വീസ പുതുക്കാതെ യുഎഇയിൽ തുടരുന്നവർക്കുള്ള പിഴയിൽ മാറ്റം വരുത്തിയതായി പ്രചാരണം; വ്യക്തത വരുത്തി അധികൃതർ
Mail This Article
അബുദാബി ∙ കാലാവധി കഴിഞ്ഞിട്ടും വീസ പുതുക്കാതെ യുഎഇയിൽ തുടരുന്നവർക്കുള്ള പിഴയിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി (ഐസിപി). അതുസംബന്ധിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്നും അധികൃതർ അറിയിച്ചു. റസിഡൻസ് വീസ കാലാവധി തീർന്ന് നിശ്ചിത സമയത്തിനകം പുതുക്കിയാൽ പിഴയിൽ നിന്നും നിയമനടപടിയിൽ നിന്നും ഒഴിവാകാം.
വീസ റദ്ദാക്കപ്പെട്ടാൽ രാജ്യം വിടാനായി 30 ദിവസത്തെ സാവകാശം (ഗ്രേസ് പീരിയഡ്) ലഭിക്കും. അതിനകം രാജ്യം വിടുകയോ മറ്റൊരു വീസയിലേക്കു മാറുകയോ ചെയ്യണം. അല്ലാത്തപക്ഷം, ഗ്രേസ് പീരിയഡ് കഴിഞ്ഞിട്ടും യുഎഇയിൽ തുടരുന്ന ഓരോ ദിവസത്തിനും 50 ദിർഹം വീതം പിഴയായി ഈടാക്കും. റസിഡൻസ്, വിസിറ്റ്, ടൂറിസ്റ്റ് തുടങ്ങി ഏതുതരം വീസയുടെ കാലാവധി കഴിഞ്ഞവർക്കും പിഴ 50 ദിർഹമാക്കി ഏകീകരിച്ചിരുന്നു.
വീസ പുതുക്കാനുള്ള അപേക്ഷകളിൽ തെറ്റുകളുണ്ടായിട്ടും അവ തിരുത്താനായി ഒരു മാസത്തിനിടെ ലഭിക്കുന്ന 3 അവസരങ്ങൾ ഉപയോഗിക്കാതിരുന്നാൽ അപേക്ഷ റദ്ദാക്കപ്പെടും.