ADVERTISEMENT

മനാമ ∙ ഗൾഫ് മേഖലയിൽ കടുത്ത ചൂട് അനുഭവപ്പെടുന്ന ജൂലൈ, ഓഗസ്റ്റ് മാസങ്ങൾ പൊതുവെ അവധിക്കാലം എന്ന് അറിയപ്പെടുന്നുണ്ടെങ്കിലും അവധി ഇല്ലാത്ത വലിയ ഒരു വിഭാഗം ഈ രണ്ടു മാസം എങ്ങിനെ കഴിച്ചുകൂട്ടും എന്നതിന്റെ ആശങ്കയിലാണ്. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ സ്‌കൂളുകൾ അവധിയായത് കൊണ്ട് തന്നെ കുടുംബത്തോടൊപ്പം ഇവിടെ തന്നെ  വേനൽ അവധിക്കും തങ്ങാൻ ഉദ്ദേശിക്കുന്ന രക്ഷിതാക്കൾ ഏറ്റവും കൂടുതൽ ആശങ്കപ്പെടുന്നത് വൈദ്യുതി ബില്ലിനെപ്പറ്റിയാണ്. കുട്ടികൾ വീട്ടിൽ തന്നെ ഉള്ളത് കാരണം ഇപ്പോൾ 24 മണിക്കൂറും എയർ കണ്ടീഷനുകൾ പ്രവർത്തിപ്പിക്കേണ്ടി വരും. അത് കൊണ്ട് തന്നെ നല്ലൊരു തുക അവധിക്കാലത്ത് പല കുടുംബങ്ങൾക്കും നീക്കിവെക്കേണ്ടി വരും.

ഉയർന്ന വിമാന നിരക്ക് കാരണം നാട്ടിലേക്ക് ഇടത്തരക്കാരായ നിരവധി രക്ഷിതാക്കളും അവധിക്കാലത്ത് നാട്ടിൽ പോകാതെ രാജ്യത്ത് തന്നെ തങ്ങാൻ നിർബന്ധിതരാകുന്നുണ്ട്. ചില കമ്പനികളിൽ ഈ മാസങ്ങളിൽ അവധി നൽകാറില്ല. ചില കുടുംബങ്ങളിലെ ഭാര്യാ ഭർത്താക്കന്മാർ വെവ്വേറെ കമ്പനികളിൽ ജോലി  ചെയ്യുന്നവരുടെയും വ്യത്യസ്ത ഘട്ടങ്ങളിലുള്ള  അവധിക്കാലം അവരുടെ യാത്രയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. നാട്ടിൽ അടുത്ത ബന്ധുക്കളും കൂടപ്പിറപ്പുകളും ഉള്ളവർ പലരും ഈ പ്രതിസന്ധികളെ മറികടക്കാൻ മക്കളെ മാത്രം അവധിക്കാലം ആഘോഷിക്കാൻ നാട്ടിലേക്ക് പറഞ്ഞയക്കുന്നുമുണ്ട്. പുതിയ തലമുറയിൽപ്പെട്ട കുട്ടികൾക്കാവട്ടെ  മഴക്കാലത്ത് നാട്ടിൽ ചിലവഴിക്കാൻ താല്പര്യവും ഇല്ല.

Representative image. Image Credits: Black Kings/Shutterstock.com
Representative image. Image Credits: Black Kings/Shutterstock.com

∙ നാട്ടിലേക്ക്  പോകുന്നവരെ കാത്തിരിക്കുന്നത് ചിലവേറിയ അവധിക്കാലം
നാട്ടിൽ പോകുന്ന പ്രവാസികളെ കാത്തിരിക്കുന്നത് ചിലവേറിയ അവധിക്കാലമാണ്. വിമാനയാത്രാനിരക്ക് തന്നെ താങ്ങാൻ കഴിയാത്ത അവസ്‌ഥയിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ പ്രവാസികളെ കൊള്ളയടിക്കുന്ന തരത്തിലാണ് നാട്ടിലെ അവശ്യ സാധനങ്ങൾക്കുള്ള നിരക്കുകകളും. കൂടാതെ എയര്‍പോര്‍ട്ട് യൂസര്‍ ഫീ വര്‍ധന ജൂലൈ മുതൽ നടപ്പിലാക്കാനുള്ള തീരുമാനവും ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഗൾഫ് സെക്ടറിലെ യാത്രക്കാരെയാണ്.

ജൂലൈ മുതൽ തിരുവനന്തപുരത്ത് നിന്നുള്ള ആഭ്യന്തര യാത്രക്കാർ 770 രൂപയും വിദേശ യാത്രികർ 1540 രൂപയും യൂസർ ഫീയായി നൽകണം എന്നതാണ് പുതിയ നിയമം. വിമാന നിരക്ക് വര്‍ധന മൂലം പൊറുതിമുട്ടിയ പ്രവാസികള്‍ക്ക് ഇത് ഇരട്ട പ്രഹരമായിരിക്കുകയാണ് എയര്‍പോര്‍ട്ട് യൂസര്‍ ഫീ വര്‍ധന. തിരുവനന്തപുരം വിമാനത്താവളത്തിലാണ് ഇപ്പോൾ  ഇരട്ടിയായി ഉയര്‍ത്തിയത്. വിമാനത്താവളത്തില്‍ ആദ്യമായി വന്നിറങ്ങുന്നവര്‍ക്കും യൂസര്‍ ഫീ ബാധകമാക്കിയിട്ടുണ്ട്.

നാട്ടിലെ നിത്യോപയോഗ സാധനങ്ങളുടെ വിലയും ഏറ്റവും കൂടുതൽ യാത്ര ചെയ്യേണ്ടി വരുന്ന പ്രവാസികളെ സംബന്ധിച്ച് ഓട്ടോ, ടാക്സി മറ്റു യാത്രാ നിരക്കുകളും ഒരിക്കലും ബജറ്റിന് അനുകൂലമായ ഘടകമല്ല. കേരളത്തിൽ നിന്നുള്ള ട്രെയിൻ സർവീസുകൾ മാത്രമാണ് യാത്രാ ചിലവും സമയവും ലാഭിക്കാൻ ഒരേ ഒരു മാർഗമെങ്കിലും ദീർഘദൂര ട്രെയിനുകളിൽ പലതിലും ഇപ്പോൾ സീറ്റുകളും ലഭ്യമല്ലാതായിരിക്കുകയാണ്. ഓണക്കാലവും കൂടി അടുത്ത് വരുന്നതോടെ ഇന്ത്യയിലെവിടേക്കുമുള്ള  ട്രെയിൻ യാത്രയും ദുഷ്കരമാകാനാണ്‌ സാധ്യത. വളരെ കുറഞ്ഞ അവധി ദിവസങ്ങൾക്കുള്ളിൽ കുട്ടികളുടെ ഉപരിപഠനങ്ങൾക്കായുള്ള  സർട്ടിഫിക്കറ്റുകൾ തരപ്പെടുത്തുക, റവന്യു, ആധാർ കാർഡ് തുടങ്ങിയ നിരവധി ആവശ്യങ്ങൾ പരിഹരിക്കുക എന്നൊക്കെയുള്ള  പ്രതീക്ഷയിലാണ് പ്രവാസികൾ നാടണയുന്നത്. അപ്പോൾ ഒരു സർക്കാർ ഓഫിസുകളിൽ പോലും പ്രവാസി എന്ന ഒരു പരിഗണന പ്രവാസികൾക്ക് ലഭിക്കാറില്ലെന്ന് മാത്രമല്ല അവധിക്ക് നാട്ടിൽ വരുന്ന പ്രവാസികളെ എങ്ങനെ പിഴിയാം എന്നതാണ് പലരും ഒരാചാരമായി ഇപ്പോഴും ചിന്തിക്കുന്നത്. 

English Summary:

Pravasi Families Skip Vacations due to High Airfares

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com