കുട്ടികൾക്ക് നവ്യാനുഭവം പകർന്ന് ഓഫിസുകളിലെ ‘ലിറ്റിൽ എംപ്ലോയി’
Mail This Article
ദോഹ ∙ രക്ഷിതാക്കളുടെ ജോലിസ്ഥലം കാണാനുള്ള കുട്ടികളുടെ ആഗ്രഹം സഫലമാക്കി ഖത്തർ ഫൗണ്ടേഷൻ. പാർക്കുകളിലും ബീച്ചുകളിലും കുടുംബവുമായി പോകുന്ന പതിവിന് പകരം രക്ഷിതാക്കളോടൊപ്പം ജോലിസ്ഥലത്ത് ഒരു ദിവസം ചെലവഴിക്കുന്നത് വ്യത്യസ്തമായ അനുഭവമാണ് ഇതിലൂടെ കുട്ടികൾക്കും രക്ഷിതാക്കൾക്കും ലഭ്യമായത്. ഖത്തർ ഫൗണ്ടേഷൻ സംഘടിപ്പിച്ച "ലിറ്റിൽ എംപ്ലോയി" പരിപാടിയിലൂടെ ഇത് സാധ്യമായത്. 34-ഓളം കുട്ടികൾക്ക് അവരുടെ രക്ഷിതാക്കളുടെ തൊഴിൽ ജീവിതം നേരിട്ട് കാണാനും മനസ്സിലാക്കാനും ഈ പരിപാടി അവസരമൊരുക്കി.
മാതാപിതാക്കളോടൊപ്പം തൊഴിലിടങ്ങളിൽ എത്തിയ കുട്ടികൾ തങ്ങളുടെ രക്ഷിതാക്കൾ ചെയ്യുന്ന ജോലികളെ കുറിച്ച് അടുത്തറിയുകയും അവരുടെ തൊഴിൽ അന്തരീക്ഷം കൂടുതലായി മനസ്സിലാക്കുകയും ചെയ്തു. മാതാപിതാക്കൾ ഇരിക്കുന്ന കസേരകളിൽ ഇരുന്നും അവരുടെ തൊഴിൽ രീതികളെ കുറിച്ച് കൂടുതൽ ചോദിച്ചറിഞ്ഞും കുട്ടികൾ ഒരു ദിവസം ഓഫിസിൽ കഴിച്ചുകൂട്ടി. ഓഫിസുകളിലെ ജോലി തിരക്കിനിടയിൽ ആശ്വാസത്തിന്റെ ഒരു ദിനമായി ലിറ്റിൽ എംപ്ലോയി ദിനം രക്ഷിതാക്കൾക്കും അനുഭവപ്പെട്ടു .
ഇത്തരം പരിപാടികൾ ഭാവിതലമുറയെ പ്രചോദിപ്പിക്കാനും ചെറുപ്പത്തിൽ തന്നെ തൊഴിൽ സംസ്കാരം വളർത്തിയെടുക്കാനും സഹായകരമാകുമെന്ന് സംഘാടകർ വ്യക്തമാക്കി . പരിപാടിയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു .