രാജ്യാന്തര സഹകരണം: യോഗം ചേർന്ന് ബ്രിക്സ് കൃഷി–പരിസ്ഥിതി മന്ത്രിമാർ
Mail This Article
അബുദാബി ∙ ബ്രിക്സ് രാജ്യങ്ങളുമായുള്ള സഹകരണം ശക്തമാക്കി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുമെന്ന് യുഎഇ. വ്യാപാരം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിലും സഹകരിക്കാൻ യുഎഇ സന്നദ്ധമാണെന്ന് കാലാവസ്ഥ വ്യതിയാന, പരിസ്ഥിതി മന്ത്രി ഡോ. അംന ബിൻത് അബ്ദുല്ല അൽ ദഹക്ക് പറഞ്ഞു. മോസ്കോയിൽ ചേർന്ന ബ്രിക്സ് കൃഷി–പരിസ്ഥിതി മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അവർ. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ഇറാൻ, ഈജിപ്ത്, ഇത്യോപ്യ, യുഎഇ എന്നീ രാജ്യങ്ങളാണ് ബ്രിക്സ് കൂട്ടായ്മയിലെ അംഗങ്ങൾ.
ഭക്ഷ്യസുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും വ്യാപാരം മെച്ചപ്പെടുത്തുന്നതിനും അംഗരാജ്യങ്ങളിൽ പ്രത്യേക സംവിധാനം സ്ഥാപിക്കണമെന്ന് യുഎഇ ആവശ്യപ്പെട്ടു. കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതങ്ങൾ ലഘൂകരിക്കാനും പ്രതിരോധം ശക്തിപ്പെടുത്താനുമായി പ്രാദേശിക, രാജ്യാന്തര ഭക്ഷ്യ സമ്പ്രദായങ്ങൾ വികസിപ്പിക്കുന്നതിന് നേതൃത്വം നൽകാനുള്ള സന്നദ്ധതയും യുഎഇ അറിയിച്ചു. ബ്രിക്സ് ഗ്രെയിൻ എക്സ്ചേഞ്ച് സ്ഥാപിച്ച് ഭക്ഷ്യസുരക്ഷ, പോഷകാഹാരം, സുസ്ഥിര കൃഷി എന്നിവ വർധിപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു. ധാന്യങ്ങളുടെ വ്യാപാരത്തിൽ സഹകരണം ശക്തമാക്കാൻ ഇതുവഴി സാധിക്കും.
സാമ്പത്തികം, ഊർജം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ എല്ലാ മേഖലകളെയും ബാധിക്കുന്ന കാലാവസ്ഥ വ്യതിയാനം, മാനവരാശി നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണെന്ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയ അണ്ടർസെക്രട്ടറി മുഹമ്മദ് സഈദ് അൽ നുഐമി യോഗത്തിൽ ആവർത്തിച്ചു. 2050നകം നെറ്റ് സീറോ (കാർബൺ മുക്തം) കൈവരിക്കാനുള്ള യുഎഇയുടെ ശ്രമങ്ങൾ ഭൂമിയെ സംരക്ഷിക്കുന്നതിന് ഊന്നൽ നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.