ഖത്തർ എയർവേയ്സിന് റെക്കോർഡ് ലാഭം; 27 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം
Mail This Article
ദോഹ ∙ ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് 27 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ലാഭം കൈവരിച്ചു. 2023-24 സാമ്പത്തിക വർഷത്തെ വാർഷിക റിപ്പോർട്ടിൽ 6.1 ബില്യൻ ഖത്തർ റിയാൽ (1.7 ബില്യൺ യുഎസ് ഡോളർ) റെക്കോർഡ് ലാഭമാണ് ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് സ്വന്തമാക്കിയത്. ഈ സാമ്പത്തിക വർഷത്തെ മൊത്തം വരുമാനം 81 ബില്ല്യൻ ഖത്തർ റിയാലാണ് (22.2 ബില്യൻ യുഎസ് ഡോളർ). കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 4.7 ബില്യൻ റിയാലിന്റെ വർധനവാണുള്ളത്. ആറ് ശതമാനം വർധന.
2023/24 സാമ്പത്തിക വർഷത്തിൽ 40 ദശലക്ഷത്തിലധികം യാത്രക്കാരാണ് ഖത്തർ എയർവേയ്‌സിൽ യാത്ര ചെയ്തത്. മുൻ വർഷത്തേക്കാൾ 26 ശതമാനം വർധനവ്.ഇതിന്റെ ഭാഗമായി യാത്രക്കാരുടെ വരുമാനം 19 ശതമാനം വർധിച്ചു. ഇപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 170 വിമാനത്താവളങ്ങളിലേക്കാണ് ഖത്തർ എയർവേയ്‌സ് സർവീസ് നടത്തുന്നത്.
സാമ്പത്തിക രംഗത്ത് ഖത്തർ എയർവേയ്‌സ് കൈവരിച്ച നേട്ടം കാര്യക്ഷമവും ആസൂത്രിതവുമായ പ്രവർത്തങ്ങളുടെ നേട്ടമാണെന്നും ഖത്തർ ഊർജ സഹമന്ത്രിയും ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചെയർമാനുമായ എൻജിനീയർ. സാദ് ബിൻ ശരീദ അൽ-കഅബി പറഞ്ഞു. ലാഭം, കാര്യക്ഷമത, ഉപഭോക്തൃ അനുഭവം എന്നി മേഖലയ്ക്ക് കമ്പനി നൽകിയ ശ്രദ്ധയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കാൻ സാധിച്ചതും റെക്കോർഡ് സാമ്പത്തിക നേട്ടം കൈവരിക്കുന്നതിന് ഏറെ സഹായകമായതായി ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ, എഞ്ചിനീയർ ബദർ മുഹമ്മദ് അൽ-മീർ പറഞ്ഞു. ഇത്തരമൊരു നേട്ടം കൈവരിക്കുന്നതിന് അക്ഷീണം പ്രായത്തിനിച്ച മുഴുവൻ ഖത്തർ എയർവേയ്‌സ് ജീവനക്കാരെയും അദ്ദേഹം അഭിനന്ദിച്ചു.