ADVERTISEMENT

ദുബായ് ∙ യുഎഇയിലെ പ്രധാന സൈബർ ക്രൈം സിൻഡിക്കേറ്റുകൾ അധികൃതർ തകർത്തതായി റിപ്പോർട്ട്. നൂറുകണക്കിന് ആളുകളെ കസ്റ്റഡിയിലെടുത്തു, ഇവർ സൈബർ കുറ്റവാളികളാണെന്ന് സംശയിക്കുന്നു. ഇവരിൽ മലയാളി യുവതീ യുവാക്കളും വിദേശികളുടെ ഉടമസ്ഥതയിലുള്ള രണ്ട് കമ്പനികളിലെ ജീവനക്കാരും ഉൾപ്പെടെ നൂറോളം ഇന്ത്യക്കാർ ഉണ്ട്. കഴിഞ്ഞ ഞായറാഴ്ച ദുബായ് പൊലീസ് സിഐഡി ഇവരെ അവരുടെ താമസ സ്ഥലങ്ങളിൽ നിന്നും മറ്റു സ്ഥലങ്ങളിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ഇവർ ഓഫിസ് ജോലികൾ ചെയ്തിരുന്നതാണെങ്കിലും സൈബർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടക്കുകയാണ്. കുറ്റം ചെയ്തു എന്ന് കണ്ടെത്തിയാൽ ഇവരെ കോടതിയിൽ ഹാജരാക്കും.

കസ്റ്റഡിയിലെടുക്കപ്പെട്ട ഇന്ത്യക്കാരുടെ ബന്ധുക്കളും സുഹൃത്തുക്കളും ആശങ്കയിലാണ്. സംഭവത്തെക്കുറിച്ച് പൊലീസിൽ നിന്ന് കൃത്യമായ വിവരങ്ങൾ ലഭിക്കാത്തതിനാൽ അവർ വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് കാര്യങ്ങൾ അവലോകനം ചെയ്യുകയും ഇന്ത്യൻ കോൺസുലേറ്റിൽ പരാതി നൽകുകയും ചെയ്തു. "സംഭവത്തെക്കുറിച്ച് പൊലീസ് ഇതുവരെ കൃത്യമായ വിവരങ്ങൾ നൽകിയിട്ടില്ല. അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു പ്രസ്താവനകളും പുറത്തുവന്നിട്ടില്ല"- കസ്റ്റഡിയിലുള്ള ഒരു യുവതിയുടെ ബന്ധു പറഞ്ഞു. 

ഈ സംഭവവുമായി ബന്ധപ്പെട്ട് ബുധനാഴ്ച അജ്മാനിൽ ഏറ്റവും വലിയ റെയ്ഡുകളിലൊന്ന് നടന്നു. നഗരത്തിലെ ഗ്രാൻഡ് മാളിലും സൈബർ കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കുന്ന നിരവധി റസിഡൻഷ്യൽ ടവറുകളിലും പ്രത്യേക സേന റെയ്ഡ് നടത്തി. രാത്രി മുഴുവൻ നീണ്ടുനിന്ന ഓപ്പറേഷൻ പുലർച്ചയോടെയാണ് അവസാനിച്ചത്. നൂറുകണക്കിന് പ്രതികളെ പിടികൂടി. കുറ്റകൃത്യങ്ങളിൽ അവരുടെ പങ്കിനെക്കുറിച്ചുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.  അതിൽ ഉൾപ്പെട്ടവരെ പബ്ലിക് പ്രോസിക്യൂട്ടർക്ക് റഫർ ചെയ്യും.

"ഓപണിങ് ബാറ്റ്സ്മാന്മാർ"
ദുബായ് ലാൻഡിലെ റഹാബ റസിഡൻസസിലാണ് ഏറ്റവും വലിയ റെയ്ഡ് നടന്നത്. ദക്ഷിണേഷ്യക്കാരെ കൂടാതെ, ആഫ്രിക്കക്കാരുൾപ്പെടെ ആയിരക്കണക്കിന് പേരെ സൈബർ സിൻഡിക്കേറ്റുകൾ കസ്റ്റഡിയി ലെടുത്തു. ‌ടെലിസെയിൽസിൽ ജോലി ചെയ്തിരുന്ന ഇവരെ "ഓപണിങ് ബാറ്റ്സ്മാൻ" എന്നാണ് കമ്പനി ഉടമകൾ വിശേഷിപ്പിച്ചിരുന്നത്. ഇരകളെ ആദ്യം വിളിക്കുന്നതും സംഭാഷണം ആരംഭിക്കുന്നതും ഗൂഗിൾ റിവ്യൂകൾ പോസ്റ്റുചെയ്യുന്നതും യുട്യൂബ് വിഡിയോകൾ ലൈക്ക് ചെയ്യുന്നതും പോലുള്ള ലളിതമായ ജോലികൾ ആളുകളെ ഏൽപ്പിക്കുന്നത് ഇവരായിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

English Summary:

UAE Cyber Crime Syndicate Busted; Malayalis Among Those Arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com