ADVERTISEMENT

ജിദ്ദ ∙ ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഗള്‍ഫില്‍ ഏറ്റവുമധികം ലാഭം നേടിയ പത്തു കമ്പനികളില്‍ അഞ്ചും യുഎഇയിൽ. സൗദിയിൽ നാലും ഖത്തറിൽ ഒന്നും കമ്പനികൾ ലാഭം നേടി. പത്തു കമ്പനികളും കൂടി മൂന്നൂ മാസത്തിനിടെ നേടിയത് 3,800 കോടി ഡോളർ. അതേസമയം, കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തെ അപേക്ഷിച്ച് ഈ കൊല്ലം കമ്പനികളുടെ ലാഭം 11 ശതമാനം കുറഞ്ഞു. ബാങ്കിങ് മേഖല ശക്തമായ വളര്‍ച്ച രേഖപ്പെടുത്തിയിട്ടും ഊര്‍ജ കമ്പനികളുടെ വില്‍പന കുറഞ്ഞതാണ് ഗള്‍ഫ് കമ്പനികളുടെ ലാഭത്തെ പ്രതികൂലമായി ബാധിച്ചത്. 

ലാഭം നേടിയ പത്തു കമ്പനികളില്‍ അഞ്ചും ബാങ്കുകളാണ്. ഗള്‍ഫ് ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ ലാഭം ഈ വര്‍ഷം ആദ്യ പാദത്തില്‍ 8.7 ശതമാനം കുറഞ്ഞ് 5,640 കോടി ഡോളറായി. ആദ്യ പാദത്തില്‍ ബാങ്കിങ്, റിയല്‍ എസ്റ്റേറ്റ് മേഖലകള്‍ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഊര്‍ജ, ടെലികോം കമ്പനികളുടെ പ്രകടനം മോശമായിരുന്നു. 

ആദ്യ പാദത്തില്‍ ഏറ്റവുമധികം ലാഭം നേടിയ ഗള്‍ഫ് കമ്പനി സൗദി അറാംകൊ ആണ്. മൂന്നു മാസത്തിനിടെ അറാംകൊ 2,730 കോടി ഡോളര്‍ ലാഭം കൈവരിച്ചു. ഗള്‍ഫ് ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്ത കമ്പനികള്‍ ആകെ നേടിയ ലാഭത്തിന്റെ 48 ശതമാനം അറാംകൊ വിഹിതമാണ്. കഴിഞ്ഞ കൊല്ലം ആദ്യ പാദത്തെ അപേക്ഷിച്ച് ഈ വര്‍ഷം ആദ്യ പാദത്തില്‍ അറാംകൊ ലാഭം 14.4 ശതമാനമായി കുറഞ്ഞു. എണ്ണ വില്‍പന കുറഞ്ഞതും എണ്ണ സംസ്‌കരണ, കെമിക്കല്‍സ് മേഖലകളില്‍ നിന്നുള്ള ലാഭം കുറഞ്ഞതുമാണ് കമ്പനിയുടെ ആകെ ലാഭത്തെ ബാധിച്ചത്. 

ഗള്‍ഫില്‍ ഏറ്റവുമധികം ലാഭമുണ്ടാക്കിയ രണ്ടാമത്തെ കമ്പനി എമിറേറ്റ്‌സ് എന്‍.ബി.ഡി ബാങ്ക് ആണ്. ബാങ്ക് മൂന്നു മാസത്തിനിടെ 180 കോടി ഡോളര്‍ ലാഭം നേടി. യു.എ.ഇയിലെ ഏറ്റവും വലിയ ബാങ്ക് ആയ എമിറേറ്റ്‌സ് എന്‍.ബി.ഡി ബാങ്കിന്റെ ലാഭം ഇക്കഴിഞ്ഞ പാദത്തില്‍ 12 ശതമാനം തോതില്‍ വര്‍ധിച്ചു. ഗള്‍ഫ് കമ്പനികള്‍ ആകെ നേടിയ ലാഭത്തിന്റെ മൂന്നു ശതമാനം എമിറേറ്റ്‌സ് എന്‍.ബി.ഡി ബാങ്ക് വിഹിതമാണ്. മൂന്നാം സ്ഥാനത്തുള്ള സൗദി നാഷണല്‍ ബാങ്ക് 134 കോടി ഡോളര്‍ മൂന്നു മാസത്തിനിടെ ലാഭമുണ്ടാക്കി. സൗദിയിലെ ഏറ്റവും വലിയ ബാങ്ക് ആയ എസ്.എന്‍.ബിയുടെ ലാഭത്തില്‍ രണ്ടു ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 

യുഎഇയിലെ ഇന്‍റര്‍നാഷണല്‍ ഹോള്‍ഡിങ് കമ്പനി 129.6 കോടി ഡോളറും അഡ്‌നോക് ഗ്യാസ് കമ്പനി 118.8 കോടി ഡോളറും സൗദിയിലെ അല്‍റാജ്ഹി ബാങ്ക് 117.5 കോടി ഡോളറും ഖത്തര്‍ നാഷനല്‍ ബാങ്ക് ഗ്രൂപ്പ് 113.8 കോടി ഡോളറും ഫസ്റ്റ് അബുദാബി ബാങ്ക് 104.4 കോടി ഡോളറും അല്‍ഫാ ദാബി ഹോള്‍ഡിങ് കമ്പനി 92.4 കോടി ഡോളറും സൗദി ടെലികോം കമ്പനി 87.6 കോടി ഡോളറും ലാഭം നേടി. ഗള്‍ഫ് കമ്പനികള്‍ ആകെ കൈവരിച്ച ലാഭത്തിന്റെ 3.2 ശതമാനം എമിറേറ്റ് എന്‍.ബി.ഡി ബാങ്കിന്റെയും 2.4 ശതമാനം സൗദി നാഷനല്‍ ബാങ്കിന്റെയും 2.3 ശതമാനം ഇന്റര്‍നാഷണല്‍ ഹോള്‍ഡിങ് കമ്പനിയുടെയും 2.1 ശതമാനം അഡ്‌നോക് ഗ്യാസ് കമ്പനിയുടെയും 2.1 ശതമാനം അല്‍റാജ്ഹി ബാങ്കിന്റെയും 2 ശതമാനം ക്യു.എന്‍.ബി ഗ്രൂപ്പിന്റെയും 1.9 ശതമാനം ഫസ്റ്റ് അബുദാബി ബാങ്കിന്റെയും 1.6 ശതമാനം അല്‍ഫാ ദാബി ഹോള്‍ഡിംഗിന്റെയും 1.6 ശതമാനം എസ്.ടി.സിയുടെയും വിഹിതമാണ്. പലിശ നിരക്കുകള്‍ ഉയര്‍ന്നതിന്റെ ഫലമായി ഗള്‍ഫ് ബാങ്കുകള്‍ മികച്ച വളര്‍ച്ച കൈവരിച്ചു. ഈ വര്‍ഷം ആദ്യ പാദത്തില്‍ ഗള്‍ഫ് ബാങ്കുകളുടെ ലാഭം 11 ശതമാനത്തിലേറെ വര്‍ധിച്ച് 1,450 കോടി ഡോളറായി.

English Summary:

UAE Boasts Five of the Top Ten most Profitable Companies in the Gulf.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com