വിമൻസ് ട്വന്റി20 യുഎഇ ടീമിൽ 3 മലയാളി സഹോദരിമാർ; യുഎഇയുടെ കരുത്ത്, വയനാടിന്റെ അഭിമാനം
Mail This Article
അബുദാബി ∙ മിന്നു മണിക്കും സജനയ്ക്കും ശേഷം വയനാടൻ പെരുമയുമായി രാജ്യാന്തര ക്രിക്കറ്റിൽ തിളങ്ങുകയാണ് 3 മലയാളി സഹോദരിമാർ. യുഎഇ ദേശീയ വനിതാ ക്രിക്കറ്റ് ടീമിലെ താരങ്ങളും സുൽത്താൻ ബത്തേരി സ്വദേശിനികളുമായ റിതിക രജിത്, റിനിത രജിത്, റിഷിത രജിത് എന്നിവരാണ് വിമൻസ് ട്വന്റി20 ഏഷ്യ കപ്പ് 2024ൽ ഒരുമിച്ചിറങ്ങി ചരിത്രം കുറിക്കാനൊരുങ്ങുന്നത്. ഈ മാസം 19ന് ശ്രീലങ്കയിലാണ് മത്സരം. 21ന് ഇന്ത്യയ്ക്കെതിരെയും ഇവർ ഇറങ്ങും.
ബാഡ്മിന്റൻ വിട്ട് ക്രീസിലേക്ക്
ബാഡ്മിന്റനിൽ തിളങ്ങി നിൽക്കവെയാണ് ഇവർ ക്രിക്കറ്റിന്റെ ലോകത്തേക്ക് എത്തിയത്. ഇവർ പിന്തുണയുമായി അച്ഛനും അജ്മാനിൽ വ്യവസായിയുമായ രജിതും അമ്മ രഞ്ജിനിയും കൂടെയുണ്ട്. ഓൾറൗണ്ടറായ റിതിക ഡമാകിൽ എച്ച്ആർ വിഭാഗത്തിൽ ജോലി ചെയ്യുന്നു. ബാറ്റിങ്ങിൽ കരുത്തു കാട്ടുന്ന റിനിത പ്ലസ് ടു കഴിഞ്ഞ് കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്ങിന് ചേരാനിരിക്കുകയാണ്. ഷാർജ ലീഡേഴ്സ് പ്രൈവറ്റ് സ്കൂളിൽ 11ാം ക്ലാസ് വിദ്യാർഥിനിയായ റിഷിത ബോളറാണ്. യുഎഇ ദേശീയ വനിതാ ടീമിലെ 15 കളിക്കാരും വിദേശികൾ. ഇതിൽ 3 മലയാളികൾ ഉൾപ്പെടെ 14 പേരും ഇന്ത്യക്കാർ. വയനാട് ജില്ലാ ടീമിനുവേണ്ടി മുൻപ് കളിച്ചിരുന്ന അച്ഛൻ രജിത് ആണ് ക്രിക്കറ്റിൽ ഇവരുടെ പ്രഥമ ഗുരു. യുഎഇ ടീമിൽ ഇടം നേടിയതുമുതൽ എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡാണ് പരിശീലിപ്പിക്കുന്നത്.
വഴികാട്ടി അച്ഛൻ
കോവിഡ് കാലത്തെ വിരസത അകറ്റാനാണ് രജിത് മക്കളെ ക്രിക്കറ്റിന്റെ ലോകത്തേക്ക് ആനയിച്ചത്. ബാഡ്മിന്റനിൽനിന്ന് ക്രിക്കറ്റിൽ എത്തിയപ്പോൾ ആദ്യമൊക്കെ പ്രയാസം നേരിട്ടിരുന്നുവെന്നും ചിട്ടയായ പരിശീലനത്തിലൂടെ പ്രതിസന്ധികളെ മറികടക്കാനായെന്നും റിതിക പറഞ്ഞു. 3 മാസമായപ്പോഴേക്കും ക്രിക്കറ്റിനെ കൈപ്പിടിയിൽ ഒതുക്കി കളി കാര്യമായെടുത്തു. അതിനിടെ എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡിന്റെ (ഇസിബി) ഡവലപ്മെന്റ് ക്യാംപിൽ പങ്കെടുത്തത് ദേശീയ ടീമിലേക്ക് വഴി തുറന്നു. 3 വർഷമായി ദേശീയ ടീമിലെ പ്രകടന മികവാണ് മൂവരെയും ഒരുമിച്ച് വനിതാ ടി20യിലേക്ക് തിരഞ്ഞെടുക്കാൻ ഇടയാക്കിയത്. യുഎഇയ്ക്കുവേണ്ടി കിരീടം സ്വന്തമാക്കുക എന്നതാണ് സ്വപ്നമെന്നും ഇവർ പറയുന്നു. വീട്ടിലേ പോലെ കളിക്കളത്തിലും ഒത്തൊരുമയുടെ കരുത്ത് വിജയത്തിൽ പ്രതിഫലിക്കുമെന്ന് ഇവർ വിശ്വസിക്കുന്നു.
താരമാണ്, റിതിക
ബാഡ്മിന്റൻ വേൾഡ് ഫെഡറേഷന്റെ പ്രായംകുറഞ്ഞ അമ്പയറും ലെവൽ–1 കോച്ചുമാണ് റിതിക. അബുദാബിയിൽ നടന്ന രാജ്യാന്തര സ്പെഷൽ ഒളിംപിക്സിലെ ബാഡ്മിന്റനിലും ദുബായ് ഇന്റർനാഷനൽ ഓപ്പൺ സീരീസിലും ഒഫീഷ്യലായിരുന്നു. ഐസിസിയുടെ ലെവൽ–1 ക്രിക്കറ്റ് പരിശീലക സർട്ടിഫിക്കറ്റും നേടിയിട്ടുണ്ട്. ഭാവിയിൽ ഇന്ത്യൻ ദേശീയ ടീമിൽ ഇടം നേടി നാടിനുവേണ്ടി കളിക്കണമെന്നതാണ് ഇവരുടെ ആഗ്രഹം.