രോഗിയുടെ വയറിൽനിന്ന് പുറത്തെടുത്തത് ‘80 പേനകളും രണ്ടു ഇയർ ഫോണുകളും’
Mail This Article
സൻആ(യെമൻ) ∙ രോഗിയുടെ വയറിൽനിന്ന് കണ്ടെടുത്ത വസ്തുക്കൾ കണ്ട് ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും അക്ഷരാർത്ഥത്തിൽ ഞെട്ടി. എൺപതു പേനകളും രണ്ടു വയേർഡ് ഇയർഫോണുകളുമാണ് രോഗിയുടെ വയറിൽ നിന്ന് സർജറിയിലൂടെ പുറത്തെടുത്തത്. യെമൻ തലസ്ഥാന നഗരിയായ സന്‍ആയിലെ അൽ യാഹിരി ആശുപത്രിയിലാണ് സംഭവം.
അസഹ്യമായ വയറു വേദനയുമായി എത്തിയ രോഗിയെ ഡോക്ടർമാർ സി.ടി സ്കാനിങ്ങിന് വിധേയമാക്കുകയായിരുന്നു. സ്കാനിൽ രോഗിയുടെ വയറിൽ അസാധാരണ വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി. തുടർന്ന് ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. വയറു തുറന്ന ഡോക്ടർമാർ ഞെട്ടി. എൺപത് പേനകളും രണ്ടു ഇയർഫോണുകളുമാണ് ലഭിച്ചത്. വസ്തുക്കൾ പുറത്തെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഡോക്ടർമാർ കത്രിക ഉപയോഗിച്ച് പേനകൾ ഓരോന്നായി പുറത്തെടുക്കുന്നതിന്റെ വിഡിയോ ആണ് പുറത്തുവന്നത്. യെമൻ ചരിത്രത്തില്‍ ആദ്യമായാണ് ഒരു രോഗിയുടെ വയറ്റില്‍ നിന്ന് ഇത്രയധികം വസ്തുക്കള്‍ പുറത്തെടുക്കുന്നത്. ഇതെങ്ങിനെ ഇയാളുടെ വയറിൽ എത്തി എന്നാണ് ഡോക്ടർമാർ അത്ഭുതപ്പെടുന്നത്.