കൽബയിൽ ഫ്രീസോൺ ; ഷാർജയിൽ കൂടുതൽ പേർക്ക് തൊഴിലവസരം ലഭ്യമാകും
Mail This Article
ഷാർജ ∙ ആശയവിനിമയ സാങ്കേതികവിദ്യകളിൽ മികവ് പുലർത്താനും വിദഗ്ധരെയും നിക്ഷേപകരെയും ആകർഷിക്കാനും ലക്ഷ്യമിട്ട് ഷാർജയിൽ കമ്യൂണിക്കേഷൻ ടെക്നോളജി ഫ്രീസോൺ സ്ഥാപിക്കുന്നു. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. കൽബയിലായിരിക്കും പുതിയ ഫ്രീസോൺ (സ്വതന്ത്ര വ്യാപാര മേഖല) സജ്ജമാക്കുക.
ആശയവിനിമയ രംഗത്ത് എമിറേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്നതോടൊപ്പം സാമ്പത്തിക വികസനവും ലക്ഷ്യമിടുന്നുണ്ട്. നിർമിത ബുദ്ധി ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി ഷാർജയെ മികവിന്റെ കേന്ദ്രമാക്കാനാണ് പദ്ധതി. ഇതുവഴി ഒട്ടേറെ രാജ്യാന്തര കമ്പനികൾ ഷാർജയിലേക്ക് എത്തുമെന്നും കൂടുതൽ പേർക്ക് തൊഴിലവസരം ലഭിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
പ്രാദേശിക, രാജ്യാന്തര മാനദണ്ഡങ്ങൾക്ക് അനുസൃതമായിട്ടായിരിക്കും ഫ്രീസോണിന്റെ നിയമനിർമാണം. ഇവിടത്തെ സ്ഥാപനങ്ങളും ജീവനക്കാരും കരാറുകളും ഉടമ്പടികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ആശയവിനിമയ രംഗവുമായി ബന്ധപ്പെട്ട മറൈൻ, ലാൻഡ് കേബിൾ കമ്പനികൾക്കു ലൈസൻസ് നൽകും. ഈ രംഗത്തു പ്രവർത്തിക്കുന്ന കമ്പനികളുടെ വിവരശേഖരണത്തിനും ആവശ്യമായ വിദഗ്ധരെ ലഭ്യമാക്കാനുമായി ഡേറ്റ സെന്ററുകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്. സമഗ്ര ഫ്രീസോൺ നയം രൂപീകരിച്ച് സമർപ്പിക്കുന്ന റിപ്പോർട്ടിന് പ്രസിഡന്റിന്റെ അംഗീകാരം ലഭിക്കുന്നതോടെ പദ്ധതിക്ക് തുടക്കമിടും.