞ്ഞതിനാൽ ആക്രമണം മാത്രമാണ് നടത്തിയതെന്നും കണ്ടെത്തി ആറ് മാസത്തെ തടവിന് കോടതി ശിക്ഷിക്കുകയായിരുന്നു.