പ്രകൃതി സംരക്ഷണം: യുഎഇയിൽ 3 വർഷത്തേക്ക് 15 ലക്ഷം ഡോളർ അനുവദിച്ചു
Mail This Article
അബുദാബി ∙ പരിസ്ഥിതിയെയും വന്യജീവികളെയും സംരക്ഷിക്കുന്ന യുവ പ്രകൃതി സംരക്ഷകരെ ശാക്തീകരിക്കുന്നതിനായി മുഹമ്മദ് ബിൻ സായിദ് സ്പീഷീസ് കൺസർവേഷൻ ഫണ്ട് 15 ലക്ഷം ഡോളർ അനുവദിച്ചു. പരിസ്ഥിതി പ്രവർത്തകർക്കും പരിശീലകർക്കും ഗവേഷകർക്കുമായി വർഷത്തിൽ 5 ലക്ഷം ഡോളർ വീതം, 3 വർഷത്തേക്കുള്ള തുകയാണ് അനുവദിച്ചത്. മലിനീകരണം, കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ നഷ്ടം എന്നിവ പരിഹരിക്കുന്നതിനൊപ്പം ഭൂമിയുടെയും സമുദ്രത്തിന്റെയും സംരക്ഷണം പ്രോത്സാഹിപ്പിക്കാനുമായാണ് തുക ഉപയോഗിക്കുക.
15 വർഷത്തിനിടെ ഒട്ടേറെ ഗവേഷകർക്ക് സാമ്പത്തിക സഹായം ലഭ്യമാക്കിയതായി മുഹമ്മദ് ബിൻ സായിദ് സ്പീഷീസ് കൺസർവേഷൻ ഫണ്ട് ആക്ടിങ് ഡയറക്ടർ ജനറൽ നികോളാസ് ഹേർഡ് പറഞ്ഞു. ഇതുവരെ 170ൽപരം രാജ്യങ്ങളിലെ 2800ലധികം പ്രകൃതി സംരക്ഷണ പദ്ധതികൾക്കായി 2.4 കോടി ഡോളറാണ് ചെലവാക്കിയിട്ടുള്ളത്.