ADVERTISEMENT

ദുബായ്∙  'ഒരുപാട് കടല്‍ കണ്ട നാവികന്‍, ചെറുതിരകളില്‍ ഉലയില്ല'–യുഎഇയിലെ ഗോൾഡൻ വീസാ മേഖലയിൽ ചരിത്രം കുറിച്ച വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഇഖ് ബാൽ മാർക്കോണി എന്നും സ്വയം ഉരുവിടുന്ന മന്ത്രമാണിത്. ഇന്ത്യൻ മർചന്റ് നേവിയിൽ വർഷങ്ങളോളം സേവനം ചെയ്ത ശേഷമാണ് ഈ ചെറുപ്പക്കാരൻ യുഎഇയിലെത്തിയത്.

കടുത്ത മത്സരം നിലനില്‍ക്കുന്ന ബിസിനസ് സെറ്റപ്പ് രംഗത്തു ഒരഭ്യാസിയുടെ മെയ് വഴക്കത്തോടെ തന്റെതായ പ്രതിരോധം തീര്‍ത്ത ഇഖ്ബാല്‍ പക്ഷേ പലതവണ വീണുപോയിട്ടുള്ള ആളാണ്. 'എതിരാളികള്‍ വിജയിച്ചപ്പോഴും തോറ്റു കൊടുക്കാന്‍ ഞാന്‍ തയാറായില്ല. ജിവിതം പോരാടാനുള്ളതാണെന്നാണ് എന്റെ വിശ്വാസം. ന്യായം ആരുടെ പക്ഷത്താണോ ഒടുവില്‍ അവര്‍ വിജയിക്കുക തന്നെ ചെയ്യും ' തന്റെ വിശ്വാസംപോലെ ഒരു സുവര്‍ണ വിജയത്തിന്റെ സുന്ദരകാലത്തിലൂടെയാണ് 'ഇസിഎച്ച് ഡിജിറ്റല്‍' എന്ന തന്റെ സ്ഥാപനം മുന്നോട്ടുപോകുന്നത് എന്ന് ഇക്ബാല്‍ അസന്നിഗ്ധമായി പറയുകയും ചെയ്യുന്നു.

iqbal-marconi
ഇഖ് ബാൽ മാർക്കോണി. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്.

യുഎഇ ഗവണ്‍മെന്റ് പ്രഖ്യാപിച്ച ഗോള്‍ഡന്‍ വീസ ലഭിക്കുന്ന ആദ്യ മലയാളി സംരംഭകനാണ് ഇഖ്ബാല്‍ മാര്‍ക്കോണി. യാദൃച്ഛികമാകാം, ആ ആളുടെതന്നെ ബിസിനസ് സെറ്റപ്പ് സ്ഥാപനമായ ഇസിഎച്ച് ഡിജിറ്റലാണ് ഏറ്റവും കൂടുതല്‍ ഗോള്‍ഡന്‍ വീസയ്ക്ക് വേണ്ടിയുള്ള നടപടികൾ പൂർത്തിയാക്കിയ  സ്ഥാപനവും. ഒപ്പം ആ വിജയത്തെ തിളക്കമാര്‍ന്നതാക്കുന്ന ഒരു സവിശേഷ ഘടകം കൂടി ഉണ്ട്. പല ഇന്ത്യന്‍ ഭാഷകളിലെയും സിനിമാതാരങ്ങള്‍ ഉള്‍പ്പടെയുള്ള സെലിബ്രിറ്റികള്‍ക്കാണ് അതില്‍ ഏറെയും ലഭ്യമാക്കിയത്! അതോടെ മാധ്യമങ്ങളും മറ്റും ഇഖ്ബാല്‍ മാര്‍ക്കോണിക്ക് ഒരു വിളിപ്പേര് നല്‍കി– 'ദ് ഗോള്‍ഡന്‍ മാന്‍' 

iqbal-marconi5pg
ഇഖ് ബാൽ മാർക്കോണി. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്

ഒരു പുനര്‍ജന്മത്തിലെന്നപോലെ ചില ആളുകള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും പുതിയ പരിവേഷവും വിലാസവും അവര്‍ക്ക് ചാര്‍ത്തിക്കിട്ടുകയും ഉണ്ടാവാറുണ്ട്. ആ 'മറുജന്മം' അവിശ്വസനീയമായ നേട്ടങ്ങള്‍കൊണ്ടും പ്രശസ്തികൊണ്ടും അലംകൃതമാകുമ്പോള്‍ അയാളെ അതുവരെ അറിഞ്ഞവര്‍ക്കൊക്കെയും അന്ധാളിപ്പോടയെ കണ്ടുനിൽക്കാനാകൂ. ദുബായിലെ ബിസിനസ് സെറ്റപ്പ് രംഗത്തെ 'മാന്‍ ഓഫ് മാഡ്നസ്സ്' എന്നു വിശേഷിക്കപ്പെട്ട ഒരാള്‍ ആണെങ്കില്‍ പ്രത്യേകിച്ചും.  സമൂഹമാധ്യമങ്ങളിലും നിറ സാന്നിധ്യമായ ഇഖ്ബാൽ മാർക്കോണി താൻ കടന്നുവന്ന വഴികളെക്കുറിച്ചും ബിസിനസ് സെറ്റപ്പ് രംഗത്ത് അടിയുറച്ച് നിൽക്കുന്നതിന് പിന്നിലെ രഹസ്യവും മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു:  

iqbal-marconi6
ഇഖ് ബാൽ മാർക്കോണി. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്

∙ ഒരുപാട് കടല്‍ കണ്ട നാവികന്‍, ചെറുതിരകളില്‍ ഉലയില്ല
'മര്‍ച്ചന്റ് നേവിയിലാണ് ഞാന്‍ എന്റെ ഔദ്യോഗിക ജിവിതം ആരംഭിക്കുന്നത്. അല്ലാതെ ദുബായിലുള്ള പലരും കരുതുന്നതുപോലെ ബിസിനസ് സെറ്റപ്പ് മേഖലയിലല്ല. ഇതില്‍ ഞാന്‍ എത്തിച്ചേരുന്നത് യാദൃച്ഛികമായാണ്. ഏറെ ആഗ്രഹിച്ചും മുംബൈയിലും ഡല്‍ഹിയിലും കൊല്‍ക്കത്തയിലുമായി പഠിച്ചും നേടിയതാണ് മര്‍ച്ചന്റ് നേവിയിലെ കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയര്‍ ജോലി. കളക്ടര്‍മാര്‍ 7000 രൂപയും പൈലറ്റുമാര്‍ 15,000 ഉം പ്രഗത്ഭ ഡോക്ടര്‍മാര്‍ 25,000 ഉം രൂപ ശമ്പളം വാങ്ങുന്ന അക്കാലത്തു എനിക്കു ട്രെയിനിങ് കാലത്തു മൂന്ന് ലക്ഷം രൂപ കിട്ടിയിരുന്നു. അത് ഉയര്‍ന്ന് ആറുലക്ഷം വരെയെത്തി. ഈ കണക്കുകള്‍ ആത്മപ്രശംസയായി ദയവായി തെറ്റിദ്ധരിക്കരുത്. മര്‍ച്ചന്റ് നേവിയിലെ ഒരു കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയര്‍ തസ്തികയുടെ പ്രാധാന്യം ബോധ്യപ്പെടുത്താന്‍ പറഞ്ഞതാണ്. ഈ ഉയര്‍ന്ന ജോലിയാണ് എന്നെ ജീവിതത്തിന്റെ ഉയരങ്ങള്‍ കാണിച്ചുതന്നത്. ഒരുപാട് രാജ്യങ്ങള്‍ കാണിച്ചുതന്നത്. നേവിയില്‍ ചിലവഴിച്ച ആ 12 വര്‍ഷത്തിനിടയില്‍ ഞാന്‍ നൂറിനടുത്തെ രാജ്യക്കാരോടൊത്തു ജോലിചെയ്തു. ഏതാണ്ട് ലോകം മുഴുവന്‍ കണ്ടു. പല തട്ടിലുള്ള മനുഷ്യരെയും അവരുടെ പലമട്ടിലുള്ള ജീവിതവും കണ്ടു. ഇതെല്ലാം എനിക്കു കിട്ടിയ വലിയ അനുഭവങ്ങളാണ്. 

ഒരുപാട് കടലുകള്‍ കണ്ട നാവികനെപ്പോലെ കരുത്തുറ്റ അനുഭവങ്ങളുമായാണ് ഇക്ബാല്‍ മാര്‍ക്കോണി ദുബായില്‍ സങ്കൂരമിട്ടതെന്നു സാരം. അപ്പോള്‍ പിന്നെ ചെറു കാറ്റിലും കോളിലും 'ലൈഫ് ഷിപ്പ്' ഒന്നുലഞ്ഞാല്‍ പേടിക്കൂടാതെയിരിക്കാനും പ്രതിസന്ധികളുടെ തിരമാലകള്‍ക്കുമേല്‍ അതിനെ നയിക്കാനും കഴിയും. ജോലിയില്‍നിന്നു വിരമിച്ച് ദുബായില്‍ വന്നു തുടങ്ങുകയും വലിയ വിജയത്തിലേയ്ക്ക് പോവുകയും ചെയ്ത ഇസിഎച്ച് എന്ന ബിസിനസ് സെറ്റപ്പ് സ്ഥാപനം ചിലര്‍ ഉയര്‍ത്തിയ പ്രതിസന്ധിയില്‍ ഉലഞ്ഞപ്പോഴും പൂട്ടിപ്പോകലിന്റെ വക്കില്‍ എത്തിയപ്പോഴും അതില്‍നിന്നു കരകയറാനും ഇരട്ടി പവറോടെ റീ ബ്രാന്‍ഡ് ചെയ്തു വിജയിക്കാനും കഴിഞ്ഞത് ഇപ്പറഞ്ഞ അനുഭവങ്ങള്‍ നല്‍കിയ മനോബലത്തിലാണ്. 

iqbal-marconi8
ഇഖ് ബാൽ മാർക്കോണി. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്

∙ സിനിമാ ലോകത്ത് ഒരേയൊരു ഇക്ബാല്‍ മാര്‍ക്കോണി
മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി സിനിമകളിലെ പല താരങ്ങള്‍ക്കും പ്രമുഖ സംവിധായകര്‍ക്കും ഗായകര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും ഇത്രമാത്രം യുഎഇ ഗോള്‍ഡന്‍ വീസ ഏര്‍പ്പാടാക്കിയ ഇക്ബാല്‍ മാര്‍ക്കോണി ഇന്ന് ചലച്ചിത്ര പ്രവർത്തകർക്കിടയിൽ പോലും 'സെലിബ്രിറ്റി'യാണെന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. ചലച്ചിത്ര ലോകം അത്രമാത്രം ഇഖ്ബാലിനെ അറിയുന്നു. വിസ്മയത്തോടെ ദുബായിലെ അദ്ദേഹത്തിന്റെ സ്ഥാപനത്തില്‍ ഗോള്‍ഡന്‍ വീസ ഏറ്റുവാങ്ങാന്‍ വരുന്ന പ്രശസ്ത കലാകാരന്മാരെ അലംകൃതമായ ഒരു വേദിയൊരുക്കി ഒരുത്സവ പ്രതീതി സൃഷ്ടിച്ചു കൊണ്ട് ഇഖ്ബാലും ടീമും അവരെ വരവേല്‍ക്കുന്നത് ഒരു അവാര്‍ഡ് ദാനച്ചടങ്ങിലെന്നപോലെയാണ്. ഏറെ ആഗ്രഹിച്ച ഗോള്‍ഡന്‍ വീസ നേടിത്തരാന്‍ സഹായിച്ച ഇഖ്ബാലിനെ അവര്‍ ഉള്ളില്‍നിന്നുയര്‍ന്ന അതീവ സ്‌നേഹത്തോടെയും കൃതജ്ഞതാ ഭാവത്തോടെയും ആ വേദിയില്‍ കെട്ടിപ്പുണര്‍ന്നു പോകുന്നു. അറിയപ്പെടുന്നവരുടെ, ചമയങ്ങളില്ലാതെ നിഷ്‌കളങ്കത ഭാവങ്ങള്‍ കൊണ്ടാവാം ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ അപ്പോള്‍തന്നെ വൈറലുമാകുന്നു. നിരന്തരം പുറത്തുവരുന്ന, സമൂഹമാധ്യമത്തിൽ വൈറലാകുന്ന ഇത്തരം വിഡിയോകള്‍ അവരോടൊപ്പം ഇക്ബാല്‍ മാര്‍ക്കോണിയെയും ഒരു സെലിബ്രിറ്റിയാക്കി മാറ്റിയിരിക്കുന്നു! അങ്ങനെയാണ് അദ്ദേഹം 'ഗോള്‍ഡന്‍ വീസ മാന്‍ ഓഫ് യുഎഇ' എന്ന അലിഖിത വിശേഷണത്തിന് അർഹനാകുന്നത്.

iqbal-marconi9
ഇഖ് ബാൽ മാർക്കോണി. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്

∙ ഫിനിക്സ് പക്ഷിയെ പോലെ ഉയിർത്തെഴുന്നേൽപ്പ്
കൈവന്ന ഈ സ്ഥാനമാനത്തെ ഭാഗ്യം എന്നതിനപ്പുറം ഏറെ വൈകാരികമായാണ് ഇഖ്ബാല്‍ കാണുന്നത്. കാരണം ദുബായിലെ ബിസിനസ് സെറ്റപ്പ് ഇന്‍ഡസ്ട്രിയില്‍ നിന്ന് ഏതാണ്ട് ഒരു പുറംതള്ളപ്പെടലിന്റെ അവസ്ഥയില്‍ നിന്നാണ് ഫിനിക്സ് പക്ഷിയെപ്പോലെയുള്ള ഈ തിരിച്ചുവരവ്. അതും ആരാലും ശ്രദ്ധിക്കപ്പെടുംവിധം കേന്ദ്രസ്ഥാനത്ത്. ജീവിതത്തിലുണ്ടായ ഉലച്ചിലുകളില്‍ തളരാതെയും തകരാതെയും പിടിച്ചു നില്‍ക്കാനായാത് താന്‍ ആദ്യം ചെന്നുപെട്ട ജോലിയില്‍നിന്നു കിട്ടിയ കഠിനമായ പരിശീലനം കൊണ്ടാണെന്നു അദ്ദേഹം പറയുന്നു.

iqbal-marconi10
ഇഖ് ബാൽ മാർക്കോണി. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്

∙ ഇസിഎച്ച് എന്ന യാഥാർഥ്യം; സൂക്ഷിച്ചുവച്ച ആ ചെക്ക്
തൊണ്ണൂറു കളില്‍ സാമൂഹിക ജീവിതത്തെയാകെ മാറ്റിമറിച്ചുകൊണ്ട് ഉദയം കൊണ്ട കംപ്യൂട്ടർ വിപ്ലവത്തില്‍ ആകൃഷ്ടനായി 'മാര്‍ക്കോണി' എന്നപേരില്‍ കോഴിക്കോട് ഒരു കംപ്യൂട്ടർ ഷോപ്പ് തുറന്നു. അന്നദ്ദേഹം മര്‍ച്ചന്റ് നേവിയിലെ ജോലിയിലായിരുന്നു.  ഈ ഉദ്യമം വരുംകാലത്തെ വലിയ ബിസിനസിലേയ്ക്കുള്ള ചുവടുവയ്പ് ആണെന്നോ, 'മാര്‍ക്കോണി' എന്ന ഈ പേര് വരും നാളില്‍ തന്റെ പേരിനൊപ്പം ചേരുമെന്നോ അന്ന് കരുതിയതേയില്ലെന്ന് ഇഖ് ബാൽ പറയുന്നു. എന്നാല്‍ ഈ പേര് ഇന്ന് ദുബായില്‍ ബിസിനസ് സെറ്റപ്പ് രംഗത്തെ ഒരു പ്രബല നാമമാണ്; ഐഡന്റിറ്റിയാണ്. 1999 ല്‍ കംപ്യൂട്ടർ സാക്ഷരത സര്‍ക്കാര്‍ ചുമതലയില്‍ ആരംഭിച്ചപ്പോള്‍ അന്നത്തെ ഐടി മന്ത്രിയുടെ സെക്രട്ടറി അരുണ സുന്ദരരാജിന് താന്‍ നല്‍കിയ ഒരു പ്രൊപ്പോസലാണ് പിന്നീട് 'അക്ഷയ സെന്റര്‍ ' ആയി മാറിയതെന്ന് ഇഖ്ബാല്‍ പറയുന്നു. സര്‍ക്കാരിന്റെ പിന്തുണയോടെ 15.000 കംപ്യൂട്ടറുകളുമായിട്ടാണ് അക്ഷയയുടെ ആദ്യരൂപം പ്രവര്‍ത്തിച്ചതെന്നും പിന്നീട് ഉപാധികളോടെ സര്‍ക്കാരിനു വിട്ടുകൊടുക്കുകയായിരുന്നുവെന്നും കൂടി പറയുമ്പോൾ അത് ചരിത്രമായൊരു വസ്തുതയുടെ കൂടി വെളിപ്പെടുത്തലാകുന്നു.

iqbal-marconi11
ഇഖ് ബാൽ മാർക്കോണി. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്

∙ കമ്യൂണിക്കേഷന്‍ എന്‍ജിനീയറായി വര്‍ഷങ്ങളോളമുള്ള പരിചയം
കമ്യൂണിക്കേഷൻ എൻജിനീയറിങ് മേഖലയില്‍ ഉണ്ടാകുന്ന പുതു പ്രവണതകളെ സാകൂതം നിരീക്ഷിക്കുകയും അതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുക സ്വാഭാവികം. അങ്ങനെയാണ് ഇഖ്ബാല്‍ അതിവിപുലമായ രീതിയില്‍, ഒരു കാള്‍സെന്റര്‍ തുടങ്ങുന്നത്. കണക്ട്, പിയറി ടെക്നോളജി തുടങ്ങിയ അമേരിക്കന്‍ കമ്പനികളുടെ കരാറുകള്‍ തുടക്കത്തിലേ തന്നെ നേടാനായി. വിവര സാങ്കേതിക വിദ്യയുടെ ആ ആവിര്‍ഭാവകാലം ഇക്ബാലിന്റെ ജീവിത്തെ വീണ്ടും തിരക്കുള്ളതാക്കി. കോഴിക്കോട് - ദുബായ് - യുഎസ് സെക്ടറില്‍ സ്ഥിരം യാത്രക്കാരനായി പറന്നുനടന്നു. ആ ബിസിനസ് യാത്രകളിലെ 'സ്റ്റോപ്ഓവര്‍ ' ആയിരുന്ന ദുബായിയെ ഓരോ വരവിനും കൂടുതല്‍ ഇഷ്ടപ്പെട്ട ഇഖ്ബാല്‍ അവിടെയും തന്റെ ഐടി സംബന്ധ ബിസിനസ് തുടങ്ങാന്‍ ആഗ്രഹിച്ചു.

iqbal-marconi12
ഇഖ് ബാൽ മാർക്കോണി മർച്ചൻ്റ് നേവിയിൽ എൻജിനീയറായിരുന്നപ്പോൾ. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്

ദുബായ് ഫ്രീസോണില്‍ ഒരു ടെലികോം കമ്പനി സ്ഥാപിച്ചുകൊണ്ട് ലോകമാകെ പടരാം എന്നവലിയ സ്വപ്നം പക്ഷേ അതിനുള്ള ട്രേഡ് ലൈസന്‍സിന് സമീപിച്ച ബിസിനസ് സെറ്റപ്പുകാരുടെ ചൂഷണത്തില്‍ പെട്ട് പൊലിഞ്ഞു പോകുകയായിരുന്നു എന്ന് ഇഖ്ബാല്‍ പറയുന്നു. ഓരോ ആവശ്യവും പറഞ്ഞു പലതവണയായി തന്നില്‍നിന്നു പണം വാങ്ങുകയും രണ്ടുമൂന്നുമാസം നടത്തുകയും ചെയ്തതല്ലാതെ ട്രേഡ് ലൈസന്‍സ് കിട്ടിയില്ല. തന്നെപ്പോലെ കബളിക്കപ്പെട്ടവര്‍ ധാരാളമുണ്ടെന്നും അതിനിടയില്‍ മനസിലാക്കുന്നു. ആവശ്യക്കാര്‍ അനവധിയുള്ള ഒരു മേഖലയാണ് ഇതെന്നു കണ്ട ഇഖ്ബാല്‍ ഒരു ബിസിനസ് സെറ്റപ്പ് സ്ഥാപനം തുടങ്ങിയാല്‍ എന്തെന്നു ചിന്തിക്കുന്നു.

iqbal-marconi13
ഇഖ് ബാൽ മാർക്കോണി മർച്ചൻ്റ് നേവിയിൽ എൻജിനീയറായിരുന്നപ്പോൾ. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്

അതിന്റെ ഫലമായി 2016 ല്‍ എമിറേറ്റ്‌സ് കമ്പനി ഹൗസ് (സിഎച്ച്) എന്ന സ്ഥാപനം ദുബായ് ഖിസൈസ് 'അല്‍ തവാര്‍ സെന്ററി' ല്‍ തുറക്കപ്പെടുന്നു. ഉദ്ദേശിച്ചതിനേക്കാള്‍ വേഗത്തില്‍ കമ്പനി വളര്‍ന്നുകയറി. ഒന്നിനു പിറകെ ഒന്നായി ബ്രാഞ്ചുകള്‍ പിറന്നു. ഒരു ദിവസം 300 ട്രേഡ് ലൈസന്‍സ് വരെ ഇഷ്യു ചെയ്തു. 'ഇതില്‍ നിന്ന് ഭീമമായ വരുമാനം ലഭിക്കുന്നു എന്ന് ആരുടെയൊക്കെയോ പ്രേരണയാല്‍ വിശ്വസിച്ച  സ്‌പോണ്‍സര്‍ കമ്പനി പിടിച്ചെടുത്തെന്നും താന്‍ തകര്‍ന്നു പോയി എന്നും ഇഖ്ബാല്‍ പറയുന്നു.

iqbal-marconi1
ഇഖ് ബാൽ മാർക്കോണി. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്

ലക്ഷക്കണക്കിനാണ് എനിക്ക് പണം നഷ്ടപ്പെട്ടത്. ഇനി എന്തു ചെയ്യണമെന്ന് അറിയാതെ കഴിയുമ്പോഴുണ്ട് ഒരു അറബ് പൗരന്‍ സഹായവുമായി വന്നു. പുതിയ ഒരു സ്ഥാപനം തുടങ്ങുന്നതിനായി 10 ലക്ഷം ദിര്‍ഹമിന്റെ ചെക്ക് എഴുതിത്തന്നു. ഡോക്യുമെന്റുകൾ സൂക്ഷിക്കാന്‍ ഒരു ഓഫീസ് മുറിയും വിട്ടുതന്നു. പക്ഷേ തുടങ്ങുന്ന ബിസിനസ് നന്നായി വന്നില്ലെങ്കില്‍ കടം വീടാനാവില്ലല്ലോ എന്നു കണ്ട് ഞാന്‍ ചെക്ക് തിരികെകൊടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ അദ്ദേഹം എത്രനിര്‍ബന്ധിച്ചിട്ടും വാങ്ങാന്‍ തയാറായില്ല. ആ ചെക്ക് ഇപ്പോഴും ഇഖ്ബാൽ ഭദ്രമായി സൂക്ഷിച്ചു വച്ചിട്ടുണ്ട്.

iqbal-marconi15
ഇഖ് ബാൽ മാർക്കോണി. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്

ജീവനക്കാര്‍ കൂടെ നിന്നു; ഇസിഎച്ച് ഡിജിറ്റല്‍ പിറന്നു
'ഇഖ്ബാല്‍ ഭായ് തുടങ്ങൂ, ജീവന്‍ തന്നും ഞങ്ങളെല്ലാവരും കൂടെ നില്‍ക്കാം'– പ്രതിസന്ധി ഘട്ടത്തില്‍ വിട്ടുപോയവരില്‍ അവശേഷിച്ച ജീവനക്കാര്‍ ഒരു ദിവസം കൂട്ടത്തോടെ വന്നു ഇങ്ങനെ പറഞ്ഞതോടെ പുതുജന്മത്തിനു വഴിതുറക്കുകയായി. അപ്പോള്‍ ഇഖ്ബാലിന്റെ മറുപടി ഇങ്ങനെയായിരുന്നു– 'നിങ്ങള്‍ മുന്നിട്ടിറങ്ങൂ.. നിക്ഷേപം ഉള്‍പ്പടെ എല്ലാ സപ്പോര്‍ട്ടോടെയും ഞാന്‍ പിന്നില്‍ നില്‍ക്കാം'. ആരാണ് മുന്നില്‍, ആരാണ് പിന്നില്‍ എന്നു തിരിച്ചറിയാനാവാത്തവിധം ഒരേ വികാരത്തോടെ അവര്‍ അലിഞ്ഞു ചേര്‍ന്നപോലെയായി പിന്നീടു കാര്യങ്ങള്‍.

iqbal-marconi4
ഇഖ് ബാൽ മാർക്കോണി. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്

അല്‍ തവാര്‍ സെന്ററിന് അടുത്തുതന്നെ പുതു സ്ഥാപനം പിറന്നു-ഇസിഎച്ച് ഡിജിറ്റല്‍. 'ഞാന്‍ ഓടിപ്പോയി എന്ന് പ്രചരിപ്പിച്ചവര്‍ക്കു നന്ദി പറയാനാണ് ഇപ്പോള്‍ എനിക്കുതോന്നുന്നത്. എല്ലാവര്‍ക്കും ഒരുദിവസം പോയേ തീരൂ, മരണത്തിലേക്ക്. അതുവരെ നമ്മള്‍ ജീവിച്ചിരിക്കും. ആ ജീവിതവും കൈയ്യില്‍ വച്ചു പോരാടും. വിജയിക്കാം, പരാജയപ്പെടാം. രാണ്ടായാലും നമുക്ക് ജീവിച്ചേ മതിയാകൂ. എതു പ്രതിസന്ധിഘട്ടത്തിലും നമ്മള്‍ തളര്‍ന്നു പോകരുത്. എപ്പോഴും ഊര്‍ജ്ജസ്വലതയോടു കൂടിയിരിക്കണം. ഇതാ ഒരു തകര്‍ന്ന മനുഷ്യന്‍ എന്നു നമ്മെ നോക്കി ആരും പറയരുത്.'

∙ സംവിധായകൻ ബ്ലെസ്സി പറഞ്ഞത്
ഇഖ്ബാലില്‍ എപ്പോഴും തുടിച്ചുനില്‍ക്കുന്ന ഊര്‍ജം കണ്ടിട്ടാവാം 'ആടുജീവിത' ത്തിലൂടെ ലോക ശ്രദ്ധ നേടിയ സംവിധായകന്‍ ബ്ലെസ്സി ഇഖ്ബാലില്‍ നിന്നു ഗോള്‍ഡന്‍ വീസ പ്രതീകാത്മകമായി സ്വീകരിച്ചുകൊണ്ടുള്ള തന്റെ നന്ദിവാക്കുകളില്‍ ഇത്രകൂടി ചേര്‍ത്തത്. 'ഇത്ര എനര്‍ജറ്റിക്കായ ഒരാളെ കാണാന്‍ ബുദ്ധിമുട്ടാണ്. നടപ്പും എടുപ്പും മാനറിസവുമെല്ലാം കണ്ടിട്ട് ഒരു സിനിമയില്‍ കാഥാപാത്രത്തെ സൃഷ്ടിക്കാന്‍ പറ്റിയതാണെന്ന് എനിക്കു തോന്നുന്നു. സന്ദര്‍ഭം വന്നാല്‍ ഞാനതു ചെയ്യും'. ബ്ലെസ്സിയുടെ ഉത്സാഹം നിറഞ്ഞ ആ വാക്കുകള്‍ നിറഞ്ഞ കൈയടിയോടെയാണ് അവിടെ കൂടിയിരുന്നവർ ഏറ്റുവാങ്ങിയത്.

iqbal-marconi2
ഇഖ് ബാൽ മാർക്കോണി. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്

∙ അറബിയുടെ സ്ഥാപനം ഉദ്ഘാടനം ചെയ്ത മലയാളി
തന്റെ സ്ഥാപനത്തിലൂടെ 34,000ത്തോളം ഗോള്‍ഡന്‍ വീസയുടെ നടപടിക്രമങ്ങളില്‍ പങ്കാളിയായ ഇക്ബാല്‍ മാര്‍ക്കോണിക്ക് ആ നിലക്ക് ഗവണ്‍മെന്റ് തലത്തിലും പരിഗണന ലഭിച്ചിട്ടുണ്ട്. താമസ കുടിയേറ്റ വകുപ്പിലെ ഇന്‍സ്റ്റാഗ്രാം പേജിലും സെലിബ്രറ്റി വിഭാഗം ഒഫീഷ്യല്‍ പേജിലും ഇഖ്ബാലിന്റെ പേരും ചിത്രവും ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഒരു അറബ് പൗരന്റെ സ്ഥാപനം ഉദ്ഘാടനം ചെയ്യാന്‍ താന്‍ ക്ഷണിക്കപ്പെട്ട കാര്യവും ഇക്ബാലിന് ഇതോടുചേര്‍ത്തു പറയാനുണ്ട്. ഇങ്ങനെയെല്ലാം 'ഗോള്‍ഡന്‍ വീസ മാന്‍ ഓഫ് യു എ ഇ' എന്ന വിശേഷണത്തോടെ ഒരു മലയാളി സംരംഭകൻ യുഎഇയുടെ ദേശീയതയില്‍ അലിഞ്ഞുചേരുകയാണെന്നു പറയാം.

iqbal-marconi14
ഇഖ് ബാൽ മാർക്കോണി മർച്ചൻ്റ് നേവിയിൽ എൻജിനീയറായിരുന്നപ്പോൾ. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്

ഹുസൈന്‍ കുട്ടി ഹാജിയുടെയും ഫാത്തിമയുടെയും മകനായി വയനാട് സുൽത്താൻബത്തേരിയില്‍ ഒരു കാര്‍ഷിക കുടുംബത്തിലാണ് ഇഖ്ബാലിന്റെ ജനനം. കുടുംബവൃത്തത്തിൽ തളച്ചിടാതെ ഉയര്‍ന്ന വിദ്യാഭ്യാസം നേടാന്‍ പ്രേരിപ്പിച്ചത് ഉമ്മയാണ്. അതിനാല്‍ ഈ ജീവിതം കടപ്പെട്ടിരിക്കുന്നത് ഉമ്മയോടാണ് എന്ന് ഇഖ്ബാല്‍ പറയുന്നു. ഭാര്യ: ഷഹന. മകന്‍ അഖിന്‍ ന്യൂ ഡല്‍ഹി ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ മാസ്റ്റര്‍ സര്‍ജനാണ്. മകള്‍ നൈനിക ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി വിദ്യാർഥിനി.

English Summary:

Iqbal Marconi the man of golden visa ECH Digital pioneers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com