പ്രവാസികൾക്ക് കനത്ത തിരിച്ചടി; സൗദിയിൽ എൻജിനീയറിങ് മേഖലയിൽ സ്വദേശിവത്കരണം ഈ മാസം മുതൽ നടപ്പിലാക്കും
Mail This Article
റിയാദ് ∙ പ്രവാസികൾക്ക് കനത്ത തിരിച്ചടി. സൗദിയിൽ എൻജിനീയറിങ് മേഖലയിൽ 25 ശതമാനം സ്വദേശിവത്കരണം ഈ മാസം മുതൽ നടപ്പിലാകുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
സിവിൽ എൻജിനീയർ, മെക്കാനിക്കൽ എൻജിനീയർ, സർവേ എൻജിനീയർ, ഇന്‍റീരിയർ ഡിസൈൻ എൻജിനീയർ, ടൗൺ പ്ലാനിങ് എൻജിനീയർ, ആർക്കിടെക്‌ട് എന്നീ പ്രഫഷനുകളിലാണ് സൗദി തീരുമാനത്തിലൂടെ പ്രധാനമായും സ്വദേശിവത്കരണം നടപ്പിലാക്കാൻ ലക്ഷ്യമിടുന്നത്. ഈ മാസം 21 മുതൽ നിർബന്ധിത സ്വദേശിവത്കരണം പ്രാബല്യത്തിൽവരുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇത്തരം എൻജിനീയറിങ് പ്രഫഷനിൽ പെട്ട അഞ്ചും അതിൽ കൂടുതലും പേർ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്ക് സൗദിവൽക്കരണ തീരുമാനം ബാധകമാണ്.
രാജ്യത്തെ യുവതീയുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയവുമായുള്ള പങ്കാളിത്തത്തോടെയാണ് ഈ മേഖലയിൽ 25 ശതമാനം സൗദിവൽക്കരണം നിർബന്ധമാക്കാൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചത്. ഇതനുസരിച്ച് എൻജിനീയറിങ് മേഖലയിൽ സ്വദേശിവൽക്കരണം നടപ്പാലിക്കുന്നത് മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം നിരീക്ഷിക്കും.