ജിദ്ദ ഇസ്ലാമിക് തുറമുഖത്തു നിന്നും പുതിയ ചരക്ക് കപ്പൽ സേവനം തുടങ്ങി
Mail This Article
റിയാദ് ∙ ജിദ്ദ ഇസ്ലാമിക് തുറമുഖത്തു നിന്ന് ചൈനയിലെ നാല് തുറമുഖങ്ങളെയും ഈജിപ്തിലെ ഒരു തുറമുഖത്തെയും ബന്ധിപ്പിച്ച് പുതിയ ചരക്ക് കപ്പൽ സേവനം തുടങ്ങി. മവാനി എന്നറിയപ്പെടുന്ന സൗദി തുറമുഖ അതോറിറ്റിയും ചൈനീസ് ഷിപ്പിങ് ലൈൻ ന്യൂ ന്യൂ ലൈൻ വഴിയാണ് സിബിഎസ് ഷിപ്പിങ് സേവനം നടത്തുന്നത്. ചൈനീസ് തുറമുഖങ്ങളായ ടിയാൻജിൻ, ക്വിങ്ദാവോ, ഷാങ്ഹായ്, ഗ്വാങ്‌ഷൂ, ഈജിപ്തിലെ ഡാമിയേറ്റ എന്നിവിടങ്ങിലേക്കാണ് 4,000 സ്റ്റാൻഡേർഡ് കണ്ടെയ്‌നറുകൾ വരെ ശേഷിയുള്ള ചരക്ക് കപ്പൽ ജിദ്ദ തുറമുഖത്തു നിന്നും പ്രതിവാര സർവീസ് നടത്തുന്നത്.
സമുദ്രാന്തര വ്യാപാര സൂചികയിൽ സൗദി അറേബ്യയുടെ സ്ഥാനം മെച്ചപ്പെടുത്തുന്നതിനും തുറമുഖങ്ങളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും രാജ്യാന്തര വിപണികളുമായുള്ള രാജ്യത്തിന്‍റെ ബന്ധം ശക്തിപ്പെടുത്തുന്നതിനുമുള്ള മവാനിയുടെ വിപുലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം. ഈ നീക്കത്തിലൂടെ ദേശീയ ഗതാഗത, ലോജിസ്റ്റിക് സ്ട്രാറ്റജിയുമായി യോജിപ്പിച്ചിരിക്കുന്നു, ഇതിലൂടെ സൗദി അറേബ്യയെ ഒരു ആഗോള ലോജിസ്റ്റിക് ഹബ്ബായും മൂന്ന് ഭൂഖണ്ഡങ്ങൾ തമ്മിലുള്ള ഒരു കേന്ദ്രബിന്ദുവായും സ്ഥാപിക്കാൻ ലക്ഷ്യമിടുന്നു.